‘സിബിഐ ഇടപെടലുകള്‍ രാഷ്ട്രീയപ്രേരിതം’; കേന്ദ്രഏജന്‍സിയുടെ ഇടപെടല്‍ നിയന്ത്രിക്കുന്നത് ആലോചനയിലെന്ന് മന്ത്രി ബാലന്
ഈ ആവശ്യം പൊതുസമൂഹത്തില്‍ നിന്നുതന്നെ വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും. പൂര്‍ണ്ണമായ സിബിഐ വിരോധം ഈ സര്‍ക്കാരിനില്ല, മുന്‍പും ഉണ്ടായിരുന്നില്ല’. മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ നടത്തുന്ന ഇടപെടലുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നിയമമന്ത്രി എകെ ബാലന്. സിബിഐ ഇടപെടലുകളെ തടയാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും എകെ ബാലന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സിബിഐ ഇടപെടലുകള്‍ സംശയകരമാണെന്ന് ഹൈക്കോടതിയ്ക്കുപോലും തോന്നലുണ്ടായെന്നും അതാണ് കോടതിയില്‍ നിന്ന് സിബിഐയ്ക്ക് തിരിച്ചടി നേരിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ പല കേസുകളിലും രാഷ്ട്രീയപ്രേരിതമായ ഇടപെടലുകള്‍ നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ കടന്നുകയറ്റം നടത്തുന്നത് ദില്ലി സ്പെഷ്യല്‍ പൊലീസ് ആക്റ്റിന് വിരുദ്ധമാണെന്നും നിയമമന്ത്രി ചൂണ്ടിക്കാട്ടി. ‘കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇപ്പോള്‍ സിബിഐയെ വിലക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും ഇതുതന്നെയാണ് പറഞ്ഞത്. പക്ഷേ അത് ഇവിടെയുള്ള കോണ്‍ഗ്രസുകാര്‍ പറയാത്തത് എന്താണെന്ന് ചോദിച്ചാല്‍ അവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പമല്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ അനുവാദമില്ലാതെ ഒരു കേസ് റാന്ഡമായിട്ടെടുത്ത് ഇടപെടുന്നത് അംഗികരിക്കാനാകില്ല. ഇത്തരമൊരു നിലപാട് ഇടതുപക്ഷ ജനാധിപത്യമുന്നണി പൊതുവായി എടുത്തുകഴിഞ്ഞാല്‍ സര്‍ക്കാരും അതേക്കുറിച്ച് ആലോചിക്കും’. എകെ ബാലന് വ്യക്തമാക്കി.
സിബിഐയുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ പുനര്‍വിചിന്തനത്തിന് വിധേയമായതിന്റെ കാരണം തന്നെ കേരളത്തിനുമുന്നിലും വന്നുകഴിഞ്ഞതായി അദ്ദേഹം വിലയിരുത്തി. ‘പാര്‍ട്ടിയുടെ ആവശ്യം പക്ഷേ ഇതുവരെ സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല. സിബിഐയുടെ കാര്യം പുനപരിശോധിക്കണമെന്ന് രാജ്യത്തെ പ്രമുഖ പാര്‍ട്ടികളെല്ലാം തന്നെ പറഞ്ഞു കഴിഞ്ഞു. അഖിലേന്ത്യാതലത്തില്‍ അത് രാഹുല്‍ഗാന്ധിയും പറഞ്ഞുകഴിഞ്ഞു. സിബിഐയെ തടയുന്നതിന് മറ്റു നിയമതടസ്സങ്ങളൊന്നും നിലനില്ക്കുന്നില്ല. സിബിഐ ഇടപെടലുകളുടെ കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കോടതിയ്ക്കുതന്നെ സംശയമുണ്ടായി. ഈ ആവശ്യം പൊതുസമൂഹത്തില്‍ നിന്നുതന്നെ വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും. പൂര്‍ണ്ണമായ സിബിഐ വിരോധം ഈ സര്‍ക്കാരിനില്ല, മുന്‍പും ഉണ്ടായിരുന്നില്ല’. മന്ത്രി കൂട്ടിച്ചേര്‍ത്തു.