Top

പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ റിപ്പീലിംഗ് ഓര്‍ഡിനന്‍സ്; തീരുമാനം മന്ത്രിസഭായോഗത്തിലെ ചര്‍ച്ചയ്ക്കുശേഷം

വിവാദമായ പോലീസ് നിയമഭേദഗതി ഉപേക്ഷിക്കുന്നു എന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ റിപ്പീലിംഗ് ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സൂചന.

23 Nov 2020 8:45 PM GMT

പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ റിപ്പീലിംഗ് ഓര്‍ഡിനന്‍സ്; തീരുമാനം  മന്ത്രിസഭായോഗത്തിലെ ചര്‍ച്ചയ്ക്കുശേഷം
X

വിവാദമായ പോലീസ് നിയമഭേദഗതി ഉപേക്ഷിക്കുന്നു എന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ റിപ്പീലിംഗ് ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സൂചന. നിലവിലെ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് പകരം ഓര്‍ഡിനന്‍സ് അവതരിപ്പിക്കാനുള്ള ആവശ്യവുമായി സര്‍ക്കാര്‍ ഗവര്‍ണറെ സമീപിക്കാനാണ് സാധ്യത. മന്ത്രിസഭ യോഗത്തിന് ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

വിവാദ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ചര്‍ച്ച പൂര്‍ത്തിയായാല്‍ മന്ത്രിസഭയ്ക്ക് തീരുമാനം ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം. ശുപാര്‍ശയില്‍ ഗവര്‍ണറുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ നിലവിലുള്ള നിയമം റദ്ദാക്കപ്പെടും. നിയമവകുപ്പ് ഇതുസംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. നിയമം പിന്‍വലിക്കുന്നു എന്ന പ്രഖ്യാപനത്തിന് ശേഷവും സമരപരിപാടികള്‍ തുടരാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം നിലനില്‍ക്കവെ അടിയന്തര തീരുമാനം വിഷയത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴും പ്രാബല്യത്തിലിരിക്കുന്നതിനാല്‍ ഈ നിയമപ്രകാരം കേസെടുക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റേതടക്കമുള്ള പ്രതിഷേധം തുടരുന്നത്. നിയമഭേദഗതി ചോദ്യം ചെയ്ത് ആര്‍എസ്പിയും ബിജെപിയും സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികളും ഇന്ന് പരിഗണിക്കാനിരിക്കെ വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയെ തീരുമാനമറിയിക്കും.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞെന്നും ഒരു നിയമം നിലവില്‍ വന്നശേഷം അത് നടപ്പാക്കില്ലന്ന് മുഖ്യമന്ത്രിക്കല്ല ആര്‍ക്കും പറയാന്‍ കഴിയില്ലെന്നുമാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. നിയമം നടപ്പാക്കില്ലന്ന പിണറായിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

Next Story

Popular Stories