‘ഞാന്‍ മരിച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞാണ് പ്രസംഗിക്കുന്നത്, നിങ്ങള്‍ എനിക്ക് പുതുജീവന്‍ നല്‍കണം’; ജന്മഭൂമി വാര്‍ത്ത മനപ്പൂര്‍വ്വമെന്നും സിസി മുകുന്ദന്
ജന്മഭൂമി ദിനപത്രത്തില്‍ വന്ന തന്റെ ചരമവാര്‍ത്ത അവര്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്നും അതില്‍ തര്‍ക്കമില്ലെന്നും നാട്ടിക മണ്ഡലം സിപിഐ സ്ഥാനാര്‍ത്ഥി സിസി മുകുന്ദന്.വ്യാജവാര്ത്തയോടെ തന്റെ കുടുംബം മാനസികമായി തളര്‍ന്നു. ജന്മഭൂമി നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും സിസി മുകുന്ദന് പറഞ്ഞു. സിസി മുകുന്ദന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്: ”ജന്മഭൂമി വാര്‍ത്തയോടെ ഞാനും കുടുംബവും മാനസികമായി തളര്‍ന്നു. ജന്മഭൂമി നടപടിയില്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കും. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തുന്നത് വരെ മുന്നോട്ട് പോകും. […]

ജന്മഭൂമി ദിനപത്രത്തില്‍ വന്ന തന്റെ ചരമവാര്‍ത്ത അവര്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്നും അതില്‍ തര്‍ക്കമില്ലെന്നും നാട്ടിക മണ്ഡലം സിപിഐ സ്ഥാനാര്‍ത്ഥി സിസി മുകുന്ദന്.
വ്യാജവാര്ത്തയോടെ തന്റെ കുടുംബം മാനസികമായി തളര്‍ന്നു. ജന്മഭൂമി നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും സിസി മുകുന്ദന് പറഞ്ഞു.
സിസി മുകുന്ദന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്: ”ജന്മഭൂമി വാര്‍ത്തയോടെ ഞാനും കുടുംബവും മാനസികമായി തളര്‍ന്നു. ജന്മഭൂമി നടപടിയില്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കും. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തുന്നത് വരെ മുന്നോട്ട് പോകും. ചരമവാര്‍ത്ത മനപ്പൂര്‍വ്വം ചെയ്തതാണ്. അതില്‍ തര്‍ക്കമില്ല. തെരഞ്ഞെടുപ്പ് പ്രചാരണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയായിരുന്നു, അത് തകര്‍ക്കാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഞാന്‍ പ്രസംഗിക്കുന്നത് മരിച്ച സ്ഥാനാര്‍ത്ഥിയാണ് പ്രസംഗിക്കുന്നതെന്ന് പറഞ്ഞാണ്. പുതിയ ജീവന് എനിക്ക് നിങ്ങള്‍ നല്‍കണം.”
ചരമവാര്‍ത്ത മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. വ്യാജ വാര്‍ത്തക്കെതിരെ സിസി മുകുന്ദനും പാര്‍ട്ടി നേതൃത്വവും നിയമനടപടി സ്വീകരിക്കുമെന്നും സിപിഐ വ്യക്തമാക്കി. സിസി മുകുന്ദന്റെ ഫോട്ടോ സഹിതമാണ് ജന്മഭൂമിയുടെ ഇന്നത്തെ പത്രത്തില്‍ ചരമ വാര്‍ത്ത വന്നത്. ചരമ വാര്‍ത്ത ബോധപൂര്‍വ്വം ചമച്ചതാണെന്നും വ്യാജവാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിന്റെ അധികാരികള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നും സിപിഐ ആരോപിച്ചു.
വ്യാജ വാര്‍ത്തക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയതായും തെരഞ്ഞെടുപ്പ് കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും സിപിഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു.
സംഭവത്തില്‍ സിപിഐ പുറത്തുവിട്ട് പ്രസ്താവന:
ജന്മഭൂമി പത്രത്തിന്റേത് മാപ്പര്‍ഹിക്കാത്ത കുറ്റം; വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കും
തൃശൂര്‍: നാട്ടിക നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സഖാവ് സി സി മുകുന്ദന് അന്തരിച്ചു എന്ന തരത്തില്‍ ഇന്നത്തെ ജന്മഭൂമി പത്രത്തിന്റെ ചരമകോളത്തില്‍ ചിത്രം സഹിതം പ്രസിദ്ധീകരിച്ചുവന്ന വാര്‍ത്ത മനുഷ്യത്വവിരുദ്ധവും അപമാനകരവുമാണ്. ജന്മഭൂമി പത്രം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സവര്‍ണ ഫാസിസ്റ്റ് മുഖമാണ് ഈ വ്യാജവാര്‍ത്തയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരു നേതാവ് തെരഞ്ഞെടുക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. വ്യാജവാര്‍ത്ത ചമച്ച ജന്മഭൂമി പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവാണ് സഖാവ് സി സി മുകുന്ദന്. അദ്ദേഹം നിലവില്‍ കര്‍ഷക തൊഴിലാളി യൂണിയന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അദ്ദേഹം വളരെ ചെറുപ്പത്തിലേ പാര്‍ട്ടി സംഘടനാ രംഗത്ത് എത്തിയ നേതാവാണ്. എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും പ്രവര്‍ത്തകനായി പൊതുരംഗത്ത് എത്തിയ സഖാവ് മുകുന്ദന്, പാര്‍ട്ടിയുടെ റെഡ് വളണ്ടിയര്‍ സേനയുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു. പരിണതപ്രജ്ഞനായ അദ്ദേഹത്തെ ഇന്നലെയാണ് നാട്ടികയില്‍ സ്ഥാനാര്‍ത്ഥിയായി സി പി ഐ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചത്. എന്നാല്‍, ജന്മഭൂമി പത്രം മാത്രം സഖാവ് മുകുന്ദന്റെ ബയോഡാറ്റ ചരമകോളത്തില്‍ പ്രസിദ്ധീകരിച്ചത് പാര്‍ട്ടിയെ മാത്രമല്ല, നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങളെയാകെ അപമാനിച്ചതിന് തുല്യമാണ്.