
മുബൈ: റിലയന്‍സിന്റെ ഫ്യൂച്ചര്‍ ഗ്രൂപ്പ് റീട്ടെയില്‍ ഓഹരി ഇടപാടിന് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരം. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് സംരംഭങ്ങളെ 24,713 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.
‘ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റിട്ടെയില്‍, മൊത്തവ്യാപാര, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് ബിസിനസുകള്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡും റിലയന്‍സ് റീട്ടെയില്‍, ഫാഷന്‍ ലൈഫ് സ്റ്റൈല്‍ ലിമിറ്റഡും ഏറ്റെടുത്ത നടപടിക്ക് കമ്മീഷന് അംഗീകാരം നല്കി’, സിസിഐ ട്വീറ്റ് ചെയ്തു. ഇതോടെ റിലയന്‍സ് റീട്ടെയില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിഗ് ബസാര്‍, എഫ്ബിപി, ഈസിഡെ, സെന്‍ട്രല്‍, ഫുഡ് ഹാള്‍ എന്നിവയിലെ 1,800 ഓളം സ്റ്റോറുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഈ ഇടപാടിനെ സംബന്ധിച്ച് ആമസോണ്‍ നിയമ നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെയും മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെയും അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, മൂന്ന് കമ്പനികളും ഇടപാടിനെച്ചൊല്ലി ദില്ലി ഹൈക്കോടതിയെയാണ് സമീപിച്ചിരിക്കുന്നത്. റീട്ടെയില്‍ ബിസിനസിനെ ലോക്ക്ഡൗണ്‍ കാലം സാരമായി ബാധിച്ചതിനാല്‍ അതിന്റെ പങ്കാളികളെ സംരക്ഷിക്കുന്നതിനായാണ് റിലയന്‍സുമായുള്ള കരാറില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വാദം. ഇതിനിടെയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് റിലയന്‍സ് റീട്ടെയില്‍ ഇടപാടിന് സിസിഐ അംഗീകാരം നല്‍കിയിരിക്കുന്നത്.
രാജ്യത്തെ മുന്‍നിര റീട്ടെയിലര്‍മാരില്‍ ഒരാളായ ഫ്യൂച്ചര്‍ റീട്ടെയിലുമായി മാത്രമല്ല, ഇകൊമേഴ്സ് ബിസിനസ്സ് അതിവേഗം വികസിപ്പിക്കുകയും യുഎസ് ആധിപത്യത്തിന് വെല്ലുവിളിയുമായ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായുള്ള തര്‍ക്കം ആമസോണിനെ ഒറ്റപ്പെടുത്തി എന്ന് വേണം കരുതാന്‍.
- TAGS:
- Future Group
- Reliance