Top

'കോർണർ ചെയ്യപ്പെടുന്ന സാധാരണക്കാരന്റെ ശബ്ദമാണിത്'; തേര്, അമിത് ചക്കാലക്കൽ അഭിമുഖം

ജനുവരി 6-നാണ് ചിത്രത്തിന്റെ റിലീസ്.

3 Jan 2023 12:30 PM GMT
​ഗൗരി പ്രിയ ജെ

കോർണർ ചെയ്യപ്പെടുന്ന സാധാരണക്കാരന്റെ  ശബ്ദമാണിത്; തേര്, അമിത് ചക്കാലക്കൽ അഭിമുഖം
X

2023 വർഷത്തിലെ ആദ്യ വെള്ളിയാഴ്ച തിയേറ്ററിൽ എത്തുന്ന ചിത്രമാണ് 'തേര്'. 'ജിബൂട്ടി'ക്ക് ശേഷം എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, അമിത് ചക്കാലക്കൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം രണ്ടാം ചിത്രത്തിലും ഒന്നിക്കുന്നത് തമ്മിൽ 'എക്സൈറ്റ്' ചെയ്യിക്കാൻ ആകുന്നതുകൊണ്ടാണ് എന്ന് പറയുകയാണ് അമിത്.

കൊവിഡ് സമയത്ത് നടന്ന പല സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ സിനിമയാണ് തേര്. ഒരു സാധാരണക്കാരന്റെ ആത്മാഭിമാനത്തെ പൊലീസ് നടു റോഡിൽ തകർത്തു കളയുമ്പോൾ അതിനോടുള്ള ഒരു കുടുംബത്തിന്റെ ചെറുത്തുനിൽപ്പാണ് ചിത്രം. അമിത് ചക്കാലക്കൽ സംസാരിക്കുന്നു.

2023 വർഷത്തിലെ ആദ്യ റിലീസ് ആണ് 'തേര്'. ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കേണ്ടത് എന്തുകൊണ്ടാണ്?

'തേരി'ന്റെ കഥ എന്നെ ആദ്യ കേൾവിയിൽ തന്നെ ആകർഷിച്ചിരുന്നു. സംവിധായകൻ സിനുവിനും പ്രൊഡ്യൂസർക്കും ഇത്രയും പണവും അധ്വാനവും മുടക്കി ഈ സിനിമ ചെയ്യാൻ തോന്നിയത്, ഒറ്റ വാചകത്തിൽ പറഞ്ഞാൽ 'സാധാരണക്കാരന്റെ അത്മാഭിമാനത്തെ പൊലീസ് അല്ലെങ്കിൽ ഇവിടുത്തെ സിസ്റ്റം വെല്ലുവിളിക്കുന്ന അവസ്ഥയെ'ക്കുറിച്ച് സംസാരിക്കാനാണ്. നമ്മൾ ഇത് പലവട്ടം കണ്ടിട്ടുള്ളതാണ്. കൊവിഡ് സമയത്ത് തന്നെ, ചെറിയ കാര്യങ്ങൾക്ക് പോലും പൊലീസ് തല്ലുന്നതും ഏത്തമിടീപ്പിക്കുന്നതുമൊക്കെ കണ്ടു. അതിൽ നിന്നുണ്ടായ പൗരബോധത്തിൽ നിന്നാണ് തേര് ഉണ്ടായത്.

നാട്ടിൽ നിരവധിയായി ഇത്തരം സംഭവങ്ങളും അനുഭവങ്ങളും കേൾക്കുന്നുണ്ട്. വാട്ട്സ്ആപ്പിൽ കേട്ട്, എന്ത് കഷ്ടം എന്ന് ചിന്തിച്ച്, ഒന്ന് ഷെയർ ചെയ്ത് വിട്ടുകളയുകയാണ് പതിവ്. ഒരു അഭിനേതാവ് എന്ന നിലയിൽ എനിയ്ക്ക് സമൂഹത്തോട് ചെയ്യാൻ സാധിക്കുന്നത്, ഇതിനെ ഒരു സിനിമയാക്കി കാണിച്ച് കൊടുക്കുകയാണ്. സാധാരണക്കാരന്റെ ഭാഗത്തുനിന്ന് എല്ലാവർക്കും ഒരു വികാരമുണ്ട്. നമ്മുടെ ഭാഗത്ത് നിന്ന് ചിലപ്പോൾ ചില മറുപടികൾ പറയേണ്ടതായുണ്ടാകും. സിസ്റ്റം ഉയർത്തുന്ന വെല്ലുവിളിയോട് സാധാരണക്കാരൻ നൽകുന്ന മറുപടിയാണ് ചിത്രം.

യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളുമായി പ്രമേയത്തിനുള്ള ബന്ധം

തിരക്കഥാകൃത്ത് ഡിനിൽ പി കെ കൊവിഡ് സമയത്ത് നടന്ന പല സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ സിനിമയാണ് തേര്. കൊവിഡ് കാലത്ത് അന്നത്തെ കണ്ണൂർ എസ് പി യതീഷ് ചന്ദ്ര, ലോക്ക് ഡൗൺ ലംഘിച്ചു എന്ന പേരിൽ ആളുകളെ റോഡിൽ നിർത്തി എത്തം ഇടീപ്പിച്ച ഒരു സംഭവം ഉണ്ടായി. ഡിനിൽ എന്നോട് കഥ പറയുമ്പോൾ അദ്ദേഹത്തിന് വേദന തോന്നിയതായി പറഞ്ഞ ഒരു സാഹചര്യവും ഇതുതന്നെയാണ്.

ഇവിടുത്തെ സിസ്റ്റം കൊണ്ട് പലപ്പോഴും സാധാരണക്കാർ തകർക്കപ്പെട്ടിട്ടുണ്ട്. തേരിന്റെ ടാഗ് ലൈൻ തന്നെ 'വൺ ഫ്രം ദി കോർണർ' എന്നാണ്. അങ്ങനെ 'കോർണർ' ചെയ്യപ്പെടുന്ന സാധാരണക്കാരന്റെ ശബ്ദമാണിത്.

കൊവിഡ് സാഹചര്യത്തിൽ ആണോ കഥ നടക്കുന്നത്?

അല്ല, കഥയുടെ പശ്ചാത്തലം വ്യത്യസ്തമാണ്.

കുടുംബകഥയുടെ പശ്ചാത്തലത്തിൽ ഒരു 'ആക്ഷൻ ത്രില്ലർ' സാധ്യമാകുന്നത് എങ്ങനെ?

നമ്മുടെ കുടുംബത്തിൽ നിന്ന് ഒരാളെ, എന്തിന്റെയെങ്കിലും പേരിൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ച് കൊണ്ടുപോകുകയോ, കൈയ്യേറ്റം ചെയ്യുകയോ ചെയ്യുന്ന അവസ്ഥകൾ കണ്ടിട്ടുണ്ട്. കൈയ്യേറ്റത്തോടുള്ള ചെറുത്ത് നിൽപ്പ് ആക്ഷൻ ആകാം. സിനിമയിൽ വരുമ്പോൾ ചില സിനിമാറ്റിക് സ്വഭാവങ്ങൾ കൈവരുന്നതാണ്.

കരിയറിൽ അടയാളപ്പെടുത്തുന്ന കഥാപാത്രമായിരിക്കുമോ തേരിലേത്?

സമൂഹ മാധ്യമങ്ങളിൽ കാണുന്ന പല സംഭവങ്ങളും പ്രശ്നങ്ങളും എന്നെ അസ്വസ്ഥപ്പെടുത്താറുണ്ട്. പലതും ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്, ഒന്നും ചെയ്യാൻ പറ്റില്ല. എനിക്ക് ഒരു സിനിമയിലൂടെയെങ്കിലും പ്രതികരിക്കാൻ തോന്നിയ സമയത്താണ് തേര് വരുന്നത്. ചെയ്യണമെന്ന് തോന്നിയ പലതും ചെയ്യാൻ പറ്റിയ സിനിമയാണിത്. എനിക്ക് വൈകാരികമായി ബന്ധപ്പെടുത്താവുന്നതാണ് തേരിലെ കഥാപാത്രം. ഇവിടുത്തെ സിസ്റ്റം കാണിക്കുന്ന ചില കൊള്ളരുതായ്മകൾക്ക് ഒരു അടിയെങ്കിലും കൊടുക്കുക എന്ന് പറയില്ലേ, സിനിമയിലെ കഥാപാത്രമായി അത് ചെയ്യാനായിട്ടുണ്ട്.

സംവിധായകൻ സിനുവുമായി രണ്ടാം സിനിമയിൽ ഒന്നിക്കുമ്പോൾ

ഞങ്ങൾ വലിയ ഒരു സ്വപ്നമായാണ് 'ജിബൂട്ടി' ചെയ്യാൻ പോകുന്നത്. അവിടെ ചെന്ന് അഞ്ചാം ദിവസം കൊറോണ പ്രശ്നങ്ങൾ വരുന്നു. നമ്മുടെ കൈയ്യിൽ എല്ലാം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഞങ്ങളുടെ ഉള്ളിലെ ആവേശവും താല്പര്യവുമൊക്കെ ഒതുക്കി തിരികെ പോരേണ്ട സാഹചര്യമായിപ്പോയി. അന്ന് ചെയ്യാൻ പറ്റാതെ പോയത് തേരിലൂടെ സാധ്യമാക്കാൻ ഞങ്ങൾക്കായിട്ടുണ്ട്.

പുതിയൊരു ഴോണർ ചെയ്യുന്നതിനേക്കുറിച്ച് സിനു കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഞങ്ങൾക്ക് പരസ്പരം കുറേ കാര്യങ്ങൾ ചെയ്താൽ കൊള്ളാമെന്നുണ്ട്. അങ്ങനെ ഒരു ധാരണ പരസ്പരം ഞങ്ങൾക്കുണ്ട്. ഒന്നും പറയണമെന്ന് തന്നെയില്ല. സിനു മനസ്സിൽ ആഗ്രഹിക്കുന്നത് അദ്ദേഹം പറയാതെ തന്നെ എനിക്ക് മനസ്സിലാകും. രണ്ടാമതും സ്ക്രീനിൽ എന്നെ ഡയറക്ട് ചെയ്യുമ്പോൾ, ആദ്യ സിനിമയിൽ ഞാൻ ചെയ്ത കാര്യങ്ങളോ ശൈലിയോ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു. മടുപ്പ് തോന്നാൻ പാടില്ല.

ഒരു അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തെ 'എക്സൈറ്റ്' ചെയ്യിക്കാൻ ഞാനൊരിക്കലും മറന്നിട്ടില്ല. ആദ്യ സിനിമയിൽ തന്നെ എന്റെ ഭാഗത്ത് നിന്ന് ആ ശ്രമം വിജയിച്ചില്ലായിരുന്നു എങ്കിൽ, രണ്ടാം സിനിമ ഒരിക്കലും എന്നെ വച്ച് ചെയ്യില്ല. ആദ്യ ചിത്രം പോലെയല്ല സിനു തേര് ചെയ്തിരിക്കുന്നത്. ഒരു ഡയറക്ടർ എന്ന നിലയിൽ ഇവിടെ അദ്ദേഹം എന്നെ എക്സൈറ്റ് ചെയ്യിച്ചു.

വരാനിരിക്കുന്ന പ്രൊജക്റ്റുകൾ?

ഉടൻ റിലീസിനെത്തുന്ന സിനിമയാണ് അജിത്ത് തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം'. അനു സിത്താര, കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാണ്. ജനുവരിയിൽ തന്നെ റിലീസ് ഉണ്ട്. ഒരു ഫൺ - ഫാമിലി - റൊമാൻഡിക് ഡ്രാമയാണ് സന്തോഷം. 'അസ്ത്ര'യാണ് പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന മറ്റൊരു ചിത്രം. സംവിധായകരായ ജയരാജ്, അമൽ നീരദ്, സഖരിയ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം പ്രവർത്തിച്ച ആസാദ് അലവിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. 'പ്രാവ്' ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്.

Story Highlights: Amith Chakalakkal interview about Theru movie

Next Story