
തീവ്ര വലതുപക്ഷകൂട്ടായ്മയായ പ്രൗഡ് ബോയ്സിനെ തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തി കാനഡ. തീവ്രവാദപ്രത്യയശാസ്ത്രത്തില് അടിയുറച്ച ഭീകര സംഘടനകളെ തടയുന്നതിന്റെ ഭാഗമായി കാനഡ തയ്യാറാക്കി വന്ന പട്ടികയിലാണ് ഐഎസ്ഐഎസ,് അല്‍ ഖ്വയ്ദ മുതലായ ഭീകര സംഘടനകള്‍ക്കൊപ്പം ട്രംപ് അനുകൂല സംഘടനയായ പ്രൗഡ് ബോയ്സിനേയും ഉള്‍പ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനായി പ്രൗഡ് ബോയ്സ് യുഎസ് ക്യാപിറ്റോള്‍ അക്രമം നടത്തിയ പശ്ചാത്തലത്തിലാണ് കനേഡയന്‍ ഭരണകൂടത്തിന്റെ തീരുമാനം.
പ്രൗഡ് ബോയ്സ് എന്ന പടിഞ്ഞാറന്‍ ഷോവനിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ കുറച്ചുകാലമായി നിരീക്ഷിച്ചുവരികയാണെന്നും ക്യാപിറ്റോള്‍ ആക്രമത്തില്‍ ചില പ്രൗഡ് ബോയ് അംഗങ്ങളുടെ പങ്ക് വ്യക്തമായതോടെ അവര്‍ക്കെതിരെ ആവശ്യത്തിന് തെളിവായെന്നും കനേഡിയന്‍ സാമൂഹ്യസുരക്ഷാവകുപ്പ് മന്ത്രി ബില്‍ ബ്ലയര്‍ പറഞ്ഞു. തീവ്രവാദസംഘടനയായി പട്ടികപ്പെടുത്തിയതോടെ ഇനി കനേഡിയന്‍ ഭരണകൂടത്തിന് പ്രൗഡ് ബോയ്സ് പ്രസ്ഥാനത്തിന്റേയും അംഗങ്ങളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടാനാകും. ഈ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും അവരുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ചിഹ്നങ്ങളും വാങ്ങി ഉപയോഗിക്കുന്നതും ഇനിമുതല്‍ കുറ്റകരമാകും.
അത്യന്ത്യം സ്ത്രീവിരുദ്ധവും മുസ്ലീം വിരുദ്ധവുമായ സന്ദേശങ്ങള്‍ പരത്തി രാഷ്ട്രീയ വൈരവും അക്രമവുമുണ്ടാക്കുക, കുടിയേറ്റക്കാരെ എതിര്‍ത്തുകൊണ്ട് വെളുത്തവര്‍ഗ്ഗക്കാരുടെ മേല്‍ക്കോയ്മ പ്രചരിപ്പിച്ച് തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുക, നിരവധി അക്രമസംഭവങ്ങളില്‍ പങ്കെടുക്കുക മുതലായ കാര്യങ്ങള്‍ കണക്കിലെടുത്താണ് കനേഡിയന്‍ സര്‍ക്കാരിന്റെ തീരുമാനം. അക്രമസംഭവങ്ങളില്‍ പങ്കെടുക്കാന്‍ അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സംഘടനാസംവിധാനവും നെറ്റ്വര്ക്കും പ്രൗഡ് ബോയ്സിനുണ്ടെന്നും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇനിയും പ്രൗഡ് ബോയ്സിനോട് കാനഡയ്ക്ക് പൊറുക്കാനാകില്ലെന്നും സര്‍ക്കാര്‍ വക്താവ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.
- TAGS:
- Capitol Attack
- Proud Boys