Top

‘ഐടി കമ്പനികള്‍ക്ക് കൂടുതല്‍ ഇളവ്; ലൈഫ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ’; ജനപ്രിയപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

കൊവിഡ്മൂലം പ്രതിസന്ധിയിലായ ഐടി കമ്പനികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ 25,000 ചതുരശ്ര അടി വരെ സ്ഥലം ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് 2020 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടകയില്‍ 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന്റെ വാടക ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാക്കി സ്ഥലത്തിന്റെ വാടകയ്ക്ക് 2020 ഏപ്രിലെ ഉത്തരവ് പ്രകാരമുള്ള മൊറട്ടോറിയം ബാധകമായിരിക്കും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കില്‍ 2020-21ലെ തുടര്‍ന്നുള്ള മാസങ്ങളില്‍ അത് ക്രമീകരിച്ച് കൊടുക്കും. 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന […]

17 Feb 2021 9:05 AM GMT

‘ഐടി കമ്പനികള്‍ക്ക് കൂടുതല്‍ ഇളവ്; ലൈഫ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ’; ജനപ്രിയപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
X

കൊവിഡ്മൂലം പ്രതിസന്ധിയിലായ ഐടി കമ്പനികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ 25,000 ചതുരശ്ര അടി വരെ സ്ഥലം ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് 2020 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടകയില്‍ 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന്റെ വാടക ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാക്കി സ്ഥലത്തിന്റെ വാടകയ്ക്ക് 2020 ഏപ്രിലെ ഉത്തരവ് പ്രകാരമുള്ള മൊറട്ടോറിയം ബാധകമായിരിക്കും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കില്‍ 2020-21ലെ തുടര്‍ന്നുള്ള മാസങ്ങളില്‍ അത് ക്രമീകരിച്ച് കൊടുക്കും. 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള വാടക എഴുതിത്തള്ളാന്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 2020 ഏപ്രിലില്‍ സര്‍ക്കാര്‍ ഒരു പുനഃരുജ്ജീവന പാക്കേജ് നടപ്പാക്കിയിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ള ഇളവുകള്‍. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. 2017 ആഗസ്റ്റ് ഒന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ (ഗ്രാമീണ്‍) രണ്ടാംഘട്ടം സംസ്ഥാന വിഹിതം സമയബന്ധിതമായി ലഭിക്കുമെന്ന് ഉറപ്പാക്കി നടപ്പാക്കാന്‍ തീരുമാനിച്ചു.

ലൈഫ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. 2,50,547 വീടുകള്‍ക്ക് 8.74 കോടി രൂപയാണ് മൂന്നുവര്‍ഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷ്വറന്‍സ് പുതുക്കാം. ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹഡ്‌കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. പാലക്കാട് ജില്ലയില്‍ അട്ടപ്പാടി ആസ്ഥാനമായി ട്രൈബല്‍ താലൂക്ക് രൂപീകരിക്കും. ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തവണകളായി അടയ്ക്കുന്നതിന് അനുമതി നല്‍കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാനായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.എസ് ഗോപിനാഥനെ നിയമിക്കും. കിഫ്ബി വായ്പ ലഭ്യമാക്കി കെഎസ്ആര്‍ടിസി നിരത്തിലിറക്കുന്ന പുതിയ ബസുകള്‍ ഓടിക്കുന്നതിനായി കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കുന്നതിന് തീരുമാനിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

ഇന്ന് പറയാനുള്ള മറ്റൊരു കാര്യം ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നു എന്നതാണ്. ആര്‍ദ്രത്തിന്റെ ആദ്യഘട്ടമന്ന നിലയില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും രണ്ടാംഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് കുടുബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ 461 കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. മൂന്നാം ഘട്ടത്തില്‍ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെ അതും പൂര്‍ത്തിയാകും. അതോടെ സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വിപുലമായ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും.

ഐടി വികസനം

ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഐടി മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഐടി പാര്‍ക്കുകളില്‍ ഒരു കോടി ചതുരശ്ര അടി സ്ഥലസൗകര്യമേര്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തോട് അടുക്കുകയാണ്. ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടത്തിന്റെയും നാലാം ഘട്ടത്തിന്റെയും വികസനം സാധ്യമാക്കാന്‍ കഴിഞ്ഞു എന്നതില്‍ വലിയ സന്തോഷമുണ്ട്. ടെക്‌നോപാര്‍ക്കിലെ നാലാം ഘട്ടമായ തിരുവനന്തപുരം പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ആദ്യ കെട്ടിടം പ്രവര്‍ത്തനക്ഷമമായി. അതോടൊപ്പം ടെക്‌നോസിറ്റിയില്‍ 97 ഏക്കറിലായി 1500 കോടി മുതല്‍മുടക്കില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) ഐടി ഹബ്ബ് യാഥാര്‍ത്ഥ്യമാവുകയാണ്. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ എത്തിയത് കേരളത്തിന്റെ ഐടി വ്യവസായത്തിന് വലിയ നേട്ടമാണ്. ടോറസ് ബില്‍ഡിങ്ങിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു. 2018ല്‍ നിര്‍മാണം ആരംഭിച്ച ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിക്ക് അനേകം പ്രതിസന്ധികളെ തരണം ചെയേണ്ടതായി വന്നു. ഏകദേശം 1500 കോടി രൂപയുടെ നിക്ഷേപം ഉണ്ടാവുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം. 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 30,000 പേര്‍ക്ക് നേരിട്ടും 70,000 പേര്‍ക്ക് അല്ലാതെയും സംസ്ഥാനത്ത് തൊഴില്‍ ലഭിക്കും.

ഡിഫന്‍സ് പാര്‍ക്ക്

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. 130.94 കോടി രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള ഈ പദ്ധതിയില്‍ 50 കോടി രൂപ കേന്ദ്ര ധനസഹായമാണ്. കിന്‍ഫ്രയുടെ നിയന്ത്രണത്തിലുള്ള 60 ഏക്കര്‍ ഭൂമിയിലാണ് ഡിഫന്‍സ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. പ്രതിരോധ സേനയ്ക്കാവശ്യമുള്ള ഉപകരണങ്ങളും, അനുബന്ധ ഘടകങ്ങളുമാണ് ഇവിടെ പ്രധാനമായും നിര്‍മ്മിക്കുക. എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, പ്രതിരോധ നാവിഗേഷന്‍ ഉല്‍പന്ന
ങ്ങള്‍, കപ്പലിന്റെ ഭാഗങ്ങള്‍, പ്രതിരോധവുമായി ബന്ധപ്പെട്ട ഐടിഇലക്ട്രോണിക് സംവിധാനങ്ങള്‍, മൈക്രോ സാറ്റലൈറ്റ്, തന്ത്രപ്രധാനമായ ആശയവിനിമയ സംവിധാനങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും. സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ സംവിധാനങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് ഇവിടെനിന്ന് ഭൂമി പാട്ടത്തിന് ലഭിക്കും. അത് 90 വര്‍ഷം വരെ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. രണ്ടുലക്ഷം ചതുരശ്ര അടിയിലുള്ള കോമണ്‍ ഫെസിലിറ്റി സെന്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിങ്, മൂന്ന് വെയര്‍ഹൌസുകള്‍, കോമണ്‍ യൂട്ടിലിറ്റി സെന്റര്‍, കോണ്‍ഫറന്‍സ് റൂമുകള്‍ എന്നിവയ്ക്കു പുറമേ ആഭ്യന്തര റോഡ് ശൃഖല, വിപുലമായ പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍, സെക്യൂരിറ്റി സംവിധാനം, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടേയ്ക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കും. ഇവിടെ സജ്ജമാക്കിയിട്ടുള്ള വിപുലമായ സംവിധാനങ്ങളില്‍ ആകൃഷ്ടരായി നിരവധി കമ്പനികള്‍ ഡിഫന്‍സ് പാര്‍ക്കുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്.

Next Story

Popular Stories