‘അത് സഭയുടെ രാഷ്ട്രീയ നിലപാടല്ല’; ബിഷപ്പിന്റെ കത്തില്‍ പ്രതികരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ്
പാലക്കാട് രൂപതാ മെത്രാന് മാര്‍ ജേക്കബ് മനത്തോടത്ത് വ്യവസായിയും രൂപതാ അംഗവുമായ ഐസക് വര്‍ഗീസിന് മണ്ണാര്‍ക്കാട് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നല്‍കിയതില്‍ പ്രതികരണവുമായി കത്തോലിക്കാ കോണ്‍ഗ്രസ്. ശുപാര്‍ശക്കത്ത് വിവിധ മാധ്യമങ്ങളിലൂടെ രാഷ്ട്രീയവും മതപരവുമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതില്‍ പാലക്കാട് രൂപത ഉത്കണ്ഠ രേഖപ്പെടുത്തുകയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പ്രസ്താവിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതികരണം ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര് രൂപതാ അംഗങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനായി, സ്ഥാനാര്‍ത്ഥിയുടെ കക്ഷിരാഷ്ട്രീയം പരിഗണിക്കാതെ ശുപാര്‍ശക്കത്തുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത്തരം […]

പാലക്കാട് രൂപതാ മെത്രാന് മാര്‍ ജേക്കബ് മനത്തോടത്ത് വ്യവസായിയും രൂപതാ അംഗവുമായ ഐസക് വര്‍ഗീസിന് മണ്ണാര്‍ക്കാട് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നല്‍കിയതില്‍ പ്രതികരണവുമായി കത്തോലിക്കാ കോണ്‍ഗ്രസ്. ശുപാര്‍ശക്കത്ത് വിവിധ മാധ്യമങ്ങളിലൂടെ രാഷ്ട്രീയവും മതപരവുമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതില്‍ പാലക്കാട് രൂപത ഉത്കണ്ഠ രേഖപ്പെടുത്തുകയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പ്രസ്താവിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതികരണം
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര് രൂപതാ അംഗങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനായി, സ്ഥാനാര്‍ത്ഥിയുടെ കക്ഷിരാഷ്ട്രീയം പരിഗണിക്കാതെ ശുപാര്‍ശക്കത്തുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത്തരം ശുപാര്‍ശകള്‍ സഭയുടെ രാഷ്ട്രീയ നിലപാടുകളുടെ വെളിപ്പെടുത്തല്‍ അല്ല, മറിച്ച് പ്രസ്തുത രൂപതാ അംഗത്തിന് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനായി, രൂപതാ അംഗം എന്ന നിലയില്‍ നല്കുന്ന പിന്തുണ മാത്രമാണ്.
പാലക്കാട് രൂപതാ മെത്രാന് മാര്‍ ജേക്കബ് മനത്തോടത്ത് നല്കിയ ശുപാര്‍ശക്കത്തിന്റെ പേരില്‍ രാഷ്ട്രീയ ചേരിതിരിവും മതസ്പര്‍ദ്ധയും ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. അദ്ദേഹം നല്കിയ ശുപാര്‍ശക്കത്ത് സഭയുടെ രാഷ്ട്രീയ നിലപാടായി ദുര്‍വ്യാഖ്യാനിക്കുന്നത് സഭയെയും സമുദായത്തെയും സമൂഹ മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് യോഗം വിലയിരുത്തി. കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി, പാലക്കാട് രൂപത പി.ആര്.ഒ ഫാ.ജോബി കാച്ചപ്പിള്ളി, കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.
കഞ്ചിക്കോട്ടെ വ്യവസായിയാണ് ബിഷപ്പ് ശുപാര്‍ശ ചെയ്ത ഐസക്ക് വര്‍ഗീസ്. അദ്ദേഹത്തെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയാക്കണമെന്നും അങ്ങനെയെങ്കില്‍ പാര്‍ട്ടിയെ സഭ പിന്തുണയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്. സഭ പിന്തുണച്ചാല്‍ അദ്ദേഹം വിജയിക്കുമെന്നും ബിഷപ്പ് കത്തില്‍ വ്യക്തമാക്കി. മുന്‍പ് സിപിഐ വിജയിച്ച മണ്ഡലമായിരുന്നു മണ്ണാര്‍ക്കാട്. എന്നാല്‍ കഴിഞ്ഞതവണ യുഡിഎഫാണ് വിജയിച്ചത്.
അതേസമയം, കത്തിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രന് അറിയിച്ചു. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ഐസക്ക് വര്‍ഗീസിന്റെ കത്ത് സംബന്ധിച്ച് അറിയില്ലെന്നുമാണ് സിപിഐ ജില്ലാ നേതൃത്വം പ്രതികരിച്ചത്. എന്നാല്‍ കാനത്തിന് താന്‍ തന്നെയാണ് കത്ത് കൈമാറിയതെന്ന് ഐസക്ക് വര്‍ഗീസ് പറഞ്ഞു. മത്സരിക്കാന്‍ താല്പര്യമുണ്ട്. സഭാ വിശ്വാസിയായതിനാലാണ് ബിഷപ്പ് കത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.