Top

ബജറ്റവതരണത്തിനായി ധനമന്ത്രി ഐപാഡുമായി ഉടന്‍ പാര്‍ലമെന്റിലേക്ക്; ആദ്യപ്രതികരണവുമായി അനുരാഗ് ഠാക്കൂര്‍; ‘ഇത് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ബജറ്റ്’

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത ബജറ്റുതന്നെയാണ് ഇത്തവണത്തേതെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

31 Jan 2021 10:44 PM GMT

ബജറ്റവതരണത്തിനായി ധനമന്ത്രി ഐപാഡുമായി ഉടന്‍ പാര്‍ലമെന്റിലേക്ക്; ആദ്യപ്രതികരണവുമായി അനുരാഗ് ഠാക്കൂര്‍; ‘ഇത് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ബജറ്റ്’
X

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പിനിടയില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്രബജറ്റവതരണത്തിനായി ധനമന്ത്രി നിര്‍മ്മലാസീതാരാമനെത്തുക ഐ പാഡുമായി. മുന്‍പില്ലാതിരുന്ന തരത്തില്‍ സവിശേഷമാകുമെന്ന് ധനമന്ത്രി വിശേഷിപ്പിച്ച ഈ ബജറ്റ് അവതരണം പേപ്പര്‍ രഹിതമാണെന്ന പ്രത്യേകത കൂടിയുണ്ട്. ബജറ്റവതരണത്തിനായി നിര്‍മ്മലാസീതാരാമന്‍ കേന്ദ്രധനകാര്യമന്ത്രാലയത്തില്‍ എത്തിച്ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിയന്‍ ക്യാബിനറ്റ് യോഗത്തിനുശേഷം 11 മണിയ്ക്ക് തന്നെ ബജറ്റവതരണം ആരംഭിക്കും.

ബജറ്റവതരണത്തിന് അല്‍പ്പസമയം മാത്രം ബാക്കിനില്‍ക്കെ പ്രതികരണവുമായി കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് ടാക്കൂറും രംഗത്തെത്തി. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത ബജറ്റുതന്നെയാണ് ഇത്തവണത്തേതെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലെ പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷമാണ് ഠാക്കൂര്‍ ധനകാര്യമന്ത്രാലയത്തിലേക്ക് പുറപ്പെടുന്നത്. എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടേയും വികസനം, എല്ലാവരുടേയും വിശ്വാസം എന്നതാണ് സര്‍ക്കാരിന്റെ മന്ത്രം. ഉടന്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് ഈ തത്വം പ്രതിഫലിപ്പിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ് കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു ബജറ്റാകും ഇന്നത്തേത് എന്ന് നിര്‍മ്മലാ സീതാരാമന്‍ തന്നെ പറയുമ്പോള്‍ ആരോഗ്യ, കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് പ്രതീക്ഷയേറുകയാണ്.

അടുത്തനാല് വര്‍ഷത്തിനുള്ളില്‍ ആരോഗ്യമേഖലയിലെ ആകെ ചെലവ് മൊത്ത ആഭ്യന്തരഉത്പ്പാദനത്തിന്റെ നാലുശതമാനമാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യരംഗത്തെ ചെലവ് ഇരട്ടിയാക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഇന്നുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 15 ശതമാനമെങ്കിലും ആരോഗ്യമേഖലയില്‍ അധികമായി ചെവലഴിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഏപ്രില്‍ മാസം ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തികവളര്‍ച്ചാ നിരക്ക് 11 ശതമാനത്തിലേക്കുയര്‍ത്താനായുള്ള വിവിധ പദ്ധതികളും നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ കൊവിഡ് മൂലമുണ്ടായ മാന്ദ്യത്തെ അതിജീവിക്കുമെന്നും വി ഷേപ്പുള്ള സാമ്പത്തികവളര്‍ച്ചയിലേക്ക് രാജ്യം നീങ്ങുമെന്നും വളര്‍ച്ചാ ഗതിവേഗം വീണ്ടെടുത്ത് 11 ശതമാനത്തിലേക്കെത്തുമെന്നും സാമ്പത്തിക സര്‍വ്വേയിലും സൂചനയുണ്ടായിരുന്നു.

കൊവിഡ് മൂലമുണ്ടായ ബിസിനസ് പ്രതിസന്ധി കണക്കിലെടുത്ത് ചെറുകിട വ്യവസായങ്ങള്‍ക്കും, ടൂറിസം മേഖലയ്ക്കും, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഓട്ടോമൊബൈല്‍ മേഖലയ്ക്കും നികുതിയിളവുനല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ഊര്‍ജം, ഖനനം, ബാങ്കിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കാനും നീക്കങ്ങള്‍ നടക്കുന്നതായാണ് വിവരം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരി വില്‍ക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബിഎസ്ഇ സെന്‍സെക്‌സ് തുടര്‍ച്ചയായി ആറാം ദിവസവും താഴുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ ഇന്ത്യ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കാനിടയുണ്ടെന്നും സാമ്പത്തികരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടയിലും ബജറ്റ് അവതരണം അടുക്കുന്നതോടെ കാര്‍ഷികമേഖലയ്ക്ക് പ്രതീക്ഷയേറുകയാണ്. കര്‍ഷകര്‍ക്കായുള്ള കുസും യോജന നീട്ടിനല്‍കിയേക്കുമെന്നും കര്‍ഷകര്‍ക്ക് സബ്ഡിഡി നിരക്കില്‍ സൗരോര്‍ജം ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നിഷ്‌ക്രിയ വായ്പ്പകളുടെ കാര്യത്തിലും വന്‍ വര്‍ധനയുണ്ടാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 5 ശതമാനം മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം വര്‍ധിപ്പിക്കാനുള്ള നീക്കവുമുണ്ടായേക്കും.

Next Story