Top

84 ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം; 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കും

സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ ഒഴിവുള്ള തസ്തികകളിലെല്ലാം അതിവേഗം നിയമനം നടത്താനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

24 Feb 2021 3:18 AM GMT

84 ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം; 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കും
X

സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ ഒഴിവുള്ള തസ്തികകളിലെല്ലാം അതിവേഗം നിയമനം നടത്താനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പുതിയ തസ്തികകളില്‍ 113 എണ്ണം പൊലീസിലായിരിക്കും. കെഎപി ആറ് എന്ന പുതിയ ബറ്റാലിയന്‍ രൂപീകരിക്കാനും തീരുമാനമായി.

ദേശീയ ഗെയിംസ് ജേതാക്കളായ 84 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളം വേദിയായ 2015ലെ ദേശീയ ഗെയിംസ് ജേതാക്കള്‍ക്കാണ് നിയമനം നല്‍കുന്നത്. സ്വര്‍ണ്ണം നേടിയവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും വെള്ളി, വെങ്കലം നേടിയവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍ മുന്‍പ് തന്നെ അറിയിച്ചിരുന്നു. ഈ വാഗ്ദാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമനം നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതോടെ ദേശീയ ഗെയിംസ് ജേതാക്കള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു.

ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ കേസുകളല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.ശബരിമല, പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ പിന്‍വലിക്കണമെന്ന് യുഡിഎഫ് കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇത് ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതിന് മുമ്പായി കേസുകള്‍ പിന്‍വലിക്കാമെന്ന തന്ത്രമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ചെന്നാരോപിച്ച് 46 രാഷ്ട്രീയ, സാംസ്‌കാരിക, മതനേതാക്കള്‍ക്കെതിരെ അടുത്ത ദിവസം കേരള പൊലീസ് കേസെടുത്തിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, എസ്‌വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആക്ടിവിസ്റ്റുകളായ ടി ടി ശ്രീകുമാര്‍, ഡോ. ജെ ദേവിക, കെ കെ ബാബുരാജ്, എന്‍ പി ചെക്കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

Next Story