കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വീണ്ടും അന്തര്‍ദേശീയ അംഗീകാരം; യുനെസ്കോയുടെ രണ്ടാമത്തെ ചെയറും യൂണിവേഴ്സിറ്റിക്ക്
ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള യുനെസ്കോയുടെ രണ്ടാമത്തെ ചെയറിനും കാലിക്കറ്റ് വാഴ്സിറ്റിയില്‍ അംഗീകാരമായി. ആദിവാസി ഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റെ നിലനില്‍പ്പിന് ആധാരമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും, ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും ആവശ്യമായ പ്രത്യേക കേന്ദ്രം സ്ഥാപിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ രണ്ടാമത്തെ ചെയറിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
9 Oct 2020 10:55 PM GMT
മുഹമ്മദ് സിയാദ് എൻ.ടി

ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള യുനെസ്കോയുടെ രണ്ടാമത്തെ ചെയറിനും കാലിക്കറ്റ് വാഴ്സിറ്റിയില്‍ അംഗീകാരമായി. മുന്‍ വിസി ഡോ.കെ മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായായിരുന്നു യുനെസ്കോ ചെയറുകള്‍ വാഴ്സിറ്റിയില്‍ സ്ഥാപിതമായത്. കാലിക്കറ്റ് സര്‍വകലാശാലക്ക് അന്തര്‍ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരമാണ് ഇത്.
ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ സ്വയംപര്യാപ്തതയില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സൈക്കോളജി ഡിപ്പാര്ട്ടുമെന്റില് കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം (സിഡിഎംആര്‍പി) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആയിരുന്നു ആദ്യ ചെയറിന് യുനെസ്കോ അനുമതി നല്‍കിയത്.
വയനാട് ജില്ലയിലെ ചെതലയത്ത് ആദിവാസി ഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റെ നിലനില്‍പ്പിന് ആധാരമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും, ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും ആവശ്യമായ പ്രത്യേക കേന്ദ്രം സ്ഥാപിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ രണ്ടാമത്തെ ചെയറിന് അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രാദേശിക സംസ്കാരങ്ങളുടെ നിലനില്‍പ്പിനും, പാരമ്പര്യ വിഭാഗങ്ങളുടെ പരിപോഷണത്തിനും പ്രോല്‍സാഹനം നല്‍കുന്നതിനാണ് ചെയറുകള്‍ സ്ഥാപിച്ച് കാലിക്കറ്റ് സര്‍വകലാശാലക്ക് യുനെസ്കോ അംഗീകാരം നല്‍കിയിരിക്കുന്നത്.
സാമ്പത്തികമായ ഫണ്ട് ലഭിക്കുന്നത് കൂടാതെ അന്തര്‍ദേശീയ തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ നിലവാരം ഉയരുന്നതിനും ഇത് കാരണമാകും. യുനെസ്കോക്ക് ഇന്ത്യയില്‍ ആകെ പതിനൊന്ന് ചെയറുകളുള്ളതില് രണ്ടെണ്ണം നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ആണുള്ളത്. നാകിന്റെ മൂല്യനിര്‍ണ്ണയത്തിലും എന്‍ഐആര്‍എഫ് റാങ്കിങ്ങിലും സര്‍വകലാശാലയുടെ റാങ്ക് ഉയര്‍ത്തുന്നതിനും യുനെസ്കോ ചെയര്‍ സഹായകമാവും.