Top

കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നാളെ മുതൽ; വ്യാപക പ്രതിഷേധവുമായി വിദ്യാർത്ഥികൾ

സംസ്ഥാനത്ത് കൊവിഡ് നിരക്ക് ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും ആയിരക്കണക്കിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുന്നു.

21 Oct 2020 6:32 AM GMT
മുഹമ്മദ് സിയാദ് എൻ.ടി

കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നാളെ മുതൽ; വ്യാപക പ്രതിഷേധവുമായി വിദ്യാർത്ഥികൾ
X

തേഞ്ഞിപ്പാലം: സംസ്ഥാനത്ത് കൊവിഡ് നിരക്ക് ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും ആയിരക്കണക്കിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുന്നു. അവസാനവർഷ എൽഎൽബി അടക്കം വിവിധ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്കാണ് നാളെ തുടക്കമാകുന്നത്. നവംബർ ആറ് വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഹോസ്റ്റൽ അടച്ചതിനെ തുടർന്ന് വീടുകളിലേക്ക് പോയ വിദ്യാർത്ഥികളും, ഇതരജില്ലകളിൽ നിന്നെത്തുന്നവരും പരീക്ഷയെഴുതുന്നത് മൂലം കൊവിഡ് പടർന്നേക്കും എന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക.

കോഴിക്കോട് മലപ്പുറം തൃശൂർ ജില്ലകളിൽ കൊവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് കണക്കിലെടുക്കാതെ പരീക്ഷ നടത്താനുള്ള യൂണിവേഴ്സിറ്റി അധികാരികളുടെ നടപടിക്കെതിരെ വിദ്യാർഥികളുടെ ഭാഗത്തുനിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിയന്ത്രണങ്ങൾ നിലനിൽക്കേ കണ്ണൂർ മുതൽ തൃശൂർ വരെയുള്ള പരീക്ഷാകേന്ദ്രങ്ങളിൽ എത്തിപ്പെടുക എന്നത് ഏറെ പ്രയാസമാണെന്നും ബസ് സർവീസ് പരിമിതമായതിനാൽ പരീക്ഷാകേന്ദ്രങ്ങളിൽ യഥാസമയം എത്താൻ കഴിയില്ലെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. സ്വന്തമായി വാഹനം ഉള്ളവർക്ക് മാത്രമായിരിക്കും പരീക്ഷക്ക് സമയത്ത് എത്താൻ കഴിയുക.

കൂടാതെ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പരീക്ഷയെഴുതാൻ ആവില്ല എന്ന് മാത്രമല്ല അവസരം നഷ്ടമാവുകയും ചെയ്യും. കണ്ടൈൻമെൻറ് സോണിലുള്ള വിദ്യാർത്ഥികളും ഇതേ ആശങ്കയിൽ തന്നെയാണ്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കാണ് ഏറ്റവും വലിയ തിരിച്ചടി. കാഴ്ച്ച വൈകല്യമുള്ള കുട്ടികൾക്ക് പരീക്ഷയെഴുതാൻ സഹായിയെ പോലും കിട്ടാത്ത അവസ്ഥയാണ്.

വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഗവർണർ, വൈസ് ചാൻസലർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും അനുകൂല നടപടിയൊന്നും ആയിട്ടില്ല. നിലവിലെ സാഹചര്യം മുൻനിർത്തി യുജിസി, ബാർ കൗൺസിൽ നിർദേശങ്ങൾ കണക്കിലെടുത്ത് പരീക്ഷകൾ റദ്ദ് ചെയ്യുകയോ മാറ്റി വെക്കുകയോ ചെയ്യണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

Next Story