Top

പൊലീസ് സ്റ്റേഷനുകളിലെ ചോദ്യമുറികളിലുള്‍പ്പടെ സിസിടിവി കര്‍ശനമാക്കി സുപ്രീംകോടതി; ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

രാജ്യത്തെ പൊലീസ് സ്റ്റേഷനുകളുള്‍പ്പടെ എല്ലാ അന്വേഷണ ഏജന്‍സികളുടെയും ചോദ്യമുറികളില്‍ സിസിടിവി, ശബ്ദ റെക്കോര്‍ഡ് സംവിധാനങ്ങള്‍ക്ക് ഉത്തരവിട്ട് സുപ്രീംകോടതി.

2 Dec 2020 10:21 AM GMT

പൊലീസ് സ്റ്റേഷനുകളിലെ ചോദ്യമുറികളിലുള്‍പ്പടെ സിസിടിവി കര്‍ശനമാക്കി സുപ്രീംകോടതി; ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
X

രാജ്യത്തെ പൊലീസ് സ്റ്റേഷനുകളുള്‍പ്പടെ എല്ലാ അന്വേഷണ ഏജന്‍സികളുടെയും ചോദ്യമുറികളില്‍ സിസിടിവി, ശബ്ദ റെക്കോര്‍ഡ് സംവിധാനങ്ങള്‍ക്ക് ഉത്തരവിട്ട് സുപ്രീംകോടതി. കസ്റ്റഡി അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് സുപ്രീകോടതിയുടെ നടപടി.

സംസ്ഥാന സര്‍ക്കാറുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ ക്യാമറകളും റെക്കോഡിംഗ് സംവിധാനങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ചോദ്യംചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഉദ്ദ്യോഗസ്ഥരുടെ മുറികള്‍ എന്നിവിടങ്ങളിലും ക്യാമറകള്‍ വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 21-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ്.

അന്വേഷണ ഏജന്‍സികള്‍ ഈ ഉത്തരവിന് വിധേയമായി വേണം കുറ്റാരോപിതരെ ചോദ്യം ചെയ്യുവാന്‍. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും ചോദ്യംചെയ്യല്‍ നടക്കുന്ന ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരിക്കണം. നര്‍ക്കോട്ടിക് ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ്, എന്‍ഐഎ തുടങ്ങിയ എല്ല അന്വേഷണ ഏജന്‍സികള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ശബ്ദ റെക്കോര്‍ഡിങ്ങുകള്‍ 18 മാസംവരെ സൂക്ഷിക്കണം. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതി ഉത്തരവ്.

Next Story