
മതിലകം കൂളിമുട്ടം ഏറംപുരക്കൽ പരേതനായ കുട്ടന്റെയും മാളുവിന്റെയും മക്കളായ ഇ.കെ.ബിജുവും, ഇ.കെ.ബൈജുവുമാണ് ഇക്കുറി മത്സര രംഗത്തുള്ളത്. പഞ്ചായത്ത് പതിനാറാം വാർഡിലാണ് സഹോദരങ്ങൾ മത്സരത്തിനിറങ്ങുന്നത്. 48കാരനായ ബിജു എൽഡിഎഫിലെ സിപിഎം സ്ഥനാർത്ഥിയും, 43 വയസുളള ബൈജു യുഡിഎഫിലെ കോൺഗ്രസ് സ്ഥനാർത്ഥിയുമാണ്.
പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രസിഡൻറായ ബിജു സിപിഎം കൂളിമുട്ടം പൊക്ലായ് ബ്രാഞ്ച് സെക്രട്ടറിയാണ്. ജന സേവന സംഘടനയായ പൊക്ലായി കൂട്ടായ്മയുടെ ഭാരവാഹിയുമാണ് ബിജു. സാമുഹ്യ സംഘടനകളിലും മറ്റും കർമ്മനിരതനായ ബൈജു മത്സ്യതൊഴിലാളി കോൺഗ്രസ് കൈപ്പമംഗലം ബ്ളോക്ക് കമ്മററി പ്രസിഡൻറ്, കോൺഗ്രസ് മതിലകം മണ്ഡലം വൈസ് പ്രസിഡൻറ്, കൂളിമുട്ടം മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ് , ശിവസ്ഥാനം ശിവഗംഗ ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
ഇതുവരെ കോൺഗ്രസ് ജയിക്കാത്ത പൊക്ലായി വാർഡ് പിടിച്ചെടുക്കാനുളള ശ്രമത്തിലാണ് ബൈജു. എന്നാൽ വാർഡ് കൂടുതൽ മികവോടെ നിലനിർത്താനുളള ദൗത്യമാണ് ബിജുവിന്റെ ചുമലിലുളളത്. മാതാവ് മാളുവിന്റെ അനുഗ്രഹം വാങ്ങിയാണ് ഇരുവരും പ്രചാരണ രംഗത്തേക്ക് ഇറങ്ങിതിരിച്ചിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടം ഒരിക്കലും സഹോദര ബന്ധത്തെ ബാധിക്കില്ലെന്ന നയമാണ് ഇരുവർക്കും.
വ്യത്യസ്ത പ്രസ്ഥാനങ്ങളും നിലപാടുകളും ആശയങ്ങളും വികസന കാഴ്ചപ്പാടുകളും തമ്മിലുളള ഏററുമട്ടൽ വ്യക്തിപരമല്ലെന്നും എന്നാൽ ആരോഗ്യപരമായിരിക്കുമെന്നും ഇരുവരും പറയുന്നു.