അദ്വാനി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയാണ് ചെയ്തത്, ഇളക്കിവിടുകയല്ല; സിംഗാളും; ബാബറിയില്‍ സിബിഐ കോടതി
ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനി ബാബറിയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്ന് സിബിഐ പ്രത്യേക കോടതി.ബാബറി മസ്ജ്ദ തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ പരാമര്‍ശം. അശോക് സിംഗാള്‍ രാം ലല്ല സംരക്ഷിക്കാനാണ് ശ്രമിച്ചത്. നേരിട്ട് അശോക് സിംഗാളും ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ ശ്രമിച്ചില്ലെന്നും വിധിയില്‍ പറയുന്നു. മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചന കുറ്റമായിരുന്നു അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ഉണ്ടായിരുന്നത്. കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടാണ് കോടതി ഉത്തരവ്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചാണ് എന്ന് […]

ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനി ബാബറിയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്ന് സിബിഐ പ്രത്യേക കോടതി.ബാബറി മസ്ജ്ദ തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ പരാമര്‍ശം. അശോക് സിംഗാള്‍ രാം ലല്ല സംരക്ഷിക്കാനാണ് ശ്രമിച്ചത്. നേരിട്ട് അശോക് സിംഗാളും ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ ശ്രമിച്ചില്ലെന്നും വിധിയില്‍ പറയുന്നു. മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചന കുറ്റമായിരുന്നു അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ഉണ്ടായിരുന്നത്.
കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടാണ് കോടതി ഉത്തരവ്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചാണ് എന്ന് കരുതാന്‍ തെളിവില്ലെന്നും വിധിയില്‍ പറയുന്നു. കേസില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട 32 മുപ്പത്തിരണ്ട് പേരെയാണ് കോടതി വെറുതെ വിട്ടത്. ഇതില്‍ ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ എന്നിവര്‍ ഈ പട്ടികയിലുണ്ടായിരുന്നു.
സിബിഐ പ്രതികള്‍ക്കെതിരെ നല്കിയ തെളിവുകള്‍ ശക്തമല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണ്. അല്ലാതെ ആസൂത്രിതമല്ലെന്നാണ് കോടതി വിലയിരുത്തിയത്.
ഇരുപ്പത്തെട്ട് വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. അയോധ്യയിലെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷമാകാനിരിക്കെയാണ് ബാബരി മസ്ജിദ് ധ്വംസന കേസിലെ വിധി വന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉയര്‍ന്ന് വന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി എല്‍കെ അദ്വാനി നടത്തിയ രഥയാത്രയെ തുടര്‍ന്നായിരുന്നു തകര്‍ക്കപ്പെട്ടത്.
1992 ഡിസംബര്‍ ആറിനാണ് ആയിരക്കണക്കിന് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത് താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ യുപി പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കവര്‍ച്ച, അക്രമം, കലാപം, ആരാധനാലയം തകര്‍ക്കല്‍, ശത്രുത വളര്‍ത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ആയിരക്കണക്കിന് കര്‍സേവകര്‍ക്കെതിരെ ആയിരുന്നു ഒരു കേസ്. കൂടാതെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി, വിഎച്ച്പി, ബജ്റംഗ്ദള്‍, ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു. എല്‍കെ അദ്വാനി, അശോക് സിംഗാള്‍, വിനയ് കത്യാര്‍, ഉമാ ഭാരതി, സാധ്വി റിതംബരസ, മുരളി മനോഹര്‍ ജോഷി, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ തുടങ്ങി എട്ട് പേര്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
വിവാദം കൊടുമ്പിരി കൊണ്ട സാഹചര്യത്തില്‍ ഡിസംബര്‍ 16ന് പഞ്ചാബ് ഹൈക്കോടതി ജഡ്ജിയായിരുന്ന എംഎസ് ലിബര്‍ഹാനെ പള്ളി തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് നിയോഗിച്ചു. അന്നത്തെ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഗ് ഉള്‍പ്പടെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും പങ്കും സുരക്ഷാവീഴ്ചകളും അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ 48 തവണ സമയം നീട്ടി നല്കിയ ശേഷം 2009ലാണ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എല്‍കെ അദ്വാനിയും എബി വാജ്പേയിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉത്തരവാദികളാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് അന്ന് കമ്മീഷന് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്.
1993 ഒക്ടോബര്‍ 5ന് പള്ളി തകര്‍ത്ത് ഒരു വര്‍ഷം അടുക്കാറാവുമ്പോഴാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറും ചേര്‍ത്ത് പൊതു കുറ്റപത്രമായിരുന്നു സി.ബി.ഐ തയ്യാറാക്കിയിരുന്നത്. ബാല്‍ താക്കറെ, എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പടെയുള്ള ശിവസേന സംഘ പരിവാര്‍ നേതാക്കള്‍ക്കെതിരെയുള്ള ഗൂഡാലോചനക്കുറ്റം ഉള്‍പ്പടെ ചേര്‍ത്ത് 49 പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം തയ്യാറാക്കിയിരുന്നത്. പിന്നീട് പള്ളി പൊളിക്കുന്നതിന് തലേ ദിവസം ബജ്റംഗ്ദള്‍ നേതാവ് വിനയ് കത്യാറിന്റെ വീട്ടില്‍ രഹസ്യയോഗം നടന്നിരുന്നുവെന്നും ഗൂഢാലോചന നടത്തിയെന്നും സിബിഐ കണ്ടെത്തുകയും ചെയ്തു. ഈ യോഗത്തിലായിരുന്നു പള്ളി പൊളിക്കാന്‍ അവര്‍ തീരുമാനിച്ചത്. അദ്വാനിയുള്‍പ്പെടെയുള്ള എട്ട് പേര് യോഗത്തില്‍ പങ്കെടുത്തുവെന്നും സിബിഐ കണ്ടെത്തി.
എന്നാല്‍ 2001 മേയ് നാലിന് 21 പേരെ കേസില്‍ നിന്ന് ഒഴിവാക്കി സെഷന്‍സ് കോടതി ഉത്തരവിറക്കി. പിന്നീട് 2005 ജൂലൈയില്‍ നേതാക്കളെ ഒഴിവാക്കിയ വിധി റദ്ദ് ചെയ്ത അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് അദ്വാനിയും ജോഷിയും അടക്കം എട്ട് പേര്‍ക്കെതിരെ സി.ബി.ഐ പ്രത്യേക കോടതി ഗൂഡാലോചനക്കുറ്റം ചുമത്തി.
2005 ഓഗസ്റ്റ് 30ന് കേസില്‍ വിചാരണ ആരംഭിക്കുമ്പോള്‍ ബാബരി മസ്ജിദ് ധ്വംസനത്തിന് 13 ആണ്ടുകളാണ് ഉണ്ടായിരുന്നത്. ഈ വാദം പുരോഗമിക്കുന്നതിനിടെ 2010 മേയില്‍ അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി വിധി ശരിവെച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കി. തുടര്‍ന്ന് സുപ്രീം കോടതിയില്‍ പോയ സിബിഐയുടെയും ഹാജി മഹമൂദ് അഹമ്മദിന്റെയും വാദം ശരി വെച്ച് കൊണ്ട് ഗൂഡാലോചനക്കുറ്റം പുനസ്ഥാപിച്ചതോടെയാണ് ബാബരി മസ്ജിദ് ധ്വംസനം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.
നേരത്തെ ഒഴിവാക്കപ്പെട്ട 21 പേര്‍ക്കെതിരെയും ഗൂഡാലോക്കുറ്റം പുനസ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ ഇതില്‍ എട്ട് പേര് വിചാരണ കാലയളവില്‍ മരണമടഞ്ഞതിനാല്‍ അവരെ ഒഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനകം വിധി പ്രഖ്യാപിക്കാനും അതുവരെ ജഡ്ജിയെ മാറ്റരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എന്നിട്ടും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നെയും നീണ്ട് പോയ ശേഷമാണ് ഇന്ന് ലഖ്നൗ സിബിഐ കോടതി വിധി പ്രഖ്യാപനം നടത്തിയത്.