Top

മനുഷ്യരില്‍ അപൂര്‍വ്വമായ ബാധിക്കുന്ന പന്നിപ്പനി കണ്ടെത്തി കാനഡ; രോഗബാധ കണ്ടെത്തിയത് കൊവിഡ് പരിശോധനയ്ക്കിടെ

എച്ച്‌1എന്‍2 വൈറസ് ഭക്ഷണത്തില്‍ നിന്നു പകരുന്നതല്ലെന്നും പോര്‍ക്കോ, മറ്റ് പന്നിമാംസങ്ങളോ കഴിക്കുന്നതുവഴി രോഗബാധയുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

4 Nov 2020 11:57 PM GMT

മനുഷ്യരില്‍ അപൂര്‍വ്വമായ ബാധിക്കുന്ന പന്നിപ്പനി കണ്ടെത്തി കാനഡ; രോഗബാധ കണ്ടെത്തിയത് കൊവിഡ് പരിശോധനയ്ക്കിടെ
X

മോണ്‍ട്രിയല്‍: കൊവിഡ് ടെസ്റ്റിനിടെ മനുഷ്യനില്‍ അപൂര്‍വ്വമായി ബാധിക്കുന്ന പന്നിപ്പനി വൈറസ് കണ്ടെത്തിയതായി കാനഡ ആരോഗ്യ വകുപ്പ്. എച്ച്‌1എന്‍1 വൈറസ് വിഭാഗത്തില്‍പ്പെടുന്ന എച്ച്‌1എന്‍2 വൈറസാണ് കനേഡിയന്‍ ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഒക്ടോബറിലാണ് രാജ്യത്തെ ആദ്യത്തെ എച്ച്‌1എന്‍2 വൈറസ് ബാധ ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്.

കാനഡയിലെ ആല്‍ബേര്‍ട്ടയിലെ പടിഞ്ഞാറന്‍ പ്രവശ്യയില്‍ ഒക്ടോബര്‍ പകതിയോടെ റിപ്പോര്‍ട്ട് ചെയ്ത വൈറസ്ബാധ ഒറ്റപ്പെട്ട സംഭവമാണെന്നും പ്രദേശവാസികള്‍ വൈറസില്‍ നിന്നും സുരക്ഷിതരാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ പനിക്കാലത്ത് ആല്‍ബേര്‍ട്ടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏക പകര്‍ച്ചവ്യാധിയാണിതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

രോഗബാധിതന് പകര്‍ച്ചവ്യാധി സംബന്ധിച്ച ചെറിയ രോഗലക്ഷണങ്ങളാണുള്ളത്. തുടര്‍ന്ന് വളരെ പെട്ടെന്നുതന്നെ രോഗം സഥിരീകരിക്കുകയും രോഗമുക്തനാവുകയും ചെയ്തു. നിലവില്‍ രോഗവ്യാപനമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, വൈറസിന്റെ ഉറവിടം കനേഡിയന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടില്ല.

വൈറസ് ബാധയുള്ള പന്നികളില്‍ നിന്ന് മാത്രമാണ് മനുഷ്യരില്‍ അത്യപൂര്‍വ്വമായി മാത്രം കണ്ടെത്തുന്ന രോഗം പകരുന്നത്. രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള സാധ്യതയും കുറവാണ്, കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തെരേസ ടാം ട്വിറ്ററില്‍ കുറിച്ചു.

എച്ച്‌1എന്‍2 വൈറസ് ഭക്ഷണത്തില്‍ നിന്നു പകരുന്നതല്ലെന്നും പോര്‍ക്കോ, മറ്റ് പന്നിമാംസങ്ങളോ കഴിക്കുന്നതുവഴി രോഗബാധയുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2005 മുതല്‍ ലോകത്താകമാനം 27 കേസുകളില്‍ മാത്രമാണ് എച്ച്‌1എന്‍2 വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.

Next Story