Top

സംസ്ഥാനങ്ങള്‍ പൊതുസമ്മതം എടുത്തുകളഞ്ഞതോടെ സിബിഐ ഇനിയെന്ത് ചെയ്യും?; അല്‍പം ബുദ്ധിമുട്ടുമെന്ന് ഉദ്യോഗസ്ഥര്‍

മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നാലെ ജാര്‍ഖണ്ഡും പൊതുസമ്മതം പിന്‍വലിച്ചിരുന്നു

7 Nov 2020 1:00 AM GMT

സംസ്ഥാനങ്ങള്‍ പൊതുസമ്മതം എടുത്തുകളഞ്ഞതോടെ സിബിഐ ഇനിയെന്ത് ചെയ്യും?; അല്‍പം ബുദ്ധിമുട്ടുമെന്ന് ഉദ്യോഗസ്ഥര്‍
X

സംസ്ഥാനങ്ങള്‍ പൊതുസമ്മതം എടുത്തുകളയുന്നതിനെ നേരിടാന്‍ സിബിഐയ്ക്ക് വളരെ കുറവ് നിയസാധ്യതകള്‍ മാത്രമാണുള്ളതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍. കേരളമുള്‍പ്പടെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ പൊതുസമ്മതം എടുത്തുകളയുന്നതോടെ സംസ്ഥാനങ്ങളുടെ പരിധിയ്ക്ക് കീഴില്‍ വരുന്ന കേസുകളില്‍ ഇടപെടുന്നതിന് സിബിഐക്ക് പരിമിതികളുണ്ടാകുമെന്നും പേര് വെളിപ്പെടുത്താത്ത സിബിഐ ഉദ്യോഗസ്ഥര്‍ ഹിന്ദുസ്ഥാന്‍ ടൈമസിനോട് പറഞ്ഞു.

‘പൊലീസ് സേന സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നതായതിനാല്‍ തന്നെ പൊതുസമ്മതം എടുത്തുകളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ അത് പിന്‍വലിപ്പിക്കാന്‍ സിബിഐക്ക് കഴിയില്ല. അതിനാല്‍ ഓരോ കേസ് അന്വേഷിക്കാനുള്ള അനുവാദത്തിനുമായി ഏജന്‍സിക്ക് കോടതിയെ സമീപിക്കേണ്ട സാഹചര്യമുണ്ടാകും. കേന്ദ്രസര്‍ക്കാരിന് ഇതറിയാം. ഈ സാഹചര്യത്തെ നേരിടാനുള്ള ആലോചനയിലുമാണ്’, സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘സിബിഐയ്ക്ക് ഈ തീരുമാനത്തെ വെല്ലുവിളിക്കാനാകില്ല, കാരണം പൊലീസ് സംവിധാനം സംസ്ഥാനസര്‍ക്കാരുകളുടെ വിഷയമാണ്. എന്നാല്‍ സിബിഐക്ക് ഒരോ കേസുമായി ഹൈക്കോടതികളെയോ സുപ്രിംകോടതിയേയോ സമീക്കാം. രാജ്യത്തെ മറ്റ് അന്വേഷണ ഏജന്‍സികളായ എന്‍ഐഎയ്ക്കും ഇഡിയ്ക്കും തീവ്രവാദം, കള്ളപ്പണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ രാജ്യത്തെവിടെയും അന്വേഷണം നടത്താന്‍ പ്രത്യേകാനുമതിയുള്ളപ്പോള്‍ സിബിഐക്ക് അതില്ല’, മുന്‍ സിബിഐ ഡയറക്ടര്‍ എ പി സിംഗ് പറഞ്ഞു.

‘കേരളവും മഹാരാഷ്ട്രയും പോലുള്ള വലിയ സംസ്ഥാനങ്ങള്‍ പൊതുസമ്മതം എടുത്തുകളയുമ്പോള്‍ അത് വലിയ പ്രതിസന്ധിയിലേക്കാണ് സിബിഐയെ നയിക്കുക. ഈ നീക്കത്തിലൂടെ ഏജന്‍സിക്ക് സംസ്ഥാനങ്ങള്‍ക്കകത്തെ അന്വേഷണങ്ങള്‍ക്ക് സ്ഥാനസര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാകും. ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രകാരം പ്രവര്‍ത്തിക്കുന്ന സിബിഐയ്ക്ക് സംസ്ഥാനത്തിന്റെ പൊതു സമ്മതത്തോടെ മാത്രമേ അന്വേഷണത്തിന് അധികാരമുള്ളൂ’, മറ്റൊരു സിബിഐ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ സിബിഐയെ സംസ്ഥാനങ്ങള്‍ക്കെതിരായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നാണ് സംസ്ഥാനസര്‍ക്കാരുകള്‍ ആരോപിക്കുന്നത്. മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നാലെ ജാര്‍ഖണ്ഡും പൊതുസമ്മതം പിന്‍വലിച്ചിരുന്നു.

Next Story