
ശ്രീകൃഷ്ണന്റെ പേരില്‍ 3000ത്തോളം മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള ഉത്തര്‍പ്രദ്ദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. ജസ്റ്റീസ് എസ് എ ബോബ്ഡെ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് യുപി സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയിലിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനായി 25 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന 2,940 മരങ്ങള്‍ മുറിച്ച്, നഷ്ടപരിഹാരമായി 138.41 കോടി രൂപ നല്‍കാനായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
‘ശ്രീകൃഷ്ണന്റെ പേരില്‍ ആയിരത്തോളം മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല’, സുപ്രീംകോടതി പറഞ്ഞു. മുറിക്കുന്ന മരങ്ങള്‍ക്ക് പകരമായി അതിലേറെ മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് സര്‍ക്കാര്‍ വദിച്ചുവെങ്കിലും അതൊരിക്കലും ശതവര്ഷക്കാലം പഴക്കമുള്ള മരങ്ങള്‍ക്ക് തുല്യമാകില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
‘മരങ്ങള്‍ ഓക്സിജന്‍ നല്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു മൂല്യനിര്‍ണ്ണയം സാധ്യമല്ല. വൃക്ഷങ്ങളുടെ ഓക്സിജന്‍ ഉല്പാദന ശേഷി അവയുടെ അവശേഷിക്കുന്ന ആയുസ്സനുസരിച്ചായിരിക്കുമെന്നും വിലയിരുത്തേണ്ടതുണ്ട്’, കോടതി വ്യക്തമാക്കി.
വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലാഴ്ച്ചത്തെ സമയ പരിധിയാണ് കോടതി യോഗി ആദിത്യനാഥ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.