Top

അട്ടപ്പാടിയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി; തോട്ടത്തില്‍ തടമിട്ട് വളര്‍ത്തിയത് 175 ചെടികള്‍

25 തടങ്ങളില്‍ ആയാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്.

27 Oct 2020 11:29 AM GMT

അട്ടപ്പാടിയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി; തോട്ടത്തില്‍ തടമിട്ട് വളര്‍ത്തിയത് 175 ചെടികള്‍
X

അട്ടപ്പാടി വന മേഖലയില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി. 175 കഞ്ചാവ് ചെടികള്‍ അടങ്ങുന്ന പ്ലാന്റേഷനാണ് പാലക്കാട് ഐബിയുടെ നേതൃത്വത്തിലുള്ള സംയുക്ത സേന കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല.പാലക്കാട് ഐബിയും ജെഇഎസ് അട്ടപ്പാടിയും അഗളി റെയ്ഞ്ച് പാര്‍ട്ടിയും വനം വകുപ്പുമായി ചേര്‍ന്നായിരുന്നു പരിശോധന. അട്ടപ്പാടി പടവയല്‍ വില്ലേജില്‍ കുറുക്കത്തികല്ല് വനമേഖലയില്‍ നിന്ന് മൂന്ന് മാസം പ്രായമുള്ള 91 ചെടികളും ഒരു മാസം പ്രായമുള്ള 84 ചെടികളും കണ്ടെത്തി.

25 തടങ്ങളില്‍ ആയാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്. കഞ്ചാവ് കൃഷി വ്യാപകമാകുന്നു എന്ന രഹസ്യ വിവരം ഊരുകളില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ റെയ്ഡ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ നിന്ന് തന്നെ, 420 കഞ്ചാവ് ചെടികള്‍ അടങ്ങിയ വലിയൊരു തോട്ടം എക്‌സൈസ് ഇന്റലിജെന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു.

ജില്ലയില്‍ ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും വ്യാപകമാകുകയാണെന്ന പരാതിയുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് കുഴല്‍മന്തത്ത് വെച്ച് അരലക്ഷം രൂപ വില വരുന്ന 10 ബോട്ടില്‍ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ ലഹരി വിരുദ്ധ സ്‌ക്വാഡും പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു.

Next Story

Popular Stories