Top

‘ഇനിയും കടിച്ചുതൂങ്ങുന്നത് നാണക്കേടാണ്’; മുല്ലപ്പള്ളി രാജിവെക്കണമെന്ന് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി

മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്നാണ് സി രഘുനാഥ് നിര്‍ദ്ദേശിക്കുന്നത്.

3 May 2021 6:38 AM GMT

‘ഇനിയും കടിച്ചുതൂങ്ങുന്നത് നാണക്കേടാണ്’; മുല്ലപ്പള്ളി രാജിവെക്കണമെന്ന് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി
X

തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി സി രഘുനാഥ്. മുല്ലപ്പള്ളി സ്വമേദയാ രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പാര്‍ട്ടി ഇടപെട്ട് പുറത്താക്കണമെന്ന് രഘുനാഥ് പറഞ്ഞു. ഇനിയും മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് കോണ്‍ഗ്രസിന് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്നാണ് സി രഘുനാഥ് നിര്‍ദ്ദേശിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ പലയിടത്തും പൊട്ടിത്തെറിയുണ്ടാകുകയാണ്. കെപിസിസിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. കെ സുധാകനോ കെ മുരളീധരനോ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്നാണ് കോണ്‍ഗ്രസിന് അകത്തുനിന്നുതന്നെ ശക്തമായ ആവശ്യമുയരുന്നത്.

അതേസമയം കനത്ത തോല്‍വിയേറ്റു വാങ്ങിയതിന് പിന്നാലെ യുഡിഎഫില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ആരെത്തുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ശക്തമായ നേതാവിനെ പ്രതിപക്ഷ നേതാവാക്കി ഇനിയുള്ള അഞ്ച് വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെയും ഉമ്മന്‍ ചാണ്ടിക്കെതിരെയും പടല പിണക്കം ശക്തമാകുന്ന സാഹചര്യത്തില്‍ ആര് നയിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്. കെ. സുധാകരന്‍ നേതൃത്വത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെ പരിഗണിക്കേണ്ടിവരും.

യുവനേതാക്കളായ വിടി ബല്‍റാം ശബരീനാഥ് തുടങ്ങിയവര്‍ പാര്‍ട്ടിയുടെ മുന്നോട്ടുപോക്കില്‍ നിര്‍ണായക സാന്നിദ്ധ്യമാവും. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തോറ്റ നേതാക്കളെ ചുമലതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിന്നാല്‍ അതും മറ്റൊരു തരത്തില്‍ വിനയാകും.

Next Story