‘എന്തിനാണ് അമ്മ എന്നൊരു സംഘടന?’; രഞ്ജു രഞ്ജിമാർ

മലയാള സിനിമയിലെ സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ സംവിധാന രംഗത്തേക്ക് കൂടി കടന്ന് വന്നിരിക്കുകയാണ്. തന്റെ ‘കുട്ടിക്കൂറ’ എന്ന ഷോട്ട് ഫിലിമിന്റെ വിശേഷങ്ങൾ രഞ്ജു റിപ്പോർട്ടർ ലൈവിന്റെ റൈസിങ് സ്റ്റാർ എന്ന പരിപാടിയിൽ പങ്കുവെച്ചിരിക്കുകയാണ്.

‘കുട്ടിക്കൂറ എന്ന സിനിമ എന്റെ ജീവിതം തന്നെയാണ്. എന്റെ പതിനെട്ടാം വയസ്സിൽ വീട് വിട്ട് ഇറങ്ങിയപ്പോൾ, ഞാൻ താമസിച്ചിരുന്ന ഒരു വീട്ടിൽ നിന്ന് ഉണ്ടായ അനുഭവമാണ് ഷോട്ട് ഫിലിം പറയുന്നത്. സംവിധാനത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞപ്പോൾ ഞാൻ അഞ്ജലി മോനോനെ പോലുള്ള സംവിധായകരെ ഓർത്തു പോയി.’- രഞ്ജു പറഞ്ഞു.

സിനിമയിലെ ട്രാസ്ജൻഡർ പ്രശ്‌നങ്ങളെ പറ്റിയും, അമ്മ സംഘടനയെ പറ്റിയും രഞ്ജു രഞ്ജിമാർ അഭിമുഖത്തിൽ സംസാരിച്ചു. ട്രാൻസ്‌പേഴ്‌സൺസിന് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ അവർക്ക് ട്രാൻസ്ജൻഡർ എന്ന ലേബലുള്ള കഥാപാത്രങ്ങൾ മാത്രമെ സിനിമയിൽ ലഭിക്കുന്നുള്ളു. ഇത്രയും തുല്യത പറയുന്ന സ്ത്രീ സംവിധായകർ പോലും ട്രാസ്‌പേഴ്‌സൺസിനെ അവരുടെ സിനിമയിൽ എടുക്കുന്നില്ലെന്ന് രഞ്ജു വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന സാക്ഷി കൂറുമാറിയതിനെ തുടർന്ന് രഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് ശേഷം പല രീതിയിലുള്ള ഭീഷണികളും നേരിടേണ്ടി വന്നു. ആക്രമിക്കപ്പെട്ട നടി തന്റെ സുഹൃത്തായത് കൊണ്ടായിരിക്കാം തനിക്ക് നേരെയും ആക്രമണങ്ങൾ വരുന്നതെന്ന് രഞ്ജു അഭിമുഖത്തിൽ പറഞ്ഞു.

താരസംഘടനയായ അമ്മയെ പറ്റിയും രഞ്ജു സംസാരിച്ചു. എന്തിനാണ് പേരിനൊരു സംഘടന. ആർക്കൊക്കെയോ വേണ്ടി നീതി നടപ്പിലാക്കാനും, അനീതി നടപ്പിലാക്കാനുമാണ് അമ്മ എന്ന് തനിക്ക് പലപ്പോഴും തോന്നാറുണ്ടെന്നും രഞ്ജു അഭിപ്രായപ്പെട്ടു.

Latest News