
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ രോഗിയെ പുഴുവരിച്ച സംഭവത്തിനെത്തുടര്‍ന്ന് നിര്‍ണ്ണായക തിരുത്തല്‍ നടപടിയുമായി ആരോഗ്യവകുപ്പ്. അത്യാവശ്യ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കോവിഡ് ബോര്‍ഡിന്റെ അനുമതിപ്രകാരം കൂട്ടിരിപ്പുകാരെ അനുവദിക്കാമെന്നാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രേഖാമൂലം സമ്മതം നല്കി രോഗിയുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കൂട്ടിരിപ്പുകാരാകാം. ഇവര്‍ക്ക് പിപിഇ കിറ്റ് മുതലായ സുരക്ഷസംവിധാനങ്ങള്‍ ആശുപത്രിയില്‍ നിന്ന് അനുവദിക്കും.
കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കിടപ്പുരോഗികളെ പരിചരിക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കൂട്ടിരിപ്പുകാരെ അനുവദിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് നിര്‍ദ്ദേശം. രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും പരിശോധിച്ചാണ് കൂട്ടിരിപ്പുകാരെ അനുവദിക്കേണ്ടത്. മുന്‍പ് കോവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവര്‍ക്കും കൂട്ടിരുപ്പുകാരാകാം.
കോവിഡ് പരിശോധനയ്ക്ക് പൊതുവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കിയോസ്ക് സംവിധാനം വിപുലീകരിച്ച് പരിശോധന കൂട്ടാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്റിജന്‍ പരിശോധനയാണ് കിയോസ്കുകള്‍ വഴി നടത്തുന്നത്.
കൊവിഡ് വാര്‍ഡില്‍ ചികില്‍സയിലിരിക്കെ തിരുവനന്തപുരം സ്വദേശി അനില്‍കുമാറിനെ പുഴുവരിച്ച സംഭവത്തെത്തുടര്‍ന്നാണ് ചികില്‍സാ മാര്‍ഗരേഖയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യവകുപ്പിന് പിഴവുകള്‍ സംഭവിക്കുന്നുവെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്ന സംഭവത്തില്‍ ആരോഗ്യവകുപ്പില്‍ പുഴുവരിക്കുന്നുവെന്ന് ഐഎംഎയും കുറ്റപ്പെടുത്തിയിരുന്നു.
- TAGS:
- Covid 19
- Health Ministry