സി.ബി.എസ്.സി പരീക്ഷയുടെ തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും; അധ്യാപകരുമായി സമ്മേളനം നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
2021ലെ സി.ബി.എസ്.സി ബോർഡ് പരീക്ഷകൾ സംബന്ധിച്ച സംശയങ്ങളും ആശങ്കകളും ദുരീകരിക്കാനായാണ് ഈ ഓൺലൈൻ സമ്മേളനം എന്നിരിക്കലും സി.ബി.എസ്.സി ബോർഡ് പരീക്ഷയുടെ തിയതി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് ഇന്ന് വൈകുന്നേരം രാജ്യമെമ്പാടുമുള്ള അധ്യാപകരുമായി തത്സമയ സമ്മേളനം നടത്തും. 2021ലെ സി.ബി.എസ്.സി ബോർഡ് പരീക്ഷകൾ സംബന്ധിച്ച സംശയങ്ങളും ആശങ്കകളും ദുരീകരിക്കാനായാണ് ഈ ഓൺലൈൻ സമ്മേളനം എന്നിരിക്കലും സി.ബി.എസ്.സി ബോർഡ് പരീക്ഷയുടെ തിയതി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.
പത്ത്-പന്ത്രണ്ട് ക്ലാസുകളിലെ സി.ബി.എസ്.സി ബോർഡ് പരീക്ഷകൾ 2021 മാർച്ചോടെ നടന്നേക്കുമെന്ന് സോഷ്യൽ മീഡിയകളും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനിടെ ആണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിർണ്ണായകമായ ഈ സമ്മേളനം വരുന്നത്. പരീക്ഷാ തീയതികളെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഈ സമ്മേളനത്തിന് ശേഷം നടത്തുമെന്നാണ് പ്രതീക്ഷ.
ജെഇഇ സംബന്ധിയായ പ്രഖ്യാപനം നടത്തി ദിവസങ്ങൾക്കുള്ളിലാണ് സി.ബി.എസ്.സി ബോർഡ് പരീക്ഷകൾ സംബന്ധിച്ച പ്രഖ്യാപനവും പ്രതീക്ഷിക്കുന്നത്. ഡിസംബർ 17നായിരുന്നു ബോർഡ് പരീക്ഷകൾ സംബന്ധിച്ച സമ്മേളനം നടത്താൻ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നത്.
ജെഇഇ ഒരു വർഷത്തിൽ മൂന്നോ നാലോ തവണ നടത്താനുള്ള സാധ്യത സർക്കാർ പരിഗണിക്കുന്നതായും ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിർദ്ദേശം വിലയിരുത്തുന്നതായും കഴിഞ്ഞ ആഴ്ച മന്ത്രി പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ കൊറോണാവ്യാപനത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് സി.ബി.എസ്.സി പത്ത്-പന്ത്രണ്ട് ക്ലാസുകളിലെ സിലബസ് വെട്ടിക്കുറച്ചിരുന്നു. എന്നാൽ ബോർഡ് പരീക്ഷകൾ ഓൺലൈൻ ആയിട്ടാകില്ല നടത്തുക എന്നും പരീക്ഷകൾക്കായി കുട്ടികൾ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും സി.ബി.എസ്.സി അറിയിച്ചിട്ടുണ്ട്.