
കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വി മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐയെന്ന് കാനം പറഞ്ഞു. രാജ്യത്തിന്റെ അന്വേഷണ ഏജന്‍സിയാണ്. സിബിഐ അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കെതിരേയും വേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ സിബിഐ കേസ് ഏറ്റെടുക്കാന്‍ പാടുള്ളൂ. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാന ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തില്‍ സിബിഐ വിവേചനം കാണിക്കുകയാണെന്നും കാനം ചൂണ്ടിക്കാട്ടി.
കശുവണ്ടി കോര്പറേഷന് അഴിമതിക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥന് കെ എ രതീഷിനേയും ഐഎന്‍ടിയുസി നേതാവ് ആര് ചന്ദ്രശേഖരനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനെ കാനം ന്യായീകരിച്ചു.
തോട്ടണ്ടി അഴിമതിക്കേസില്‍ വിചാരണക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതില്‍ തെറ്റില്ല. വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാരിന് കൂടി പൂര്‍ണബോധ്യമുണ്ടാകണം.
കാനം രാജേന്ദ്രന്
സിബിഐ ഇടപെടലുകളെ തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ എതിര്‍ത്ത് വി മുരളീധരന് രംഗത്തെത്തിയിരുന്നു. നേരിട്ട് കേസെടുക്കുന്നതില്‍ നിന്ന് സിബിഐയെ തടയാന്‍ സംസ്ഥാനത്തിനാകില്ല. സിബിഐയെ തടയാനുള്ള നീക്കം അഴിമതി പുറത്തുവരുമെന്നതിനാലാണ്. ലൈഫ് ഉള്‍പ്പെടെയുള്ള തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്നുള്ള ഭയമാണ് എതിര്‍പ്പിന് കാരണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയുന്നു. സിബിഐയെ തടയാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയാണെന്നും മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.