Top

അടി, തമാശ, പാട്ട്; ഇത്തരമൊരു ലാലേട്ടന്‍ മാസ് വര്‍ഷങ്ങള്‍ക്ക് ശേഷം

ആറാട്ടിന്റെ വിശേഷങ്ങൾ റിപ്പോർട്ടർ ലൈവിനോട് പങ്കുവെക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.

7 Feb 2022 11:12 AM GMT
ജോയേല്‍ സ്റ്റാലിന്‍

അടി, തമാശ, പാട്ട്;    ഇത്തരമൊരു ലാലേട്ടന്‍ മാസ് വര്‍ഷങ്ങള്‍ക്ക് ശേഷം
X

മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം 'ആറാട്ട്' റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിനായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയുടെ ട്രെയ്‌ലറിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. ആറാട്ടിന്റെ വിശേഷങ്ങൾ റിപ്പോർട്ടർ ലൈവിനോട് പങ്കുവെക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.

ആറാട്ട് പറയുന്ന തീം.

ഭയങ്കരമായ ഒരു കഥ പറയുന്ന സിനിമയല്ല ആറാട്ട്. മൂന്നോ നാലോ വർഷം കൂടുമ്പോൾ മലയാളത്തിൽ മാസ് മസാല സിനിമ വന്നു പ്രേക്ഷകരെ രസിപ്പിച്ചു പോകും. അതൊന്നും എക്കാലവും പ്രേക്ഷകൻ ഓർത്തിരിക്കുന്നത് ആയിരിക്കില്ല. എന്നാൽ അത് പ്രേക്ഷകനെ ഏറെ രസിപ്പിക്കും. അത്തരമൊരു സിനിമയാണ് ആറാട്ട്. അതിനാൽ തന്നെയാണ് ട്രെയ്‌ലറിൽ നമ്മൾ 'അൺറിയലിസ്റ്റിക്ക് ജോയ് റൈഡ്' എന്ന് കൊടുത്തത്. കമ്പോളം മാത്രം ലക്ഷ്യമാക്കുന്ന അടിയും പാട്ടുകളും തമാശകളും ഉൾപ്പടെയുള്ള ചേരുവകൾ നിറഞ്ഞ സിനിമ ആയിരിക്കും ആറാട്ട്.

മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപൻ.

മോഹൻലാൽ സാർ കുറെ നാളുകളായി ഒരു മാസ് എന്ന് വിളിക്കാവുന്ന സിനിമകളുടെ ഭാഗമായിട്ട്. അദ്ദേഹത്തിന്റെ അത്തരം സിനിമകൾ എന്നും പ്രേക്ഷകൻ സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ ഈ തലമുറ അദ്ദേഹത്തിന്റെ അത്തരം സിനിമകൾ കണ്ടാണ് വളർന്നത്. ആ കാലത്തോടും അങ്ങനെയുള്ള സിനിമകളോടുമുള്ള ട്രിബ്യൂട്ടായിരിക്കും ആറാട്ട്.

ഒടിടി ഓഫാറുകൾ വന്നിരുന്നോ?

ആറാട്ട് ഒരുപാട് ആളുകൾ ഭാഗാമായ ഒരു സിനിമയാണ്. കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിലും ആയിരത്തിൽ അധികം അഭിനേതാക്കളെ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്. അപ്പോൾ അവരെ മുഴുവൻ ആർടിപിസിആർ ടെസ്റ്റ് ഒക്കെ ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏറെ പ്രയത്നം എടുത്താണ് സിനിമ ഒരുക്കിയത്. ഞാൻ ആ സമയത്ത് പോലും ഒരു കാര്യം ഉറപ്പിച്ചിരുന്നു. ഈ സിനിമ ഒടിടി ആയിരിക്കില്ല, തിയേറ്ററിലാണ് വരേണ്ടത്. വലിയ സ്‌ക്രീനിൽ ആളുകൾ തിങ്ങി നിറഞ്ഞ് കാണേണ്ട സിനിമയാണ് ആറാട്ട്. ഏത് സിനിമയും തിയേറ്ററിൽ ഇറങ്ങി ആദ്യ ഷോ കഴിയുമ്പോൾ ആണ് അതിന്റെ വിധി നിർണയിക്കപ്പെടുന്നത്. പ്രേക്ഷകർ സിനിമയെ സ്വീകരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

ആക്ഷൻ സീക്വൻസുകൾ.

സിനിമയിൽ നാല് ആക്ഷൻ സീക്വൻസ് ആണ് ഉള്ളത്. നാല് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സാണ് അതിൽ വർക്ക് ചെയ്തത്. അനൽ അരസ്, രവി വർമ്മ, വിജയ് മാസ്റ്റർ, സുപ്രീം സുന്ദർ എന്നീ മികച്ച കൊറിയോഗ്രാഫേഴ്‌സാണ് സിനിമയുടെ ഭാഗമായത്. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ഈ നാല് ആക്ഷൻ സീക്വൻസുകളെ കുറിച്ച് വ്യക്തമായ പ്ലാൻ എനിക്ക് ഉണ്ടായിരുന്നു. അത് ഞാൻ ഉദയകൃഷ്ണയുമായി സംസാരിച്ച്, സ്ഥലങ്ങളിൽ പോയി മാർക്ക് ചെയ്ത്, ഇവിടം മുതൽ ഇവിടെയാണ് വരെ ആക്ഷൻ സീക്വൻസ് വേണം എന്നിങ്ങനെ മുന്നൊരുക്കങ്ങൾ എടുത്തിരുന്നു. ആക്ഷൻ കൊറിയോഗ്രാഫേഴ്‌സിനെ ഷൂട്ട് തുടങ്ങുന്നതിന് മുന്നേ ലൊക്കേഷനുകൾ കാണിച്ച് അവരുടെ ഇൻപുട്ട് വെച്ചാണ് പൂർണ്ണ രൂപം ഉണ്ടാക്കിയത്.

എന്തുകൊണ്ട് നാല് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സ്?

രണ്ടു മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് ഇവർ എല്ലാവരും വളരെ തിരക്കുള്ള സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സാണ്. അനൽ അരസും രവി വർമ്മയുമൊക്കെ 365 ദിവസവും ഷൂട്ട് ഉള്ളവരാണ്. അവരെ നമുക്ക് റിപ്പീറ്റ് ആക്ഷനായി കിട്ടണമെന്നില്ല. അതുപോലെ നമുക്ക് നാല് ഫ്ലേവർ ലഭിക്കും എന്നതും ഒരു കാരണമാണ്. പിന്നെ എനിക്ക് ഈ പറഞ്ഞ എല്ലാവരുമായും നല്ല സിങ്ക് അനുഭവപ്പെട്ടിട്ടുണ്ട്. അവർക്കും എന്റെ സിനിമയിൽ ഒരു രംഗം വരുമ്പോൾ ഞാൻ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയാം. ആക്ഷൻ രംഗങ്ങളിൽ കൊറിയോഗ്രാഫേഴ്‌സിനെ ഏൽപ്പിച്ച് മാറിനിൽക്കുന്ന ആളല്ല ഞാൻ. ഞാൻ ഇടപെടുന്ന ഒരാളാണ്. അവരുടെ ഇൻപുട്ട് നമ്മുടേതിനേക്കാൾ നല്ലതാണെങ്കിൽ സ്വീകരിക്കുക, അങ്ങനെ വ്യക്തമായ ഒരു ധാരണയോടെ കൊറിയോഗ്രാഫേഴ്‌സും സംവിധായകരും വർക്ക് ചെയ്യുമ്പോൾ ആണ് നല്ല ആക്ഷൻ രംഗങ്ങൾ ഉണ്ടാകുന്നത്. ജോഷി സാറും ഷാജി കൈലാസുമൊക്കെ അങ്ങനെ വർക്ക് ചെയ്യുന്നവരാണ്. അവരിൽ നിന്നുമൊക്ക കണ്ടു മനസ്സിലാക്കിയത് കൊണ്ടാണ് നമ്മൾ അങ്ങനെ ഇൻവോൾവ് ചെയ്യാൻ ശ്രമിക്കുന്നത്.

ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനം.

അമേസിങ് ആണ്. അത് എനിക്ക് മാത്രമല്ല, അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്ന എല്ലാവർക്കും അങ്ങനെ തന്നെയായിരിക്കും. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സും അതാണ് പറയുന്നത്. ആക്ഷൻ രംഗങ്ങളിൽ അദ്ദേഹത്തെ വെല്ലാൻ ഇനിയൊരാൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അടിമുടി അതിൽ ഇൻവോൾവ് ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ. എന്തോ ഒരു സൂപ്പർ നാച്ചുറൽ എബിലിറ്റി ഉണ്ട് അദ്ദേഹത്തിന്. അസാധ്യ ടൈമിംഗ് ആണ്. ഒരു പഞ്ചിൽ തന്റെ എതിരെ നിൽക്കുന്ന ആളെ കൈ കൊണ്ട് തൊടാതെ നിർത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്ന് പറയുന്നത് അസാമാന്യമാണ്. എന്നോട് അദ്ദേഹം പറഞ്ഞത് 1300ഓളം ഫൈറ്റ് ചെയ്തിട്ടുണ്ട് എന്നാണ്. അത്തരമൊരു ആൾക്ക് ഇതൊക്കെ 'കേക്ക് വാക്ക്' ആണ്. എന്റെ ആദ്യ ചിത്രമായ മാടമ്പി മുതൽ ആറാട്ട് വരെ ഒരേ പാഷനോടെ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹൻലാലിനെ സംബന്ധച്ചിടത്തോളം 'ഏജ് ഈസ് ജസ്റ്റ് എ നമ്പർ'.

ആറാട്ടിലെ മറ്റ് സിനിമാ റഫറൻസുകൾ.

ഇത്തരം സിനിമകളിൽ തീർച്ചയായും മറ്റ് സിനിമാ റഫറൻസുകൾ ഉണ്ടാകും. അത് ഒരു ട്രിബ്യൂട്ട് പോലെയാണ്. ചില ഡയലോഗുകളെ മറ്റൊരു രീതിയിൽ നമ്മൾ സമീപിച്ചിട്ടുണ്ട്. അത് സിനിമ റിലീസിന് ശേഷം മാത്രമേ മനസ്സിലാവുകയുള്ളൂ.

ലൊക്കേഷനായി വരിക്കാശ്ശേരി മന.

പ്രത്യേക രീതിയിലാണ് വരിക്കാശ്ശേരി മനയെ ഞാൻ ഉപയോഗിച്ചിരിക്കുന്നത്. അത് ഞാൻ സിനിമയുടെ റിലീസിന് ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ.

അഭിനേതാവായി എ ആർ റഹ്മാൻ.

എ ആർ റഹ്മാനെ കൊണ്ടുവരിക എന്നത് അസാധ്യമായ കാര്യമായിരുന്നു. ഞങ്ങൾ സ്ക്രിപ്റ്റ് ചെയ്യുമ്പോൾ ഉദയൻ ഇങ്ങനെ ഒരു ആശയം പറഞ്ഞു. അത് വെറുതെയല്ല, സിനിമയിലെ ഒരു പ്രധാന ഘടകം തന്നെയാണ് എ ആർ റഹ്മാൻ. ലാൽ സാർ സംശയം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ വരാൻ ഇഷ്ടപെടുന്ന ആളല്ല. ഒരുപാടുപേർ ശ്രമിച്ചിട്ടും അദ്ദേഹം അങ്ങനെ പോയിട്ടില്ല. വിജയ്‌ക്കൊപ്പം ഒരു ഗാനരംഗത്തിലാണ് അദ്ദേഹം അവസാനമായി വന്നത്. ഒരുപാട് ആശങ്കകൾ നമുക്ക് ഉണ്ടായിരുന്നു. നമ്മളെ അതിൽ ഹെൽപ്പ് ചെയ്തത് നടൻ റഹ്‌മാൻ ആണ്. റഹ്മാനും ഞാനും തമ്മിൽ നല്ല സൗഹൃദമുണ്ട്. അതിനേക്കാൾ ഉപരി ലാൽ സാറും അദ്ദേഹവുമായി വലിയ അടുപ്പമുണ്ട്. റഹ്മാനെ അദ്ദേഹം വിളിച്ചുപറയുകയും ഞാൻ സമീപിക്കുകയും ചെയ്തപ്പോൾ സ്ക്രിപ്റ്റും എന്തുകൊണ്ട് എ ആർ റഹ്മാൻ എന്ന് പറയുന്ന ഒരു നോട്ടും നൽകാൻ ആവശ്യപ്പെട്ടു. അദ്ദേഹം എ ആർ റഹ്മാനെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചു. എന്നിട്ടും അദ്ദേഹം പൂർണ്ണമായും കൺവിൻസ് ആയില്ല. ഒടുവിൽ എന്നോടോപ്പം ഒരു 15 മിനിറ്റ് സൂം മീറ്റിൽ വരാമെന്ന് സമ്മതിക്കുകയും ഞാൻ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കുകയും ചെയ്തു. രണ്ടു ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കാര്യങ്ങൾ മാനേജ് ചെയ്യുന്ന ടീം വിളിക്കുകയും അങ്ങനെ അദ്ദേഹം സിനിമയുടെ ഭാഗമാവുകയും ചെയ്തു. റഹ്‌മാൻ സാർ പറഞ്ഞ ഒരു കാര്യമുണ്ട്. മലയാള സിനിമ അദ്ദേഹത്തിന് എപ്പോഴും പ്രചോദനം ആകാറുണ്ട്. ജോൺസൻ മാഷ് ഉൾപ്പടെയുള്ള പ്രഗത്ഭരായവർക്കൊപ്പം അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. അന്ന് അദ്ദേഹം ഏറ്റവും അധികം കാണുന്ന മുഖം ലാൽ സാറിന്റെ ആയിരുന്നു. ഏറ്റവും അധികം ബഹുമാനിക്കുന്ന നടനും ഇൻഡസ്ട്രിയുമാണ്. അദ്ദേഹത്തെ ഈ സിനിമയിലേക്ക് കൊണ്ടുവരാനുള്ള ഒരു കാരണമാണ് അത് എന്ന് പറഞ്ഞു. അതിനാൽ തന്നെ മലയാള സിനിമയോടുള്ള അടുപ്പം വെളിവാക്കുന്ന ഒരു ഡയലോഗ് അദ്ദേഹം ആറാട്ടിൽ പറയുന്നുണ്ട്.

ആറാട്ടിലെ ഗാനങ്ങൾ.

രാഹുൽ രാജാണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കിയത്. തീം ഉൾപ്പടെ നാല് ട്രാക്കുകളാണ് ഉള്ളത്. അമേസിങ് ട്രാക്കുകളാണ്.ഞാൻ മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കൊപ്പവും വർക്ക് ചെയ്തിട്ടുണ്ട്. ഞാനും ഏറ്റവും അധികം സിങ്ക് ആവുന്നതും ഭയങ്കരമായി മ്യൂസിക്ക് അറിയാവുന്നതും 100 ശതമാനം കമ്മിറ്റഡ് ആയ വ്യക്തിയുമാണ് രാഹുൽ. ഞാൻ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായി ഉൾകൊണ്ട് എത്ര ഓപ്ഷൻസ് വേണമെങ്കിലും രാഹുൽ തരും. പിന്നെ 80കളിലും 90കളിലും ലാൽ സാറിന്റെ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള ഒരു ഗോൾഡൻ മ്യൂസിക്ക് ഉണ്ട്. അങ്ങനെയുള്ള പാട്ടുകൾക്ക് നമ്മൾ കൊടുക്കുന്ന ഒരു ആദരവ് കൂടെയായിരിക്കും ഈ ട്രാക്കുകൾ. പിന്നെ ആദ്യമായി എംജി ശ്രീകുമാർ എനിക്കായി പാടുന്നതും ഈ സിനിമയ്ക്കായാണ്. അദ്ദേഹത്തോടൊപ്പം മൂത്ത സഹോദരി ഓമനക്കുട്ടി ടീച്ചറും പാടിയിട്ടുണ്ട്. അവരുടെ തന്നെ കൊച്ചുമകനായ ഹരിശങ്കറും ഈ സിനിമയിൽ പാടിയിട്ടുണ്ട്. രസകരമായ ഒരു ഒത്തുചേരലാണ് അത്. നമുക്ക് അൽപ്പം നൊസ്റ്റാൾജിയ തോന്നുന്ന ഗാനങ്ങളാണ് ഇതിൽ ഉള്ളത്.

പൊളിറ്റിക്കലി കറക്റ്റനസിനെക്കുറിച്ച് സംസാരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് എത്തുമ്പോൾ ഉള്ള മുന്നൊരുക്കങ്ങൾ.

ഒരു മുന്നൊരുക്കവുമില്ല. ഇത് അങ്ങനെ ഒരു സിനിമയല്ല. കീറി മുറിക്കേണ്ടവർക്ക് കീറി മുറിക്കാം. എന്നാൽ ഞാൻ അതിനെക്കുറിച്ച് ബോധ്യമുള്ള ആളാണ്. എന്റെ വ്യക്തിപരമായ അഭിപ്രായം 100ശതമാനം പൊളിറ്റിക്കലി കറക്റ്റായ ഒരു സിനിമ പോലും ഇല്ല എന്നാണ്. പൊളിറ്റിക്കലി കറക്റ്റായ സിനിമകൾ ആണ് ഞങ്ങൾ ഉണ്ടാക്കുന്നത് എന്ന് പറയുന്നവരുടെ സിനിമകളിലും ഇൻകറക്റ്റ്നസ്സ് ഉണ്ട്. അപ്പോൾ 100 ശതമാനവും രാഷ്ട്രീയ ശരി എന്ന് പറയുന്ന ഒരു കലയും ഉണ്ടാക്കാൻ പറ്റില്ല. അതാണ് കലയുടെ പ്രത്യേകത. ഇപ്പോൾ 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന സിനിമ ഉദാഹരണമായി എടുക്കാം. മുഴുനീള ഹാസ്യ ചിത്രമാണ്. അതിലെ പ്രധാന വിഷയം എന്താണ്? ഒരു ഡ്രൈവർ, ഒരു മുതലാളി. മുതലാളിയ്ക്കായി മകളെ എങ്ങനെ വിവാഹം കഴിപ്പിക്കാൻ നോക്കുന്ന മാതാപിതാക്കൾ. അതിനിടയിൽ മകളും ഡ്രൈവറും തമ്മിൽ പ്രണയത്തിലാകുന്നു. കറുത്ത ഉയരം കുറഞ്ഞ ആൾ, വെളുത്ത ഉയരം കൂടിയ ആൾ അങ്ങനെ പല കാര്യങ്ങളുണ്ട് ആ സിനിമയിൽ. എന്നാൽ നമ്മൾ അതൊന്നും ആ സമയത്ത് ചർച്ച ചെയ്തില്ല. ഇന്ന് കാണുമ്പോൾ പോലും നമ്മൾ ചിരിക്കും. വേറെ ഒരു തരത്തിൽ അത് ചർച്ച ചെയ്യേണ്ട കാര്യമില്ല. അങ്ങനെ നോക്കിയാൽ ആ തമാശ ഇല്ലാതെയാകുന്നില്ല. ഈ കല എന്ന് പറയുന്നത് കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കും. നമ്മുടെ അജണ്ട എന്നത് തിയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകരെ രസിപ്പിക്കുക എന്നതാണ്.

മമ്മൂട്ടി ചിത്രം.

അടുത്തതായി ഞാൻ ചെയ്യുന്നത് മമ്മൂട്ടി ചിത്രമാണ്. ഉദയകൃഷ്ണയുടെ സ്ക്രിപ്റ്റിൽ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകൾ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം. ഉദയൻ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകൾ ഒന്നും ഉണ്ടാകില്ല, എന്നാൽ ഒരു മാസ്സ് ചിത്രവുമായിരിക്കും. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക. വളരെ വലിയ സിനിമയായിരിക്കും. എല്ലാം നല്ല രീതിയിൽ നടന്നാൽ മെയ്, ജൂൺ സമയങ്ങളിൽ ചിത്രം ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു.

Next Story