
സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി കൈകോര്‍ക്കുന്നത് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടാണോയെന്ന് ബിജെപി നേതാവ് ചോദിച്ചു. ജമാ അത്തെ ഇസ്ലാമിയുമായി നടത്തിയ ചര്‍ച്ച ഗൗരവമേറിയതാണ്. മതവൈരവും തീവ്രവാദവും വളര്‍ത്തുന്ന സംഘടനയാണ് ജമാ അത്തെ ഇസ്ലാമിയെന്നത് വ്യക്തമായിട്ടുള്ള കാര്യമാണ്. അങ്ങനെയൊരു സംഘടനയുമായിട്ട് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രഹസ്യ ബാന്ധവം രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണോയെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസ്-വെല്‍ഫെയര്‍ പാര്‍ട്ടി ചര്‍ച്ചകള്‍ പുറത്തുവന്നത് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നതിന് ശേഷമാണ്. ഭീകരവാദസംഘടനകളുമായി കൂട്ടുകൂടുന്നത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നയമാണോയെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
സിബിഐ ഇടപെടലുകളെ തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളേയും വി മുരളീധരന് എതിര്‍ത്തു. നേരിട്ട് കേസെടുക്കുന്നതില്‍ നിന്ന് സിബിഐയെ തടയാന്‍ സംസ്ഥാനത്തിനാകില്ല. സിബിഐയെ തടയാനുള്ള നീക്കം അഴിമതി പുറത്തുവരുമെന്നതിനാലാണ്. ലൈഫ് ഉള്‍പ്പെടെയുള്ള തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്നുള്ള ഭയമാണ് എതിര്‍പ്പിന് കാരണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയുന്നു. സിബിഐയെ തടയാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയാണ്.
മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് മുരളീധരന് ആരോപിച്ചു. കുമ്മനത്തെ കുടുക്കാനുള്ള നീക്കം തുടക്കം തന്നെ പാളി. രാഷ്ട്രീയ പ്രേരിതമായാണ് കുമ്മനം രാജശേഖരനെ പ്രതിയാക്കിയതെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.