Top

സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് വെള്ളാപ്പള്ളി; ശൈലജയ്ക്ക് അമാനുഷിക പരിവേഷം നല്‍കുന്നുവെന്ന് വിമര്‍ശനം

സാമ്പത്തിക സംവരണം ഒഴികെയുള്ള സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

20 May 2021 7:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് വെള്ളാപ്പള്ളി; ശൈലജയ്ക്ക് അമാനുഷിക പരിവേഷം നല്‍കുന്നുവെന്ന് വിമര്‍ശനം
X

കേരളത്തിലെ സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമ്പത്തിക സംവരണത്തിന് മുന്‍പായി സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരിക്കണം. നിലവിലെ സംവരണം പരിധി അട്ടിമറിക്കത്ത യാതൊരു സവിശേഷ സാഹചര്യവും ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള കൗമുദിയില്‍ എഴുതിയ ഒരു ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. അര്‍ഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

മറാത്ത സംവരണ വിഷയത്തില്‍ സുപ്രിംകോടതിയുടെ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
സംവരണ പരിധി ഒരു കാരണവശാലും അന്‍പത് ശതമാനം കവിയരുതെന്ന സുപ്രധാനവിധിയാണ് മറാത്ത സംവരണക്കേസില്‍ സുപ്രിംകോടതി പറഞ്ഞത്.
1992ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിധി തള്ളിക്കൊണ്ടായിരുന്നു വിധി. മറാത്ത സംവരണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുകയാണെങ്കില്‍ സംവരണ പരിധി 65ലേക്കെത്തുമെന്നും ജസ്റ്റിസ് അശോക് ഭൂഷന്‍ നിരീക്ഷിച്ചിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടാണ് സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.

സാമ്പത്തിക സംവരണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചവരില്‍ കേരളസര്‍ക്കാരുമുണ്ടെന്നത് കൗതുകകരമായ വസ്തുതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ സവര്‍ണ വിഭാഗം സാമൂഹ്യമായി പിന്നോക്കമാണെന്ന് ഒരു പഠനവും നടന്നിട്ടില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെ കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെകെ ശൈലജയ്ക്ക് അമാനുഷിക പരിവേഷം നല്‍കാന്‍ നീക്കം നടക്കുന്നതായി വെള്ളാപ്പള്ളി ലേഖനത്തിലൂടെ കുറ്റപ്പെടുത്തി. പ്രചാരണം നടത്തുന്നവര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയുള്ളവരാണ്. സാമ്പത്തിക സംവരണം ഒഴികെയുള്ള സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Next Story