
കൊല്ലം: വോട്ടെടുപ്പ് ദിവസം ഇംഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശി വിനുകുമാര്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ വിശ്വസ്തനെന്ന് കണ്ടെത്തല്‍. ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട വിനു സരിത എസ് നായരുടെ സെക്യൂരിറ്റി ഗാര്‍ഡ് ആയി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
വിനുകുമാര്‍ പിടിയിലായതിന് പിന്നാലെ ഗോവയില്‍ നിന്ന് ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെയും പൊലീസ് കസ്റ്റഡിയിലെത്തിയിരുന്നു. ഷിജുവും സംഘവും തന്നെയാണ് തീവയ്പ്പിന് പിന്നിലെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇതോടെ സംഭവത്തില്‍ ഇഎംസിസിയും സരിതയും തമ്മില്‍ ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഷിജുവിനെ കൂടാതെ മാനേജര്‍ ശ്രീകാന്തും അറസ്റ്റിലായിട്ടുണ്ട്.
നിലവില്‍ സരിതയുടെ വിശ്വസ്തനെ ഉപയോഗിച്ച് ഷിജു വര്‍ഗീസ് നടത്തിയ ആസൂത്രിത അക്രമമാണ് തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായതെന്നാണ് പൊലീസിന്റെ അനുമാനം. ഷിജു വര്‍ഗീസും വിനുവുമായുള്ള ബന്ധം പുറത്തുവരുന്നതോടെ ആഴക്കടല്‍ കേസിലും പുതിയ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

തീവെയ്പ്പിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന വിനുകുമാറിന്റെ അറസ്റ്റ് ചാത്തന്നൂര്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ കോഴിക്കോട് നിന്ന് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിനുകുമാര്‍ പിടിയിലായത്.
ഇയാളുടെ നേതൃ ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് അറിയിക്കുന്നത്. സംഘാംഗങ്ങളിലൊരാളായ കൃഷ്ണകുമാറും കസ്റ്റഡിയിലാണെങ്കിലും കൊവിഡ് ബാധിതനായതിനാല്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്.
വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ചരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുണ്ടറയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് തന്റെ വാഹത്തിനുനേരെ ആക്രമണമുണ്ടായി എന്നായിരുന്നു അവകാശപ്പെട്ടത്.

തെരഞ്ഞെടുപ്പ് ദിവസം കുണ്ടറ കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പുലര്‍ച്ചെ തന്റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജുവിന്റെ പരാതി. എന്നാല്‍ ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് അത്തരമൊരു വാഹനം കടന്നു പോയതിന്റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല.