‘തെരഞ്ഞെടുപ്പാകുമ്പോള്‍ മാത്രം ജനങ്ങളെ സമീപിച്ചിട്ടു കാര്യമില്ല’; പഴയ സംഘടനാശൈലികൊണ്ട് ഇനി പിടിച്ചുനില്ക്കാന് കഴിയില്ലെന്ന് കെ സി വേണുഗോപാല്‍
കോണ്‍ഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ചില കാര്യങ്ങളില്‍ ശക്തമായ ഏകോപനത്തിന്റെ അഭാവമുണ്ടായെന്ന് ഐഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തില്‍ മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നതിനാവശ്യമായ ഏകോപനത്തില്‍ കുറവുവന്നെന്ന് വേണുഗോപാല്‍ പറഞ്ഞു. അത് പലപ്പോഴും യുഡിഎഫിനെ പ്രതിരോധത്തിലാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റി. ജനങ്ങള്‍ക്ക് സ്വീകാര്യരായ ആളുകളെ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു വേണ്ടത്. ‘ഇവിടെ ഇന്നയാള് അവിടെ മറ്റേയാള്‍’ എന്ന മുന്‍ ധാരണയോടെ പോയാല്‍ അപകടമുണ്ടാകും എന്ന മുന്നറിയിപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ് […]

കോണ്‍ഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ചില കാര്യങ്ങളില്‍ ശക്തമായ ഏകോപനത്തിന്റെ അഭാവമുണ്ടായെന്ന് ഐഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തില്‍ മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നതിനാവശ്യമായ ഏകോപനത്തില്‍ കുറവുവന്നെന്ന് വേണുഗോപാല്‍ പറഞ്ഞു. അത് പലപ്പോഴും യുഡിഎഫിനെ പ്രതിരോധത്തിലാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റി. ജനങ്ങള്‍ക്ക് സ്വീകാര്യരായ ആളുകളെ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു വേണ്ടത്. ‘ഇവിടെ ഇന്നയാള് അവിടെ മറ്റേയാള്‍’ എന്ന മുന്‍ ധാരണയോടെ പോയാല്‍ അപകടമുണ്ടാകും എന്ന മുന്നറിയിപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.
സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി നിലകൊണ്ടിടത്തെല്ലാം ജയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ അംശങ്ങളിലേക്ക് പോകണമെന്ന് തദ്ദേശ ഫലം പഠിപ്പിച്ചു. തെരഞ്ഞെടുപ്പാകുമ്പോള്‍ മാത്രം ജനങ്ങളെ സമീപിച്ചിട്ടു കാര്യമില്ല.
കെ സി വേണുഗോപാല്‍
കൂട്ടായ തീരുമാനങ്ങളെടുക്കാനും അതില്‍ ഉറച്ചുനില്ക്കാനും കുറച്ചുകൂടി ശക്തമായ സംവിധാനം വേണം. കാലഘട്ടം മാറുന്നത് അനുസരിച്ച് രീതികളും മാറേണ്ടി വരും. പരമ്പരാഗത സംഘടനാ ശൈലി കൊണ്ട് ഇനിയുള്ള കാലം പിടിച്ചു നില്ക്കാന് കഴിയില്ല. ആ നവീകരണത്തിന്റെ അഭാവം കോണ്‍ഗ്രസിനെ പല രംഗത്തും ബാധിക്കുന്നുണ്ട്. ഒരു പാട് കാലം ഒരേ പദവിയില്‍ തന്നെ ഞാന്‍ ഇരുന്നാല്‍ എന്ത് പുതുമയാണ് എനിക്ക് സാധിക്കുക? ഒരു പദവിയില്‍ നിന്ന് മാറാന്‍ ഒരാള്‍ ആഗ്രഹിച്ചാല്‍ പോലും അതു നടക്കാത്ത അവസ്ഥ കോണ്‍ഗ്രസിലുണ്ട്.
കേരളത്തില്‍ ഓരോ ഇലക്ഷനും ഓരോ പാറ്റേണ്‍ ആണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും ജയിക്കുന്ന രീതി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകണമെന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് അവര്ത്തിക്കണമെന്നുമില്ല.
കെ സി വേണുഗോപാല്‍
എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതക്കുറവുണ്ട്. യുഡിഎഫ് തിരിച്ചുവരാനുള്ള പൂര്‍ണ സാധ്യത ഞാന്‍ കാണുന്നുണ്ട് പക്ഷെ, ചില പോരായ്മകള്‍ തിരുത്തിയാലെ തിരിച്ചുവരവ് ഭദ്രമാക്കാന്‍ കഴിയൂ അതിനാണ് ശ്രമിക്കുന്നത്. ഗ്രൂപ്പ് മത്സരം ഈ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാര്‍ട്ടി ശക്തമായാല്‍ മാത്രമേ ഗ്രൂപ്പിന് പ്രസക്തിയുള്ളൂ. ഗ്രൂപ്പുകളുടെ നോമിനി സ്ഥാനാര്‍ത്ഥിയെ ജനം ജയിപ്പിക്കില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വം അത് മനസിലാക്കുന്നില്ലെങ്കില്‍ പിന്നെ ആ പാര്‍ട്ടിയേ പറ്റി പറഞ്ഞിട്ട് കാര്യമില്ല. ഗ്രൂപ്പുകളെ ഭസ്മീകരിക്കാന്‍ ആരും ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ അടക്കം ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ നിന്ന് മാറി നിന്ന് കുറ്റം പറയുകയല്ല. പക്ഷെ, കാലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം കോണ്‍ഗ്രസും യുഡിഎഫും ജയിക്കുക എന്നതാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.