Top

‘മാസ്‌കും സാമൂഹിക അകലവും വേണ്ട, സാനിറ്റൈസര്‍ ഉപേക്ഷിക്കുക’, വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ആഹ്വാനം; അഡ്മിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

കൊവിഡ് പ്രോട്ടോക്കോൾ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്ന ആശയം.

10 Nov 2020 2:04 AM GMT

‘മാസ്‌കും സാമൂഹിക അകലവും വേണ്ട, സാനിറ്റൈസര്‍ ഉപേക്ഷിക്കുക’, വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ആഹ്വാനം; അഡ്മിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
X

സംസ്ഥാനത്ത് നിലവിൽ നടപ്പിലാക്കിയിട്ടുള്ള കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത വാട്ട്സ് ആപ് കൂട്ടായ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്. മാസ്ക് ധരിക്കുക എന്ന ശീലം ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് ഈ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചത്. പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് അഷറഫ് ആണ് പ്രസ്തുത ഗ്രൂപ്പിന്റെ അഡ്മിൻ.

കൊവിഡ് പ്രോട്ടോക്കോൾ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്ന ആശയം. മാസ്കും, സാനിറ്റൈസറും ഉപേക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കരുതെന്നുമാണ് പ്രധാന ആഹ്വാനം. ഈ മാസം 18ന് ഹൈക്കോടതി പരിസരത്ത് കൊവിഡ് മാ‍ർഗനിർദ്ദേശങ്ങൾ ലംഘിച്ച് പ്രോട്ടോക്കോൾ വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം നൽകിയതോടെയാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ സംസ്ഥാന നോഡൽ ഓഫീസർ വിജയ് സാഖറെയ്ക്ക് ഈ ഗ്രൂപ്പിനെക്കുറിച്ച് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ്, ഗ്രൂപ്പ് അഡ്മിൻ മുഹമ്മദ് അഷറഫിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തിട്ടുണ്ട്. അറുപതോളം അംഗങ്ങളുള്ള ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരുന്നു.

പ്രോട്ടോക്കോൾ ലംഘിക്കാൻ ആഹ്വാനം ചെയ്യുന്നവർക്ക് ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഗ്രൂപ്പ് അംഗങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഐജി വ്യക്തമാക്കി.

Next Story