Top

‘കാട്ടില്‍ പോയി പണിയെടുത്താല്‍ മതി’; സംഗീത നാടക അക്കാദമി സെക്രട്ടറി അധിക്ഷേപിച്ചെന്ന് ആദിവാസി കലാകാരന്‍മാര്‍

സംഗീത നാടക അക്കാദമിയുടെ ജാതിവിവേചനത്തെ സംബന്ധിച്ച ധാരളം വാര്‍ത്തകളാണ് രാമകൃഷന് അവസരം നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്

6 Oct 2020 8:46 PM GMT

‘കാട്ടില്‍ പോയി പണിയെടുത്താല്‍ മതി’; സംഗീത നാടക അക്കാദമി സെക്രട്ടറി അധിക്ഷേപിച്ചെന്ന് ആദിവാസി കലാകാരന്‍മാര്‍
X

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നിഷേധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ 2018ല്‍ തങ്ങള്‍ക്ക് അക്കാദമിയില്‍ നിന്ന് നേരിട്ട അപമാനം തുറന്നുപറഞ്ഞ് ആദിവാസി കലാകാരന്മാര്‍. രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന നാടകോത്സവത്തിന് ജോലിക്കെത്തിയ അട്ടപ്പാടി ഗോത്രകലാകാരന്മാരോട് അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ ‘നിങ്ങള്‍ കാട്ടില്‍പ്പോയി പണിയെടുത്താല്‍ മതി’ എന്ന് പറഞ്ഞ് അപമാനിച്ചുവിട്ടതായാണ് പരാതി. അട്ടപ്പാടി ആനവായ് സ്വദേശിയായ ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗോത്രകലാകാരന്മാരാണ് തങ്ങള്‍ നേരിട്ട വംശീയ അധിക്ഷേപം വെളിപ്പെടുത്തിയത്. മാധ്യമം ദിനപത്രത്തിലൂടെയായിരുന്നു ഗോത്രകലാകാരന്മാരുടെ വെളിപ്പെടുത്തല്‍.

നാടകോത്സവസീസണിലെ ജോലികള്‍ ഗോത്രകലാകാരന്മാര്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം കൂടിയായിരുന്നു. പണിയും വരുമാനവുമില്ലാതെ കഷ്ടപ്പെടുന്ന കലാകാരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ 2018 നാടകോത്സവത്തില്‍ പണിക്കെത്തിയ കലാകാരന്മാരെ ഇവിടുത്തെ ജോലികള്‍ ചെയ്യാന്‍ ഇവിടെയുള്ളവര്‍ മതി എന്നുപറഞ്ഞ് അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ മടക്കിയയ്ക്കുകയായിരുന്നുവെന്ന് ചന്ദ്രന്‍ മാധ്യമത്തോട് പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന വംശീയ അധിക്ഷേപത്തെക്കുറിച്ച് ചന്ദ്രനും സംഘവും ആ സമയത്ത് ആരോടും പരാതിപ്പെട്ടിരുന്നില്ല. ആര്‍എല്‍വി രാമകൃഷ്ണന് അക്കാദമിയില്‍ നിന്നും നേരിടേണ്ടിവന്ന ജാതി വിവേചനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് തങ്ങളുടെ അനുഭവം തുറന്നുപറയാന്‍ ഇവര്‍ തീരുമാനിച്ചത്.

അക്കാദമിയില്‍ നടന്നുവരാറുള്ള അന്താരാഷ്ട്ര നാടകോത്സവത്തിനുള്ള പുറംപണികള്‍ക്കായാണ് അട്ടപ്പാടി ഊരില്‍ നിന്നും ഗോത്രകലാകാരന്മാര്‍ എത്താറുള്ളത്. സാങ്കേതിക വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റ് സുജാതന്റെ സഹായികളായും ഊരില്‍ നിന്നും കലാകാരന്മാര്‍ എത്തുന്നത് പതിവായിരുന്നു. എന്നാല്‍ 2018 ലെ നാടകോത്സവത്തില്‍ സഹകരിക്കാനുള്ള അവസരം എന്‍ രാധാകൃഷ്ണന്‍ നായര്‍ നിഷേധിച്ചുവെന്നും ഇത് വംശീയ വിവേചനമാണെന്നും കലാകാരന്മാര്‍ പരാതിപ്പെടുന്നു.

ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ ജാതിവിവേചനമില്ലെന്നായിരുന്നു അക്കാദമി അധികൃതരുടേയും ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിതയുടേയും വിശദീകരണം. എന്നാല്‍ സംഗീത നാടക അക്കാദമിയുടെ ജാതിവിവേചനത്തെ സംബന്ധിച്ച ധാരളം വാര്‍ത്തകളാണ് രാമകൃഷന് അവസരം നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അക്കാദമിയുടെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ദലിത് വിവേചനം പ്രകടമായിരുന്നെന്ന് ആക്ടിവിസ്റ്റ് ധന്യാരാമന്‍ ആക്ഷേപിച്ചിരുന്നു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡോ എം എന്‍ വിനയകുമാരിന്റെ മകനും നാടകപ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ നാടകത്തെ അവഗണിച്ചതും വിവാദത്തിലായിരുന്നു. 2019ലെ അമേച്വര്‍ നാടക മത്സരത്തിലെ വിജയികളായ തൃശ്ശൂര്‍ മാളി നാടകസംഘത്തെ വേദിയില്‍ വെച്ച് അപമാനിച്ച സംഭവവും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

Next Story