Top

സ്പ്രിങ്ക്‌ളറിന് പിന്നാലെ ഡാറ്റാ കുരുക്ക്; കനേഡിയന്‍ ഗവേഷകര്‍ക്ക് അനധികൃതമായി കൈമാറുന്നത് പത്തുലക്ഷം പേരുടെ വിവരങ്ങള്‍, രാജീവ് സദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനാ മെയിലുകള്‍ പുറത്തുവിട്ട് കാരവന്‍

സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരും ഗവേഷക സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും തമ്മില്‍ കൈമാറിയ ഇമെയില്‍ വിവരങ്ങളടക്കമാണ് കാരവന്‍ പുറത്തുവിട്ടിരിക്കുന്നത്.

28 Oct 2020 4:11 AM GMT

സ്പ്രിങ്ക്‌ളറിന് പിന്നാലെ ഡാറ്റാ കുരുക്ക്; കനേഡിയന്‍ ഗവേഷകര്‍ക്ക് അനധികൃതമായി കൈമാറുന്നത് പത്തുലക്ഷം പേരുടെ വിവരങ്ങള്‍, രാജീവ് സദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ  ഗൂഢാലോചനാ മെയിലുകള്‍ പുറത്തുവിട്ട് കാരവന്‍
X

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കാനഡയിലെ ഗവേഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ കേരള സര്‍ക്കാരിന്റെ ആരോഗ്യ സര്‍വ്വേ തുടരുന്നതായി കാരവന്‍ മാഗസിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പദ്ധതി, അന്നത്തെ ഗവേഷകര്‍ തന്നെ പുതിയ പേരില്‍ നടപ്പാക്കുകയാണെന്നും കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പിഎച്ച്ആര്‍ഐ) എന്ന ഗവേഷണ സ്ഥാപനത്തിനാണ് കേരളത്തിലെ ആരോഗ്യ വിവരങ്ങള്‍ കൈമാറുന്നത്.

സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരും ഗവേഷക സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും തമ്മില്‍ കൈമാറിയ ഇമെയില്‍ വിവരങ്ങളടക്കമാണ് കാരവന്‍ പുറത്തുവിട്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎച്ച്ആര്‍ഐയുമായി സമാനമായ കരാറിലേര്‍പ്പെട്ടെന്ന് ആരോപിച്ച് അന്ന് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ പഴയ ഗവേഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് പദ്ധതി വീണ്ടും നടപ്പാക്കാന്‍ നടത്തിയ നീക്കങ്ങളും കാരവന്‍ റിപ്പോര്‍ട്ടില്‍ വെളിവാക്കപ്പെടുന്നു.

ആരോഗ്യ വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്‍, പിഎച്ച്ആര്‍ഐയുടെ തലവനും മാക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും കേരളത്തില്‍ ജനിച്ച കനേഡിയന്‍ പൗരനുമായ സലിം യൂസഫ്, തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പ്രൊഫസര്‍ കെ വിജയകുമാര്‍, അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍നിന്നും വിരമിച്ച പ്രൊഫസര്‍ കെആര്‍ തങ്കപ്പന്‍ എന്നിവരാണ് ഇമെയിലുകളും കത്തുകളും കൈമാറിയതെന്നാണ് കാരവന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2013ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ആരോഗ്യ സര്‍വ്വെ തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി അവതരിപ്പിച്ചത്. അധികാരത്തിലെത്തി രണ്ടാം വര്‍ഷം, 2018 ഡിസംബറിലാണ് കിരണ്‍ (കേരള ഇന്‍ഫര്‍മേഷന്‍ ഓഫ് റെസിഡെന്‍സ്- ആരോഗ്യം നെറ്റ് വര്‍ക്ക്‌) എന്ന പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വ്വെ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍, സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യ ആഴ്ചയില്‍ത്തന്നെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ചര്‍ച്ചകള്‍ക്ക് വിജയ കുമാര്‍ തുടക്കംകുറിച്ചിരുന്നു. ഈ രണ്ട് സര്‍ക്കാരുകളും നടത്തിയ സര്‍വ്വെകളിലും ഭാഗബാക്കായിരുന്ന ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന എന്‍ജിഒയുടെ സെക്രട്ടറി കൂടിയാണ് വിജയകുമാര്‍.

രാജീവ് സദാനന്ദന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രിന്‍സിപല്‍ ഹെല്‍ത്ത് സെക്രട്ടറിയായിരുന്നു. കെഎച്ച്ഒബിഎസ് പദ്ധതി രൂപീകരിക്കുന്നതും ഇദ്ദേഹത്തിന്റെ കീഴിലാണ്. പ്രതിഷേധത്തെത്തുടര്‍ന്ന് കെഎച്ച്ഒബിഎസ് നിര്‍ത്തിവെച്ചതിന് ശേഷം അദ്ദേഹം 2013ല്‍ കേന്ദ്ര സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ 2016 മെയ് യില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ച് രാജീവ് സദാനന്ദനെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ജൂണ്‍ മൂന്നിന് വിജയകുമാര്‍ പിഎച്ച്ആര്‍ഐയുടെ പ്രോഗ്രാം കോഡിനേറ്റര്‍ സുമതി രംഗരാജന് അയച്ച കുറിപ്പ് കാരവന്‍ ഉദ്ധരിക്കുന്നു, ‘രാജീവ് സദാനന്ദന്‍ അധികാരം ഏറ്റെടുത്തു. തീരം അനുകൂലമാണ്. നമുക്ക് മുന്നോട്ട് പോയാലോ? (‘Mr rajeev sadanandan took charge. Coast is clear. Shall v plan a go?’)

പത്തുമിനുട്ടിനകം സുമതി രംഗരാജന്റെ മറുപടിയുമെത്തി. മറുപടി ഇങ്ങനെ, ‘അതൊരു ശുഭവാര്‍ത്തയാണല്ലോ വികെ. ഞാന്‍ ഡോ യൂസഫുമായി സംസാരിച്ച് മറുപടി അറിയിക്കാം’, (‘That great news VK. I will speak with Dr. Yusuf and get back to you.’ )

തൊട്ടടുത്ത ദിവസം യൂസഫ് രണ്ടുപേര്‍ക്കും മറുപടി നല്‍കുകയും ചെയ്തു. ‘അതേ പഠനത്തിന് നമുക്ക് ഒരു പുതിയ പേര് വേണം. (ഇപ്പോഴും പഴയ പഠനത്തോടുള്ള ആന്റിബോഡികള്‍ നിലനില്‍ക്കുന്നുണ്ട്). മന്ത്രിയെ നമ്മുടെ പക്ഷത്ത് കിട്ടേണ്ടതുണ്ട്. മുഖ്യമന്ത്രിയേയും. എന്നിട്ട്, മാധ്യമങ്ങളെ കൂടെനിര്‍ത്താന് മുന്നോടിയായുള്ള ആശയവിനിമയങ്ങള്‍ തുടങ്ങാം’. ‘മുന്നോട്ട് പോകാന്‍ തന്നെയാണ് എനിക്ക് താല്‍പര്യം. എന്നാല്‍ ഇത്തവണ എന്തെങ്കിലും രാഷ്ട്രീയമോ അല്ലാതെയോ ഉള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്. അതിനാല്‍, ഒരു മികച്ച തന്ത്രം ആലോചിച്ചതിന് ശേഷം പദ്ധതികള്‍ ആരംഭിക്കാം’.

എല്ലാ സൂചനകളുമനുസരിച്ച് മുഖ്യമന്ത്രിയും സര്‍ക്കാരും യൂസഫുമായി ധാരണയിലെത്തുകയും അവര്‍ ആലോചിച്ച പദ്ധതിക്ക് വഴങ്ങുകയും ചെയ്തു. 2016 ഒക്ടോബറില്‍ കിരണ്‍ പ്രൊജക്ടിന്റെ ആദ്യഘട്ട ചര്‍ച്ചയില്‍ത്തന്നെ ഡാറ്റാ കൈമാറ്റം മുന്‍കൂര്‍ വ്യവസ്ഥയായി യൂസഫ് അവതരിപ്പിച്ചു എന്നും കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സര്‍ക്കാര്‍ സമ്മതിക്കുകയാണെങ്കില്‍ നേരത്തെ തയ്യാറാക്കിയിരിക്കുന്ന രൂപരേഖയിലുള്ള കാര്യങ്ങള് നമുക്ക് ചെയ്യാം, പിഎച്ച്ആര്‍ഐക്ക് ദിവസവും ഡാറ്റ കൈമാറുകയാണെങ്കില്‍- ചിലപ്പോഴത് ഒരുദിവസത്തില്‍ പല തവണയുമാവാം’, യൂസഫ് എഴുതിയതിങ്ങനെ. (“If the govt will agree, we can use any approach that works—including what we had for the pilot—as long as we have data transferred to the PHRI every day—in fact few times a day!”

2018 ഡിസംബറില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കിരണ്‍ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധി ഇതര രോഗങ്ങളുടെ ആധിക്യവും അപകടസാധ്യതയും പഠിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്. ആഹാരക്രമം, വ്യായാമം, ജീവിതരീതി, മദ്യപാന-പുകവലി ശീലം, രോഗങ്ങളും ചികിത്സാ രീതികളുമടങ്ങിയ വിവരങ്ങളാണ് സര്‍വ്വേയിലൂടെ ശേഖരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനത്തിന്റെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ പകര്‍ച്ചവ്യാധി ഇതര രോഗവിവരങ്ങള്‍ ശേഖരിക്കുന്ന വിഭാഗമാണ് സര്‍വ്വേ നടത്തുന്നതെന്ന് പിന്നീട് അറിയിക്കുകയും ചെയ്തു. ‘സംസ്ഥാനത്തെ 14 ജില്ലകളിലെയും ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗിച്ച് 10 ലക്ഷം പേരില്‍ നടത്തുന്ന ചോദ്യോത്തര സര്‍വ്വെയാണിത്’, സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നതിങ്ങനെ.

അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സെസ് സെന്ററിന്റെയും ഇ-ഹെല്‍ത്ത് കേരളയുടെയും സഹകരണത്തോടെയാണ് കിരണ്‍ പദ്ധതി നടപ്പിലാക്കുകയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.

എന്നാല്‍, പിച്ച്ആര്‍ഐയുടെയും മാക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെയും ഇടപെടല്‍ സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നില്ല. പിഎച്ച്‌ഐര്‍ഐക്ക് ധനസഹായം നല്‍കുന്ന മാക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി കാനഡയിലെ ഒരു പബ്ലിക് യൂണിവേഴ്‌സിറ്റിയാണ്. വൈദ്യഗവേഷണവും മരുന്ന് പരീക്ഷണവും നടത്തുന്ന ആശുപത്രികളുടെ ശൃംഖലയായ ഹാമിള്‍ട്ടണ്‍ ഹെല്‍ത്ത് സയന്‍സസുമായി ഈ യൂണിവേഴ്‌സിറ്റിക്ക് ബന്ധമുണ്ട്. പിഎച്ച്ആര്‍ഐ തലവനായ യൂസഫ് ഹാമിള്‍ട്ടണിലെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റും മാക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനാണെന്നും കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന എന്‍ജിഒയുടെ പങ്കാളിത്തവും സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അച്യുതന്‍ മേനോന്‍ സെന്ററിലെ പ്രൊഫസര്‍ വി രാമന്‍കുട്ടിയാണ് ഇതിന്റെ ചെയര്‍മാന്‍.

നേരത്തെ രാഷ്ട്രീയമായി എതിര്‍പ്പുന്നയിച്ച പദ്ധതി തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ യാതൊരു മാറ്റവും കൂടാതെ നടപ്പിലാക്കുകയായിരുന്നെന്ന് കാരവന്‍ പുറത്തുവിട്ട രേഖകള്‍ തെളിയിക്കുന്നു.

Next Story