Top

സിബിഐ ഡയറക്ടറായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ ബെഹ്‌റയും; യോഗം 24ന്

പുതിയ സിബിഐ ഡയറക്ടര്‍ നിയമനത്തിലുള്ള കാലതാമസത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നതിനിടെയാണ് ഉന്നതതല സമിതി യോഗം.

13 May 2021 2:55 AM GMT

സിബിഐ ഡയറക്ടറായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ ബെഹ്‌റയും; യോഗം 24ന്
X

പുതിയ സിബിഐ ഡയറക്ടറിനെ തെരഞ്ഞെടുക്കുന്നതിനുള്ള ഉന്നതതല സമിതി യോഗം മെയ് 24ന് ചേരാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ, കോണ്‍ഗ്രസ് നേതാവ് അധാര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് പങ്കെടുക്കുക. സിബിഐ ഡയറക്ടറായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സിബിഐ ഡയറക്ടര്‍ നിയമനത്തിലുള്ള കാലതാമസത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നതിനിടെയാണ് ഉന്നതതല സമിതി യോഗം. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുള്‍ മൂലമാണ് സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത് വൈകുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയ്ക്ക് വിശദീകരണം നല്‍കിയിരുന്നു.

ബെഹ്‌റയെക്കൂടാതെ ഇടക്കാല സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹ, ബിഎസ്എഫ് നാര്‍കോട്ടിക് ബ്യൂറോ തലവന്‍ രാകേഷ് അസ്താന, എന്‍ഐഎ മേധാവി വൈസി മോദി, സിഐഎസ്എഫ് തലവന്‍ സുബോധ്കാന്ത് ജസ്വാള്‍, ഐടിബിപി മേധാവി എസ്എസ് ദേശ്വാള്‍, ഉത്തര്‍പ്രദേശ് ഡിജിപി എച്ച്‌സി അവാസ്തി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇവരുടെ പേരുകള്‍ അടങ്ങുന്ന ലിസ്റ്റ് സമിതിയ്ക്ക് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ആര്‍കെ ശുക്ല വിരമിച്ചതിനുശേഷം സിബിഐ ഡയറക്ടര്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഇടക്കാല ഡയറക്ടറായി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്രവീണ്‍ സിന്‍ഹയെ നിയമിക്കുകയായിരുന്നു. 1985 ബാച്ച് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് ലേക്‌നാഥ് ബെഹ്‌റ. ആലപ്പുഴ എസ്പിയായായിരുന്നു ബൈഹ്‌റയുടെ ആദ്യ നിയമനം. പിന്നീട് തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറായും കൊച്ചി പൊലീസ് കമ്മീഷണറായും പ്രവര്‍ത്തിച്ചു. പൊലീസ് ആസ്ഥാനത്ത് ഐജി, എഡിജിപി, വിജിലന്‍സ് ഡയറക്ടര്‍ എന്നീ പദവികളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

Next Story