‘മതിലുകളല്ല, പാലങ്ങളാണ് വേണ്ടത്’; കേന്ദ്രത്തോട് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ആളിക്കത്തിക്കൊണ്ടിരിക്കെ അതിര്‍ത്തികളില്‍ പ്രതിരോധം ശക്തിപ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മതിലുകളല്ല, പാലങ്ങളാവണം പണിതുയര്‍ത്തേണ്ടത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിനോട്, എന്ന് തുടങ്ങുന്ന ട്വീറ്റില്‍ ‘മതിലുകള്‍ ആവരുത് പാലങ്ങളാവണം പണിതുയര്‍ത്തേണ്ടത്’ എന്നാണ് രാഹുല്‍ പറഞ്ഞത്. ഒപ്പം കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഗാസിപൂര്‍, സിംഘു, തിക്രി അതിര്‍ത്തികളില്‍ സര്‍ക്കാര്‍ എത്തിച്ചിരിക്കുന്ന ബാരിക്കേഡുകളുടെയും മുള്ളുകമ്പികളുടേയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ […]

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ആളിക്കത്തിക്കൊണ്ടിരിക്കെ അതിര്‍ത്തികളില്‍ പ്രതിരോധം ശക്തിപ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മതിലുകളല്ല, പാലങ്ങളാവണം പണിതുയര്‍ത്തേണ്ടത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
കേന്ദ്ര സര്‍ക്കാരിനോട്, എന്ന് തുടങ്ങുന്ന ട്വീറ്റില്‍ ‘മതിലുകള്‍ ആവരുത് പാലങ്ങളാവണം പണിതുയര്‍ത്തേണ്ടത്’ എന്നാണ് രാഹുല്‍ പറഞ്ഞത്. ഒപ്പം കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഗാസിപൂര്‍, സിംഘു, തിക്രി അതിര്‍ത്തികളില്‍ സര്‍ക്കാര്‍ എത്തിച്ചിരിക്കുന്ന ബാരിക്കേഡുകളുടെയും മുള്ളുകമ്പികളുടേയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ടു മാസത്തിലധികമായി കര്‍ഷകര്‍ സമരത്തിലാണ്. ആക്രമിച്ചും ഭീഷണിപ്പെടുത്തിയും അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര നയത്തിനെതിരെ രാഹുല്‍ ഗാന്ധി നേരത്തേയും ശബ്ദമുയര്‍ത്തിയിരുന്നു. മാത്രമല്ല, കര്‍ഷകര്‍ മുന്നോട്ടുവെച്ച നയങ്ങള്‍ അംഗീകരിക്കാതെ അവര്‍ പ്രക്ഷോഭം അവസാനിപ്പിക്കുമെന്ന് ചിന്തിക്കുന്നത് തന്നെ തെറ്റാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
അതിജീവനത്തിനുവേണ്ടി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിലൂടെ അവരുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതാകുന്നത്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാണെന്നും അദ്ദേഹം ആരോപിച്ചു.
മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറില്ലെന്ന് ഉറച്ചുതന്നെയാണ് കര്‍ഷകര്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ മേഖലകളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കുന്നതിനായി രാജ്യ തലസ്ഥാനത്തെത്തും. ഇതേതുടര്‍ന്ന് ഡല്‍ഹിയിലെ അതിര്‍ത്തികളിലേക്ക് ബാരിക്കേഡുകള്‍, പാറക്കല്ലുകള്‍, മുള്ളുകമ്പികള്‍ എന്നിവ നിരത്തിക്കൊണ്ടുള്ള കടുത്ത പ്രതിരോധത്തിലേക്കാണ് കേന്ദ്രം കടന്നിരിക്കുന്നത്. ഹരിയാനയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ തടയുന്നതിനായി 2,000ത്തിലധികം ഇരുമ്പാണികളാണ് ഡല്‍ഹി പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം റോഹ്തക്ക് റോഡില്‍ നിരത്തിയത്.
റിപബ്ലിക്ക് ദിനത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു. അത് കുറച്ച് ദിവസത്തേക്ക് കൂടി നീളുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകയി റോഡ് ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഫെബ്രുവരി ആറാം തിയതി നടത്തുന്ന ഉപരോധം മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.