Top

ഷാജി നടേശന്‍ അഭിമുഖം: മികച്ച സംവിധായകരുടെ അഭാവമില്ല, മലയാളത്തിലും ഒരു കെജിഎഫ് പിറക്കും

21 April 2022 11:42 AM GMT
ജോയ്സി ജോണ്‍സണ്‍

ഷാജി നടേശന്‍ അഭിമുഖം: മികച്ച സംവിധായകരുടെ അഭാവമില്ല, മലയാളത്തിലും ഒരു കെജിഎഫ് പിറക്കും
X

ബാഹുബലി, കെജിഎഫ്, ആര്‍ ആര്‍ ആര്‍ തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം മലയാളത്തില്‍ നിന്നും ഒരു പാന്‍ ഇന്ത്യന്‍ സിനിമ എന്നുണ്ടാകുമെന്ന ചോദ്യവും ഉയർന്നു കഴിഞ്ഞു. എന്നാല്‍, നാല് പതിറ്റാണ്ട് മുന്നേ ആദ്യത്തെ പാന്‍ ഇന്ത്യന്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നുണ്ടായത് മലയാളത്തില്‍ നിന്നാണ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. എങ്കിലും ഇപ്പോള്‍ ഇതര ഭാഷ സിനിമകളുടെ വിജയം ചൂണ്ടിക്കാട്ടി മലയാള സംവിധായകരുടേയും തിരക്കഥാകൃത്തുകളുടേയും പോരായ്മകൊണ്ടാണ് അത് ഇവിടെ സംഭവിക്കാത്തതെന്ന് ഒരു വിഭാഗം ആളുകള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങളോട് റിപ്പോര്‍ട്ടര്‍ ലൈവിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാവ് ഷാജി നടേശന്‍.

കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവും ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2. കന്നഡയില്‍ നിന്ന് കെജിഎഫും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമായി ഒട്ടേറെ ചിത്രങ്ങളും മലയാളത്തില്‍ നിന്ന് കളക്ഷന്‍ നേടുന്നുണ്ട്. ഇതര ഭാഷാ ചിത്രങ്ങള്‍ ഇവിടെയുണ്ടാക്കുന്ന ഇംപാക്ട് നമുക്ക് ദക്ഷിണേന്ത്യയിലെ മറ്റ് ബോക്‌സ് ഓഫീസുകളില്‍ സൃഷ്ടിക്കാന്‍ പറ്റുന്നുണ്ടോ?

മലയാളത്തില്‍ നിന്നും അത്തരത്തില്‍ ഒരു ശ്രമം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എല്ലാ ഭാഷകളില്‍ ഉള്ളവര്‍ക്കും കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു സിനിമയ്ക്കുള്ള ശ്രമം മലയാളത്തില്‍ നിന്നും ഉണ്ടായിട്ടില്ല. പറഞ്ഞ് അസൂയപ്പെട്ടിട്ട് കാര്യമില്ല. വലിയ തുക മുതല്‍ മുടക്കി വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടതിന്റെ റിസള്‍ട്ടാണ് അവര്‍ക്ക് കിട്ടിയിട്ടുള്ളത്. അതുപോലെ നമ്മളും ശ്രമിച്ചാല്‍ നടക്കും. നമ്മുക്ക് നല്ല അഭിനേതാക്കളുണ്ട്, എഴുത്തുകാരുണ്ട്, ടെക്‌നീഷ്യന്‍സുണ്ട്. പേടിച്ച് നില്‍ക്കുകയാണ് നമ്മള്‍. ഇനിയുള്ള കാലത്ത് അത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിബിഐ ഡയറിക്കുറിപ്പ്, സാമ്രാജ്യം പോലുള്ള സിനിമകള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ 150, 200 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടന്ന് റെക്കോര്‍ഡുകള്‍ ഉണ്ടായിട്ടുണ്ട്. എത്ര കളക്ഷന്‍ നേടിയെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ആ സിനിമകള്‍ മലയാളി പ്രേക്ഷകരല്ല കണ്ടിട്ടുള്ളത്, അവിടുത്തെ നാട്ടുകാര്‍ തന്നെയാണ്. ഒരു ഡബ്ബിങ് സിനിമയല്ലാതെ മലയാള സിനിമ അതേ രൂപത്തിലാണ് കണ്ടത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെയുള്ള ശ്രമങ്ങള്‍ ഇവിടെ നിന്നും ഉണ്ടാകുന്നില്ല.

'ഉറുമി'യെന്ന സിനിമയ്ക്ക് ചെറിയ പിഴവ് പറ്റിയിരുന്നു. വിദ്യാ ബാലന്‍, ജനീലിയ, പ്രഭു ദേവ അടക്കമുള്ള താരങ്ങള്‍ ഉണ്ടായിരുന്നത്‌കൊണ്ട്, ചിത്രത്തിന്റെ റിലീസിന് മുമ്പ് ഹിന്ദി, തെലുങ്ക്, തമിഴ് അടക്കമുള്ള ഇന്‍ഡസ്ട്രിയില്‍ നിന്നും മലയാളത്തില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യാന്‍ കഴിയുമോയെന്ന് ചോദിച്ചിരുന്നു. അന്ന് മലയാളത്തിന്റെ റിലീസ് നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നത്‌കൊണ്ട് അതിന് സാധിച്ചില്ല. പൃഥ്വിരാജിന്റെ ആദ്യത്തെ നിര്‍മ്മാണ സംരംഭം കൂടിയായിരുന്നു അത്. തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ലാഭമാകുന്ന ഒരു അവസ്ഥ വന്നിരുന്നത് നഷ്ടപ്പെടുത്തിയിട്ടുണ്ട്.

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം', 'മാമാങ്കം'പോലുള്ള സിനിമകള്‍ വന്നിരുന്നുവെങ്കിലും അതിന്റെ പ്രശ്‌നം എല്ലാം ഒരു പ്രാദേശിക വിഷയമാ ണ് കൈകാര്യം ചെയ്തത്. ഇവിടെയുള്ള അഭിനേതാക്കളാണ് കൂടുതലും ഉണ്ടായിരുന്നത്. അത്തരം ചിത്രങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ആവശയവിനിമയം നടത്താന്‍ കഴിയുന്നില്ല. പൃഥ്വിരാജ്, മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളെ മറ്റ് ഭാഷയിലുള്ളവര്‍ക്ക് അറിയാവുന്ന അവസ്ഥയുണ്ട്. ഇവരെ ഉള്‍പ്പെടുത്തി കേരളത്തില്‍ സംഭവിക്കുന്ന കഥയായി കാണിക്കാതെ ഇന്ത്യയിലെവിടെയും സംഭവിക്കാവുന്ന ഒരു കഥ സിനിമയായി ചെയ്യാം.

പൃഥ്വിരാജ്, ആര്യയയൊക്കെ ഉള്‍പ്പെടുത്തി 'അയ്യപ്പന്‍' എന്ന സിനിമ ചെയ്യുന്നുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ സിനിമയായെത്തുന്ന ചിത്രമാണത്. ഏത് ഭാകളില്‍ ചിത്രീകരണം നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല. ശബരിമലയില്‍ കേരളത്തില്‍ നിന്നുള്ളതിനേക്കാള്‍ ഇതര സംസ്ഥാനങ്ങളില്‍ ഉള്ളവരാണ് കൂടതലായി സന്ദര്‍ശിക്കുന്നത്. അപ്പോള്‍ അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിത കഥ പാന്‍ ഇന്ത്യന്‍ സിനിമയാക്കാനാണ് ശ്രമിക്കുന്നത്. മലയാളത്തില്‍ നിന്നും അത്തരമൊരു പാന്‍ ഇന്ത്യന്‍ സിനിമയുണ്ടാകുമെന്ന വിശ്വാസത്തിലാണ്.

ആദ്യത്തെ പാന്‍ ഇന്ത്യന്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നുണ്ടായത് മലയാളത്തില്‍ നിന്നാണ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. നമുക്കിത് സാധ്യമാണെന്ന് നാല് പതിറ്റാണ്ട് മുന്നേ തന്നെ തെളിയിച്ചതാണല്ലോ?

വലിയ പ്രൊഡക്ഷന്‍ ഹൗസുകളുടെ സ്ട്രീമിംഗ് കാലക്രമേണ അപ്രത്യക്ഷമായി. നവോദയ പോലുള്ള പ്രൊഡക്ഷന്‍ ഹൗസുകള്‍ സിനിമയില്‍ നിന്നും മാറി നിന്നു. നല്ല പ്രൊഡക്ഷന്‍ ഹൗസുകള്‍ ഇല്ലയെന്നത് ഒരു പോരായ്മയായി മാറി. ഇവിടുത്തെ സിനിമകള്‍ മാത്രമെടുത്താല്‍ മതിയെന്ന ലെവലിലേക്ക് കുറച്ച് താഴ്ന്ന് ചിന്തിച്ചു.

ഇനി വരും വര്‍ഷങ്ങളില്‍ പാന്‍ ഇന്ത്യന്‍ ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടാകും. ഒരുപാട് പേര്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. നമ്മുടെ പ്രാദേശിക വിഷങ്ങള്‍ ചര്‍ച്ചചെയ്യുന്ന സിനിമകള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ളവര്‍ക്കും കാണാന്‍ കഴിയുന്ന വിഷയങ്ങള്‍ തെരഞ്ഞടുക്കണമെന്നതാണ്. അയ്യപ്പന്‍ എന്ന സിനിമ അത്തരത്തിലൊന്നാണ്. ഇന്ത്യയ്ക്ക് പുറത്ത് മലേഷ്യയിലും ശ്രീലങ്കയിലും ഒക്കെയുള്ളവര്‍ക്കും ഇടയില്‍ ഒരു വികാരമാണ് അയ്യപ്പന്‍. വലിയ ക്യാന്‍വാസിലും, കാണാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളും വന്നാല്‍ നമ്മുടെ നാട്ടില്‍ നിന്നും ഒരു ഇന്റര്‍നാഷണല്‍ സിനിമ വരും. ആ ശ്രമത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിലാണിപ്പോള്‍. 2023ല്‍ അത് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്തിരന്‍, ബാഹുബലി, ആര്‍ആര്‍ആര്‍, കെജിഎഫ് പോലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ അപൂര്‍വ്വമായി മാത്രമാണ് ഉണ്ടാകുന്നത്? എന്താകും കാരണം?

ബഡ്ജറ്റിന്റെ പ്രശ്‌നമാണ് മലയാളത്തില്‍ നിന്നും ഇത്തരത്തിലുള്ള സിനിമകള്‍ അപൂര്‍വ്വമാകുന്നതിന് കാരണം. വലിയ തുക മുടക്കാന്‍ ധൈര്യമുള്ള പ്രൊഡക്ഷന്‍ കമ്പനികള്‍ മലയാളത്തില്‍ ഇല്ലെന്നതാണ് വിഷയം. ഇത്രയും റിസ്‌ക് എടുത്താല്‍ അത് തിരിച്ച് കിട്ടുമോയെന്ന പേടി എല്ലാവര്‍ക്കും ഉള്ളിലുണ്ട്. വലിയ തുക മുടക്കാന്‍ തയ്യാറാകുന്ന പ്രൊഡക്ഷന്‍ ഹൗസുകള്‍ ഉണ്ടായാല്‍ സിനിമകളും ഉണ്ടാകും.

കെജിഎഫ് ഹിറ്റായതുകൊണ്ട് നാളെ കന്നഡയില്‍ നിന്നും ഉണ്ടാകുന്നതെല്ലാം കെജിഎഫ് ആയിരിക്കണമെന്നില്ല. ചരിത്രത്തില്‍ ആദ്യമായാണ് കന്നഡയില്‍ നിന്നും ഒരു ബിഗ്ബജറ്റ് സിനിമയുണ്ടാകുന്നത്. മലയാളത്തില്‍ നിന്നും അങ്ങനെയൊരു ബിഗ്ബജറ്റ് ചിത്രം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫാന്റസിയും സയന്‍സ് ഫിക്ഷനും പീരിയഡ് ഹിസ്റ്ററിയുമാണ് സാധാരണ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് പ്രമേയമാകാറ്. മലയാളത്തില്‍ അത്തരം ഴോണറുകള്‍ കുറവാകാന്‍ കാരണമെന്താകും?

ബഡ്ജറ്റ് തന്നെയാണ് വിഷയം. ചിത്രത്തിന്റെ എഴുത്ത് പോലും ബജറ്റിനുള്ളില്‍ നില്‍ക്കുന്ന രീതിയിലാണ്. എം ടിയുടെയും ലോഹിതദാസിന്റെയും പിന്‍മുറക്കാരായാണ് ഇവിടെ പലരും നില്‍ക്കുന്നത്. അവര്‍ക്കും പരിമിതികളുണ്ട്. ഉറുമിയെന്ന സിനിമ ചെയ്തപ്പോള്‍ ബഡ്ജറ്റ് നോക്കിയിരുന്നില്ല. എന്നാല്‍ താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ ബഡ്ജറ്റാണ് അന്ന് ആ സിനിമയ്ക്ക് വന്നത്. വരും വര്‍ഷങ്ങളില്‍ മലയാളത്തില്‍ നിന്നും നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള സിനിമയുണ്ടാകും.

മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ നായകനാക്കി ഒരു 150 200 കോടി ബജറ്റ് ചിത്രം എന്നുണ്ടാകും? അത്രയും തുക നമുക്ക് കേരളത്തില്‍ നിന്നും പുറത്തുനിന്നുമായി കളക്ട് ചെയ്യാനാകില്ലേ?

മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ നായകനാക്കി ഒരു ബിഗ്ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അവരും കൂടി ഭാഗമാകുന്ന സിനിമകയുണ്ടാകാം. മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ നായകമാക്കി 150-200 കോടി ബഡ്ജറ്റിന്റെ സിനിമയെടുക്കുക റിസ്‌കാണ്. ദുല്‍ഖര്‍, പൃഥ്വിരാജ്, ടൊവിനോയെപ്പോലുള്ള താരങ്ങള്‍ ഇന്ത്യയാകെ അറിയുന്ന താരങ്ങളായി മാറിയിട്ടുണ്ട്. എല്ലാവരും ഉള്‍പ്പെടുന്ന വലിയ സിനിമ ഉണ്ടായാല്‍ നന്നായിരിക്കും.

ഓള്‍ ഇന്ത്യ ലെവലില്‍ റിലീസ് ചെയ്യാവുന്ന ഒരു അവസ്ഥയുണ്ടാകണം. പ്രമേയം കണ്ടെത്തുകയും പരിചിതമായ അഭിനേതാക്കള്‍ ഉള്‍പ്പെടുകയും വേണം. അങ്ങനെയായാല്‍ തുക സിനിമയ്ക്ക് കളക്ട് ചെയ്യാനാകും.

മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന നടന്‍മാരുടെ ചിത്രങ്ങള്‍ പോലും റിലീസ് ദിനം മുതല്‍ ഡീഗ്രേഡിങ്ങ് നേരിടുന്നുണ്ട്. ഇത് ഇന്‍ഡസ്ട്രിയുടെ മുന്നോട്ടുപോക്കിനെ ബാധിക്കുമോ?

ഡീഗ്രേഡിങ്ങ് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയം പോലെ സിനിമയിലും അവസ്ഥയുണ്ട്. നല്ല സിനിമയാണെങ്കില്‍ എന്ത് ഡീഗ്രേഡിങ്ങ് ഉണ്ടെങ്കിലും സിനിമയെ അത് ബാധിക്കുന്നില്ല. നല്ല സിനിമയാണെങ്കില്‍ തിയേറ്ററില്‍ കളക്ഷന്‍ ഉണ്ടാകും. ഭീഷ്മപര്‍വ്വം അത്തരത്തിലൊരു സിനിമയാണ്. പുലിമുരുകന്‍, ലൂസിഫര്‍ തിയേറ്ററില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. രണ്ട് സൂപ്പര്‍ താരങ്ങളുടെയും സിനിമകളും മോശമായ രീതിയില്‍ പോവുകയും ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ ഡീഗ്രേഡിങ് കൊണ്ട് വീണുപോയ സിനിമകള്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. സിനിമ മോശമായത്‌കൊണ്ട് തന്നെയാണ് അങ്ങനെ സംഭവിച്ചിട്ടുള്ളത്.

ഒടിടി മുഖാന്തിരം രാജ്യാന്തര തലത്തില്‍ തന്നെ മലയാള സിനിമ ശ്രദ്ധ നേടുന്നുണ്ട്. പാന്‍ ഇന്ത്യന്‍ ഹിറ്റടിക്കാവുന്ന ഒരു ഇന്‍ഡസ്ട്രിയായി മാറാന്‍ മലയാളത്തിന് അത്ര ബുദ്ധിമുട്ടേണ്ടി വരില്ലല്ലോ?

നായാട്ട് തിയേറ്ററില്‍ അധികം കളക്ഷന്‍ ലഭിക്കാത്ത ഒരു സിനിമയായിരുന്നു. എന്നാല്‍ പിന്നീട് ഐഎംഡിബി റേറ്റിങില്‍ ഇന്ത്യയില്‍ ഒന്നാമതായി. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും അഭിനയിച്ച നായാട്ട് ഒരു ചെറിയ സിനിമയായിരുന്നിട്ട് കൂടി ഇന്ത്യമൊത്തം ചര്‍ച്ച ചെയ്യപ്പെട്ടു. അതുപോലെ മറ്റൊരു ചിത്രമാണ് ടൊവിനോ തോമസിന്റെ 'മിന്നല്‍ മുരളി'. സിനിമ 166 ഭാഷകളിലേക്ക് മൊഴിമാറ്റിയെന്നാണ് അറിയാന്‍ സാധിക്കുന്നത്. പാന്‍ ഇന്ത്യന്‍ ഹിറ്റടിക്കാവുന്ന ഒരു ഇന്‍ഡസ്ട്രിയായി മാറാന്‍ മലയാളത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

സമീപകാലത്ത് ആര്‍ആര്‍ആറും കെജിഎഫ് രണ്ടാം ഭാഗവും നേടിയ വിജയം ചൂണ്ടി മലയാള സംവിധായകരുടേയും തിരക്കഥാകൃത്തുകളുടേയും പോരായ്മകൊണ്ടാണ് അത് ഇവിടെ സംഭവിക്കാത്തതെന്ന് ഒരു വിഭാഗമാളുകള്‍ വിമര്‍ശിക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങളോട് എന്താണ് പറയാനുള്ളത്?

കഴിവുള്ള സംവിധായകരും തിരക്കഥാകൃത്തുക്കലും ഉള്ള ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ മികച്ച സംവിധായകരുണ്ട്. പക്ഷേ ബഡ്ജറ്റിന്റെ പ്രശ്‌നംകൊണ്ടാണ് അതുപോലുള്ള സിനിമകള്‍ ഉണ്ടാകാത്തത്. ബലിയ ബഡ്റ്റുള്ള സിനിമകള്‍ ചെയ്യാന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തയ്യാറായാല്‍ 2023 ല്‍ നാലോ അഞ്ചോ സിനിമകള്‍ സംഭവിക്കുമെന്നാണ് കരുതുന്നത്.

Story Highlights; Interview with producer Shaji Nadesan on pan Indian movies

Next Story

Popular Stories