Top

‘കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു, പിന്നീട് നിരസിച്ചപ്പോള്‍ പകവീട്ടി’; ഹാത്രസ് കേസില്‍ സിബിഐ കുറ്റപത്രം ഇങ്ങനെ

ബലാത്സംഗം നടന്നിട്ടില്ലെന്ന യുപി പൊലീസിന്റെ വാദങ്ങളെ സിബിഐയുടെ കുറ്റപത്രം തള്ളുന്നുണ്ട്. പെണ്‍കുട്ടിയുമായുള്ള ബന്ധം തകര്‍ന്നതില്‍ സന്ദീപ് നിരാശനായിരുന്നുവെന്നും ഈ അമര്‍ഷം മൂലമാണ് ഇയാള്‍ ആക്രമണം പദ്ധതിയിട്ടതെന്നും സിബിഐ പറയുന്നു.

21 Dec 2020 2:17 AM GMT

‘കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു, പിന്നീട് നിരസിച്ചപ്പോള്‍ പകവീട്ടി’; ഹാത്രസ് കേസില്‍ സിബിഐ കുറ്റപത്രം ഇങ്ങനെ
X

ഉത്തര്‍പ്രദേശ് ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടിമരിച്ച കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയും കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി സന്ദീപും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് പെണ്‍കുട്ടി ഇയാളെ നിരസിച്ചതാണ് ബലാത്സംഗത്തില്‍ കലാശിച്ചതെന്നും സിബിഐ കണ്ടെത്തുന്നു. കഴിഞ്ഞ മാര്‍ച്ച് മാസം വരെ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. പെണ്‍കുട്ടിയോടുള്ള പകതീര്‍ക്കാന്‍ പ്രതി ആക്രമണം പദ്ധതിയിട്ടതായും സിബിഐ പറയുന്നു.

ബലാത്സംഗം നടന്നിട്ടില്ലെന്ന യുപി പൊലീസിന്റെ വാദങ്ങളെ സിബിഐയുടെ കുറ്റപത്രം തള്ളുന്നുണ്ട്. പെണ്‍കുട്ടിയുമായുള്ള ബന്ധം തകര്‍ന്നതില്‍ സന്ദീപ് നിരാശനായിരുന്നുവെന്നും ഈ അമര്‍ഷം മൂലമാണ് ഇയാള്‍ ആക്രമണം പദ്ധതിയിട്ടതെന്നും സിബിഐ പറയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പാണ് പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയത്തിലായതെന്ന് സിബിഐ വിശദീകരിക്കുന്നു. ഒഴിഞ്ഞ സ്ഥലങ്ങളില്‍വെച്ച് ഇവര്‍ പതിവായി കാണാറുണ്ടായിരുന്നുവെന്നും സിബിഐ സൂചന നല്‍കുന്നു. പ്രതി പലവട്ടം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തതിന് തെളിവുകളുണ്ട്. ഇവരുടെ ബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും സന്ദീപും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും സിബിഐ പറയുന്നു. എന്നാല്‍ സന്ദീപുമായി തങ്ങള്‍ ഫോണില്‍ സംസാരിച്ചിട്ടേയില്ലെന്നാണ് പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴി.

തന്റെ സഹോദരിയും പ്രതിയും തമ്മില്‍ പ്രണയത്തിലാണന്നത് കെട്ടിച്ചമയ്ക്കപ്പെട്ട കഥയാണെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തോട് പറഞ്ഞു. ഇത്തരത്തില്‍ യാതൊരു ഫോണ്‍സംഭാഷണവും നടന്നിട്ടില്ലെന്നും സേവ് ചെയ്തിട്ടില്ലാത്ത ചില നമ്പരുകളില്‍ നിന്ന് രണ്ടോ മൂന്നോ മിസ്ഡ് കാളുകള്‍ വന്നതൊഴിച്ചാല്‍ സിബിഐ പറയുന്നതുമായി ബന്ധപ്പെട്ട യാതൊരു സംഭവവും നടന്നിട്ടില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.

Next Story