Top

വലിമൈയില്‍ ഉണ്ടെന്ന് ആരോടും പറഞ്ഞില്ല, ഞാന്‍ കാണുമെന്ന് ഉറപ്പില്ലായിരുന്നു

സിനിമ ഞാൻ തിയേറ്ററിൽ പോയി കണ്ടപ്പോഴാണ് എന്റെ കഥാപാത്രം ഇത്രയും വലുതാണ് എന്നും തുടക്കം മുതൽ അവസാനം വരെ ഉണ്ടെന്നും അറിയുന്നത്

2 March 2022 9:04 AM GMT
അമൃത രാജ്

വലിമൈയില്‍ ഉണ്ടെന്ന് ആരോടും പറഞ്ഞില്ല, ഞാന്‍ കാണുമെന്ന് ഉറപ്പില്ലായിരുന്നു
X

ഡബ്ബിങിലൂടെയും പരസ്യ സംവിധാനത്തിലൂടെയും ചെറിയ വേഷങ്ങളിലൂടെയും മലയാള സിനിമയുടെയെത്തിയ താരമാണ് ദിനേശ് പ്രഭാകർ. ഇപ്പോൾ തമിഴിൽ വൻവിജയമായി മാറിക്കൊണ്ടിരിക്കുന്ന എച്ച് വിനോദിന്റെ അജിത് ചിത്രം 'വലിമൈ'യിൽ ഡിസിപി രാജംഗം എന്ന ഒരു മുഴുനീള കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. അജിത്തും ദിനേശുമായുള്ള ഒന്നിച്ചെത്തുന്ന സീനുകൾ തിയേറ്ററിൽ കൈയടി നേടിക്കഴിഞ്ഞു. ഇപ്പോൾ അജിത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെയും വലിമൈയുടെ ചിത്രീകരണ അനുഭവവും റിപ്പോർട്ടർ ലൈവിനോട് പങ്കുവയ്ക്കുകയാണ് ദിനേശ് പ്രഭാകർ.

'വലിമൈ'യിലേക്കുള്ള ക്ഷണം ലഭിച്ചത് എങ്ങനെയായിരുന്നു?

വലിമൈയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹം തന്നെയാണ്. അജിത്തിനെ പോലെ ഒരു സൂപ്പർ താരത്തിനൊപ്പം ഒരു ബിഗ് ബജറ്റ് സിനിമയിൽ അഭിനയിക്കാനുള്ള സാധ്യത എന്നെ സംബന്ധിച്ച് വളരെ കുറവാണ്. കാരണം ഡിമാൻഡിങ് ആയിട്ടുള്ള ആർട്ടിസ്റ്റൊന്നുമല്ല ഞാൻ. പ്രത്യേകിച്ച് തമിഴിലൊക്കെ എങ്ങനെയാണ് എത്തുക എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. നമുക്കവിടെ മാനേജർമാരോ വേണ്ട ബന്ധങ്ങളോ ആരുമായും മുൻപരിചയമോ ഒന്നും ഉണ്ടായിരുന്നില്ല.

ഇതിനു മുൻപ് ഇതേ സംവിധായകന്റെ 'നേർകൊണ്ട പാർവൈ' എന്ന ചിത്രത്തിൽ ഗസ്റ്റ് റോൾ ചെയ്തിരുന്നു. എന്നാൽ അതിൽ അജിത്തുമായി ഒരുമിച്ചുള്ള സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനു ശേഷം യാദൃശ്ചികമായാണ് ഈ സിനിമയിലേക്കുള്ള കോൾ വരുന്നത്. അന്ന് രണ്ട് മൂന്ന് ദിവസത്തെ വർക്ക് മാത്രമേ ഒള്ളു എന്ന് പറഞ്ഞാണ് വിളിക്കുന്നത്. സിനിമ എച് വിനോദിന്റേതെന്നും, അജിത് നായകനാണ് എന്നൊക്കെ കേട്ടപ്പോൾ എന്താണ് പടം എന്ന് പോലും ചോദിച്ചില്ല. അവിടെ ചെന്നതിനു ശേഷമാണ് പൊലീസ് വേഷമാണ് എന്നും അജിത് തന്റെ ഓപ്പോസിറ്റ് നിൽക്കുന്ന കഥാപാത്രമാണ് എന്നൊക്കെ അറിയുന്നത്.

കൊവിഡിന് മുൻപ് ഷൂട്ട് തുടങ്ങിയ ചിത്രമാണ് 'വലിമൈ'. കൊവിഡ് കൂടിയപ്പോൾ പല ഷെഡ്യൂളുകളിലായി ഷൂട്ട് മാറ്റിയിരുന്നു. ലോക്ക്ഡൗൺ വന്നപ്പോൾ ഷൂട്ട് മുടങ്ങുകയും വീണ്ടും തുടങ്ങുകയുമൊക്കെ ചെയ്‌തു. അങ്ങനെ പല സമയക്രമത്തിലാണ് ചിത്രീകരണം പൂർത്തിയായത്. ആ സമയത്തു നല്ല വർക്ക് പ്രഷർ ഉണ്ടായിരുന്നു. എന്നിരുന്നാലും ഇത്രയും പ്രതീക്ഷ ഈ ചിത്രത്തിനുണ്ടാകാൻ കാരണം, മൂന്ന് വർഷത്തിന് ശേഷമാണ് അജിത്തിന്റെ ഒരു പടം റിലീസ് ആകുന്നത് എന്നതുകൊണ്ടും ആരാധകർ കാത്തിരിക്കുന്നതുകൊണ്ടുമാണ്. ഫാൻസിനെ തൃപ്തിപ്പെടുത്തുന്നതാണ് അതിലെ ആക്ഷൻ സീക്വൻസ്, അതുകൊണ്ട് 'വലിമൈ' ഇന്ത്യയിലെ ഒരു മികച്ച ആക്ഷൻ ചിത്രമാണ് എന്ന് പറയാം. അങ്ങനെ ഒരു ലെവലിലേക്ക് സിനിമ ഇപ്പോൾ എത്തിയിട്ടുണ്ട്.

സിനിമ തിയേറ്ററിൽ കണ്ടപ്പോൾ ഉണ്ടായ അനുഭവം?

സിനിമ ഞാൻ തിയേറ്ററിൽ പോയി കണ്ടപ്പോഴാണ് എന്റെ കഥാപാത്രം ഇത്രയും വലുതാണ് എന്നും തുടക്കം മുതൽ അവസാനം വരെ ഉണ്ടെന്നും അറിയുന്നത്. റിലീസിന് മുൻപ് കാണാനുള്ള അവസരം ഇവിടുത്തെപ്പോലെ അവിടെ ഇല്ലായിരുന്നു. ഡബ്ബിങ്ങിന് പോകുമ്പോൾ ആ ഭാഗങ്ങൾ കാണുന്നതല്ലാതെ സിനിമയുടെ ശരിക്കും കഥ എന്താണ് എന്ന് പോലും അറിയില്ലായിരുന്നു. സിനിമയെ കുറിച്ച് ഞാൻ ഒരു പ്രീ പബ്ലിസിറ്റി പോലും നൽകാതിരുന്നതിന്റെ പ്രധാന കാരണം ഇതാണ്. എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു സിനിമ വരുമ്പോൾ ഞാൻ അഭിനയിച്ച സീൻസൊക്കെ അതിൽ കാണുമോ എന്നും എത്രത്തോളം ഉണ്ടാകുമെന്നും. അജിത്തിന്റെ കൂടെ അഭിനയിച്ചു എന്നൊക്കെ പറഞ്ഞിട്ട് തിയേറ്ററിൽ പോയി എല്ലാവരും സിനിമ കാണുമ്പോൾ ഞാൻ അതിൽ ഇല്ലങ്കിൽ അതും നാണക്കേടല്ലേ. അതുകൊണ്ട് ഒരിടത്തും ഞാൻ ഈ വാർത്ത കൊടുത്തിട്ടുണ്ടായിരുന്നില്ല. സിനിമ കണ്ടപ്പോഴാണ് ഇത്രയും വലിയ ബ്രഹ്മാണ്ഡ ചിത്രത്തിലാണ് ഞാൻ ചെയ്തതെന്ന് മനസിലാകുന്നത്. ചെന്നൈയിൽ ഞാൻ പോയിരുന്നു. അവിടുത്തെ ഫാൻസിനൊപ്പം പടം കണ്ടു. സിനിമയുടെ രണ്ടാം പാതിയിലും ക്ലൈമാക്സിലുമൊക്കെ ചിരിയും കയ്യടിയുമൊക്കെ ലഭിച്ചിരുന്നു. അതൊക്കെ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. പലരും വിളിച്ചു പറഞ്ഞത്, മലയാളത്തിൽ പോലും ലഭിക്കാത്ത ഒരു സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത് എന്നാണ്. എന്നിരുന്നാലും എനിക്കിപ്പോഴും മലയാളത്തിൽ തന്നെ കൂടുതൽ നല്ല വേഷങ്ങൾ കിട്ടണമെന്നാണ് ആഗ്രഹം.

തമിഴിൽ നിന്ന് ഡിസിപി രാജാംഗത്തിനു ലഭിച്ച പ്രതികരണം എങ്ങനെയുണ്ടായിരുന്നു?

തമിഴൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെന്നൈയിലെ ഫാൻസ്‌ ഷോയ്ക്ക് ഞാൻ പോയിരുന്നു. ഇവിടുത്തേക്കാളും ഗംഭീര റെസ്പോൺസ് ആണ് അവിടെ നിന്ന് ലഭിച്ചത്. ഫാൻസൊക്കെ കേറി കണ്ടതുകൊണ്ടായിരിക്കും നല്ല കൈയടിയുണ്ടായത്. എന്നിരുന്നാലും ഞാൻ അഭിനയിച്ച രംഗങ്ങൾക്കൊക്കെ ചിരിയും കയ്യടിയുമൊക്കെ ഉണ്ട് എന്ന് പറഞ്ഞ് ഇപ്പോഴും ഫോൺ കോളുകൾ വരാറുണ്ട്.

അഭിനേതാവാകുന്നതിന് മുൻപ് കാസ്റ്റിംഗ് ഡയറക്ടറായുള്ള ജോലിയെക്കുറിച്ച് ?

ഞാൻ ആദ്യം സിനിമയിലേക്ക് വരുന്നത് ഒരു ഡബ്ബിങ് ആർട്ടിസ്റ്റായിട്ടാണ്. ആർട് ഡയറക്ഷനും ഉണ്ടായിരുന്നു. വിനീത് ശ്രീനിവാസൻ പറഞ്ഞതുകൊണ്ട് മാത്രം സംഭവിച്ച ഒന്നാണ് കാസ്റ്റിംഗ് ഡയറക്ഷൻ. ഞാൻ സിനിമയിൽ ഒരുപാട് അവസരത്തിന് വേണ്ടി ഓടിനടന്നിട്ടുണ്ട്. വർഷങ്ങളോളം നടന്നു. എല്ലാം നിർത്തി പോകാമെന്ന് പോലും ചിന്തിച്ചു. ഇന്നത്തെ പോലെ അന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ റിയാലിറ്റി ഷോകളോ ടിക് ടോക് റീൽസോ ഒന്നുമില്ലാത്ത കാലഘട്ടമാണ് അന്ന്. അപ്പോൾ ഒരാൾക്ക് അഭിനയിക്കാൻ ഒരു അവസരം കിട്ടുക എന്നുപറഞ്ഞാൽ വളരെ ബുദ്ധിമുട്ടുള്ള ഒരു സമയം കൂടെയാണ്. ആ ബുദ്ധിമുട്ടുകൾ അറിയാവുന്നത് കൊണ്ട് തന്നെ പുതുതായി വരുന്ന ആളുകൾക്ക് എങ്ങനെയൊരു അവസരം കിട്ടാം എന്നുള്ളതിന് വേണ്ടിയുള്ള ഒരു തുടക്കം കൂടിയായിരുന്നു കാസ്റ്റിംഗ്.

സിനിമ വേണ്ടായിരുന്നു എന്ന് ചിന്തിച്ചു തുടങ്ങിയത് എപ്പോഴായിരുന്നു?

അവസരങ്ങൾ കിട്ടാതെ വരുകയും പ്രതിഫലം ലഭിക്കാതെ വരുകയും ഒക്കെ ചെയ്ത നിരവധി സന്ദർഭങ്ങളിൽ തോന്നിയിട്ടുണ്ട്, എല്ലാം നിർത്തി പോകാമെന്ന്. എന്നാൽ അതെല്ലാം സഹിച്ച് നിന്നാൽ മാത്രമേ നമുക്ക് ഈ രംഗത്ത് പിടിച്ചു നിൽക്കാൻ കഴിയു. ഇപ്പോഴും ഇങ്ങനൊക്കെ തന്നെയാണ് തുടർന്നു കൊണ്ടിരിക്കുന്നത്. മലയാളത്തിൽ ഇതുവരെ അത്തരത്തിലുള്ള ഒരു കഥാപത്രം വന്നില്ല എന്ന തോന്നൽ എനിക്ക് ഇപ്പോഴുമുണ്ട്. പലരും പറയാറുമുണ്ട്. അങ്ങനെയൊരു കഥാപാത്രത്തിനായി ഇപ്പോഴും ഞാൻ കാത്തിരിക്കുകയാണ്. എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ട് എന്ന് പറയും പോലെ. അതിനിടക്ക് വച്ച് നിർത്തിപോകാതിരിക്കാൻ വേണ്ടി വരുമാന മാർഗമായി ഡബ്ബിങ്ങും ആഡ് ഫിലിം മേക്കിങ്ങും ഒക്കെ ഉണ്ടായിരുന്നു. അതിലൂടെ പിടിച്ചു നിന്ന്.

അന്ന് പരസ്യ കമ്പനിയുടെ പങ്കാളികളായിരുന്ന ജിസ് ജോയിയും സിജോയിയുമൊക്കെ ഇപ്പോൾ സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയാണ് ആ സൗഹൃദം എങ്ങനെയായിരുന്നു?

കേരളത്തിലുള്ള പ്രമുഖ ബ്രാൻഡുകൾക്ക് വേണ്ടി പരസ്യ ചിത്രം ചെയ്യാൻ ഞങ്ങളുടെ ആഡ് കമ്പനിയിലൂടെ സാധിച്ചിട്ടുണ്ട്. നല്ലൊരു സൗഹൃദം കൂടി അതിനോടൊപ്പം ഉണ്ടായി. അത് ഇപ്പോഴും ഞങ്ങൾ കാത്തുസൂക്ഷിക്കുന്നു. ഞങ്ങൾ കമ്പനിയിൽ നിന്ന് പിരിഞ്ഞു എന്നെയൊള്ളു. ജിസ് ജോയ് അറിയപ്പെടുന്ന ഒരു സംവിധായകനായി മാറി, ഞാൻ അഭിനയ രംഗത്തേക്ക് വന്നു, സിജോയിയും, ഒരാൾ ആഡ് ഫിലിം കമ്പനി തന്നെ നടത്തുന്നു. അന്ന് ഒരുമിച്ച് ഞങ്ങൾ വർക്ക് ചെയ്യുന്നതും സിനിമ ഫീൽഡുമായി കണക്ട് ചെയ്‌തുകൊണ്ടാണ്. മമ്മൂക്കയെയും, ലാലേട്ടനെയും വരെ ഉൾപ്പെടുത്തി ഞങ്ങൾ പരസ്യം ചെയ്തു. ലാലേട്ടന്റെ എംസിആർ മുണ്ട് പോലുള്ള ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചു. അത് സംവിധാന രംഗത്തേക്കുള്ള ഒരു ചുവടുവെപ്പ് കൂടെയായിരുന്നു. എന്നെങ്കിലും ഒരു പടം സംവിധാനം ചെയ്യണം എന്ന് കൂടി ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോൾ ആദ്യത്തെ പരിഗണന അഭിനയം തന്നെയാണ്. എന്നോട് പലരും ചോദിച്ചിട്ടുണ്ട് ഞാൻ സ്കൂൾ ഓഫ് ഡ്രാമയാണോ എന്ന്, എന്റെ ലൈഫ് തന്നെയാണ് സ്കൂൾ ഓഫ് ഡ്രാമ എന്ന് ഞാൻ മറുപടി പറയും. പല ജോലികൾ ചെയ്ത് അലഞ്ഞു നടന്നു. കേരളത്തിന് പുറത്തും ജോലി തേടി നടന്ന സമയത്ത് ഞാൻ കുറച്ചു ഭാഷ കൂടി പഠിച്ചു. അതുകൊണ്ട് ഇപ്പോൾ കുറച്ചു ഹിന്ദി പടങ്ങളും തമിഴും ഒക്കെ ചെയ്യാൻ സാധിക്കുന്നുണ്ട്. അതും ഒരു നേട്ടം തന്നെയാണ്. ഈ അനുഭവങ്ങളൊക്കെയാണ് ഞാൻ സിനിമയിലും ഉപയോഗിക്കുന്നത്.

വലിമൈയിൽ അജിത്തിനെ ഒരു തരത്തിൽ ചൊറിയുന്ന ഒരു കഥാപാത്രമാണ് ഡിസിപി രാജാംഗത്തിന്റേത്. വില്ലനിൽ ഹ്യുമർ കൂടി കലർന്ന കഥാപാത്രമാണ്. എങ്ങനെയായിരുന്നു, അങ്ങനെ ഒരു കഥാപാത്രത്തിന്റെ മേക്കിങ്?

നമ്മുടെ ഒരു ശരീരബലം വച്ച് അജിത്തിനോടൊപ്പം ഇടിച്ചു നിൽക്കുന്നത് നടക്കുന്ന കാര്യമല്ല. അങ്ങനെ അദ്ദേഹത്തിനെതിരെ നിന്ന് ഇടിക്കുന്ന ഒരു കഥാപാത്രമായി നമ്മളെ നിർത്താനും ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് അജിത്തിനെ ചൊറിയുന്ന കുറച്ച് ഹ്യൂമർ കലർന്ന സ്വഭാവമുള്ള കഥാപാത്രമാണെങ്കിൽ നല്ലതാണെന്നു എനിക്കും തോന്നി. ഡയറക്ടറും അത് ശരിവച്ചു. എന്നോട് അത് ചെയ്തു കാണിക്കാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് ഡിസിപി രാജാംഗം ഹ്യൂമർ ടച്ചുള്ള ഒരു കഥാപാത്രമായി മാറിയത്. ഡബ്ബിങ്ങും ഞാൻ തന്നെ വേണമെന്ന് സംവിധായകന് നിർബന്ധമായിരുന്നു. നേരത്തെയും ചില തമിഴ് സിനിമകളിൽ ഞാൻ ഡബ് ചെയ്തിട്ടുണ്ട്. ഈ കഥാപാത്രം ഒരു പക്കാ തമിഴനാണ്, അതുകൊണ്ട് തമിഴ് ശൈലിയിൽ ഞാൻ സംസാരിക്കുമ്പോൾ മലയാളം ടച്ച് കയറി വരും. എന്നാൽ അവർ എനിക്ക് വേണ്ടി ഒരാളെ സ്പെഷ്യലായി തന്നു. പല തമിഴ് വാക്കുകളുടെ ഉച്ചാരണവും ചില വാക്കുകളുടെ നീട്ടലും ചുരുക്കളുമൊക്കെ പറഞ്ഞു തന്ന് സമയമെടുത്താണ് ഡബ്ബ് ചെയ്തത്.

അജിത്തുമായുള്ള ഷേക്ക്ഹാൻഡ് രംഗത്തിനു ലഭിച്ച കൈയടി, അത് അഭിനയിക്കുമ്പോൾ പ്രതീക്ഷിച്ചിരുന്നോ?

ആ സീൻ എടുക്കുമ്പോൾ ഇത്രയും സ്വീകാര്യത അതിനു ലഭിക്കുമെന്ന് കരുതിയില്ല. അജിത്തിന് ഷേക്ക്ഹാൻഡ് കൊടുക്കുന്ന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. ആ സമയത്ത് നേരെ തിരിച്ചു ഒരു സീൻ അത്തരത്തിൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്നോട് പറഞ്ഞുമില്ല. മലയാളത്തിലാണെങ്കിൽ സധാരണയായി തിരക്കഥയൊക്കെ വായിച്ചു നോക്കും. പക്ഷെ തമിഴ് അറിയാത്തതു കൊണ്ട് സ്ക്രിപ്റ്റ് വാങ്ങിച്ചു വായിക്കാനും പറ്റുകയുമില്ല അധികം അവരെ കയറി ചോദ്യം ചെയ്യാനും കഴിയില്ല. ഷേക്ക്ഹാൻഡ് കൊടുക്കുന്ന സീൻ എടുത്തപ്പോൾ വളരെ സന്തോഷമായിരുന്നു. അജിത്തിനെ ഡീ പ്രമോട്ട് ചെയ്യുന്ന ഒരു രംഗമാണല്ലോ അത്. പിന്നീട് കുറച്ചു ദിവസം കഴിഞ്ഞാണ് തിരിച്ചു ഷേക്ക്ഹാൻഡ് തരുന്ന രംഗം എടുക്കുന്നത്. അപ്പോഴാണ് മനസിലായത് ഇത് ഒരു ഹീറോയിക്ക് പരിപാടിയാണ് എന്ന്. അത് തിയേറ്ററിൽ നിറഞ്ഞ കൈയടി നേടിത്തരുകയും ചെയ്തു.

അജിത്തിന്റെ കൂടെയുള്ള അഭിനയ നിമിഷങ്ങളെ കുറിച്ച് ?

ടെൻഷൻ ഉണ്ടായിരുന്നു ആ സമയത്ത്. കാരണം, ആദ്യ ദിവസം ചെന്നപ്പോൾ അജിത്തുമായി കയർത്ത് സംസാരിക്കുന്ന ഒരു രംഗമാണ് ഷൂട്ട് ചെയ്യാൻ പോകുന്നതെന്ന് അവർ പറഞ്ഞു. അജിത്തിന്റെ കൂടിയാണ് എന്ന് കേട്ടപ്പോൾ തന്നെ എന്റെ ശ്വാസം പോയിരുന്നു. അത് കൂടാതെ അദ്ദേഹത്തിനോട് ദേഷ്യപ്പെട്ട് സംസാരിക്കണം എന്ന് കൂടി പറഞ്ഞപ്പോൾ അതിലും ടെൻഷനായി. പക്ഷെ ഞാൻ ധൈര്യം സംഭരിച്ചു ചെന്നു. എന്നാൽ അദ്ദേഹം എന്നെ ഞെട്ടിച്ചു. എന്നെ കണ്ട ഉടനെ തന്നെ അടുത്ത് വന്നു, '' ഹലോ ഐ ആം അജിത് കുമാർ'' എന്ന് പറഞ്ഞ് ഇങ്ങോട്ടു ഷേക്ക് ഹാൻഡ് തന്നു. ഞാൻ ആകെ വല്ലാതെയായി. പിന്നീട് കുറെ സംസാരിച്ചു. നാടും വീടും ഫാമിലിയുടെ പേര് വരെയും ചോദിച്ചറിഞ്ഞു. അങ്ങനെ സീൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഞങ്ങൾ പരിചയത്തിലായി. അജിത്തിന്റെ ഒരു രീതി തന്നെയാകാം ഇത്. അദ്ദേഹത്തിന് തന്നെ അറിയാം, ഓപ്പോസിറ്റ് അഭിനയിക്കാൻ വരുന്ന ആർട്ടിസ്റ്റ് 'അജിത്' എന്ന അഭിനേതാവിനോട് പേടി വന്നാൽ നന്നായി അഭിനയിക്കാൻ കഴിയില്ല എന്ന്. മാത്രമല്ല സജഷൻ ഷോട്ടിലും ക്യൂ ഡയലോഗുമൊക്കെ വന്നാൽ ചില നടന്മാരൊന്നും പുറകിൽ നിൽക്കില്ല. എന്നാൽ അജിത് അങ്ങനെയല്ല, അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമേ സ്‌ക്രീനിൽ വരൂ എങ്കിലും ക്ഷമയോടെ അദ്ദേഹം നിൽക്കാറുണ്ട്. അതൊക്കെ ആയപ്പോൾ ആദ്യത്തെ ദിവസം തന്നെ പേടിയും ഭയവുമൊക്കെ അങ്ങ് പോയി. സെറ്റിലെ എല്ലാവരോടും അദ്ദേഹം അങ്ങനെയാണ്. അദ്ദേഹം വന്നാൽ സെറ്റിന് തന്നെ മൊത്തത്തിൽ ഒരു പോസിറ്റീവ് എനർജിയാണ്.

അജിത്തിന്റെ ഓഫ് സ്ക്രീൻ ഓൺ സ്ക്രീൻ പ്രസൻസ് എങ്ങനെയാണ്?

എല്ലാവരും അദ്ദേഹത്തെ കുറിച്ച് പോസിറ്റീവ് ആയും അജിത് ഡൗൺ ടു എർത്ത് ആണ് എന്ന് പറഞ്ഞിട്ടും കേട്ടിട്ടും ഉണ്ടെങ്കിലും അത് നേരിട്ട് അനുഭവിച്ചറിഞ്ഞപ്പോഴാണ് ഒരു ശതമാനം പോലും കള്ളമില്ല എന്ന് മനസിലായത്. ഞാൻ കരുതിയത് ഇത് ഒന്നോ രണ്ടോ ദിവസം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാണ്, പക്ഷെ എത്ര ഷെഡ്യൂൾ കണ്ടോ അത്രെയും ഷെഡ്യൂളിൽ അദ്ദേഹം ഒരുപോലെയാണ്. മറ്റൊരു കാര്യം, അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ ആണ്. റാമോജി റാവു ഫിലിം സിറ്റിയിൽ നിന്ന് 68 കിലോമീറ്റർ ദൂരെയുള്ള ഹോട്ടലിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഒരു ദിവസം ഞങ്ങൾ സെറ്റിലേക്ക് പോകുമ്പോൾ ഞങ്ങളുടെ വണ്ടിയുടെ സമാന്തരമായി അദ്ദേഹം സൈക്കിളിൽ പോകുകയാണ്. അപ്പോൾ ഞാൻ കരുതി ഇത് ഒരു ഹോബിക്കു വേണ്ടി ചെയ്യുന്നതാണ് എന്ന്. പക്ഷെ അദ്ദേഹം ഫിലിം സിറ്റി വരെ ആ സൈക്കിളിലാണ് വന്നത്. അത്രയും ദൂരം അദ്ദേഹം സൈക്കിൾ ചവിട്ടി കൃത്യ സമയത്ത് തന്നെ ലൊക്കേഷനിൽ എത്തി. അതുപോലെയാണ് ബൈക്ക് സ്റ്റണ്ട്. അദ്ദേഹം ബൈക്കിൽ നിന്ന് തെറിച്ചു വീഴുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ വീഴ്ചയിൽ കയ്യിൽ പരിക്കുണ്ടായിട്ടും അദ്ദേഹം ഒരു ബാൻഡേജ് ചുറ്റി വീണ്ടും ടേക്ക് എടുക്കാം എന്ന് പറഞ്ഞു. ചിലപ്പോൾ മറ്റാരെങ്കിലുമായിരുന്നെങ്കിൽ ആ ദിവസത്തെ ഷൂട്ട് നിർത്തി വച്ചേനെ. ഇത് ഞാൻ നേരിട്ട് കണ്ടതാണ്. സിനിമയിൽ മിക്ക സ്റ്റണ്ടും അദ്ദേഹം തന്നെയാണ് ചെയ്തത്. ഡ്യൂപ് സ്ഥലത്തുണ്ടെങ്കിൽ പോലും റിഹേഴ്സലിന് ഡ്യൂപ് ചെയ്തിട്ട് ടേക്ക് വരുമ്പോൾ അദ്ദേഹം ചെയ്യും.

മലയാളത്തിലും അല്ലാതെയുമായി ഏതൊക്കെ സിനിമകളാണ് ഇനി ഉള്ളത്?

തമിഴിൽ നിന്ന് കോളുകൾ വരുന്നുണ്ട്, പക്ഷെ ഒന്നും തീരുമാനിച്ചിട്ടില്ല. ഇനി വരാനുള്ളത് രണ്ട് ഹിന്ദി സീരീസുകളാണ്. ആമസോൺ പ്രൈമിലാണ്. അതിലൊന്ന് ദാവൂദ് ഇബ്രാഹിമിന്റെ കഥയാണ്. കൂടാതെ 'റോക്കട്രി' എന്ന സിനിയമയുണ്ട്. അതിലും പ്രധാന വേഷമാണ് ചെയ്യുന്നത്. ഷാരൂഖ് ഖാനും പ്രധാന വേഷം ചെയ്യുന്നുണ്ട്. മലയാളത്തിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് 'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന ചിത്രമാണ്. കൂടാതെ അനൂപ് മേനോൻ സംവിധാനം ചെയ്ത 'പത്മ' എന്ന സിനിമ കൂടി പുറത്തിറങ്ങാനുണ്ട്. 'വലിമൈ'യ്ക്ക് ശേഷം മലയാളത്തിൽ നിന്ന് ഒരു കോൾ വരുമെന്ന പ്രതീക്ഷിയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ.

Story highlights: Interview with Dhinesh Prabhakar/ valimai movie

Next Story