Top

ബാലഭാസ്‌ക്കറിന്റെ മരണത്തിലെ സിബിഐ അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്; ചാര്‍ട്ടഡ് അക്കൗണ്ടന്റ് ജയിംസിന്റെ മൊഴിയെടുത്തു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ നടത്തുന്ന അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്കും. ബാലഭാസ്‌ക്കറിന്റേയും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റേയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജയിംസ് ഫ്രാന്‍സിസ്സിന്റെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി.

8 Dec 2020 2:14 AM GMT

ബാലഭാസ്‌ക്കറിന്റെ മരണത്തിലെ സിബിഐ അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്; ചാര്‍ട്ടഡ് അക്കൗണ്ടന്റ് ജയിംസിന്റെ മൊഴിയെടുത്തു
X

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ നടത്തുന്ന അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്കും. ബാലഭാസ്‌ക്കറിന്റേയും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റേയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജയിംസ് ഫ്രാന്‍സിസ്സിന്റെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി. ഇരുവരുടേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അക്കൗണ്ടന്റിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും സിബിഐ അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സണ്‍ ഹോംസ് ഉടമ സജീവ് വിദ്യാധരന്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. മുന്‍പ് ബാലഭാസ്‌ക്കറില്‍ നിന്നും പലതവണയായി അമ്പത് ലക്ഷത്തിലേറെ രൂപ വിഷ്ണു കൈവശപ്പെടുത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു.

അതേസമയം, ബാലഭാസ്‌ക്കറിന്റെ ചികിത്സാ രേഖകള്‍ അനന്തപുരി ആശുപത്രി അധികൃതര്‍ സിബിഐക്ക് കൈമാറി. ആശുപത്രിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എംഡി ഡോ മാര്‍ത്താണ്ഡന്‍പിള്ള, ചികിത്സിച്ച ഡോക്റ്റര്‍മാര്‍ എന്നിവരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് ഫോറന്‍സിക് സര്‍ജ്ജന്‍ വിലാസിനി, ഡോ ശശികല എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ബാലഭാസ്‌ക്കറിന്റെ ശരീരത്തിലെ ചില പരിക്കുകള്‍ അപകടത്തില്‍ സംഭവിച്ചതല്ലെന്ന പരാതി ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു. അപകടത്തിന് മുമ്പ് ബാലഭാസ്‌ക്കര്‍ ആക്രമിക്കപ്പെട്ടതായുള്ള സോബിയുടെ വെളിപ്പെടുത്തലും പോസ്റ്റ്‌മോര്‍ട്ടത്തെ കുറിച്ചു അന്വേഷിക്കാന്‍ കാരണമായി.

ബാലഭാസ്‌കര്‍ മരിക്കുന്നതിന് എട്ടുമാസം മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്‌. പോളിസി രേഖകളിലെ ബാലഭാസ്‌കറിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കയ്യൊപ്പ് വ്യാജമാണെന്നും വിവരങ്ങള്‍ തെറ്റായി നല്‍കിയെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമുള്ള ബന്ധുക്കളുടെ പരാതി സിബിഐ ഗൗരവത്തോടെയാണ് കാണുന്നത്.

Next Story

Popular Stories