Top

ഹോളോകോസ്റ്റ് ഓര്‍മ്മദിനത്തില്‍ ചൈനയിലെ ഉയ്ഗൂര്‍ വംശഹത്യയെ അപലപിച്ച് ബ്രിട്ടനിലെ ജൂതന്‍മാര്‍; ‘നാളത്തെ വംശഹത്യാ ചരിത്രത്തിന് കാത്തിരിക്കണോ?’

സിന്‍ജിയാംഗ് പ്രദേശത്ത് വ്യസനകരമായ ഭീതി പടര്‍ന്നിരിക്കുന്നതായി ബ്രിട്ടണിലെ ജൂതന്മാരുടെ മനുഷ്യാവകാശസംഘടന പ്രസ്താവിച്ചു.

27 Jan 2021 11:19 PM GMT

ഹോളോകോസ്റ്റ് ഓര്‍മ്മദിനത്തില്‍ ചൈനയിലെ ഉയ്ഗൂര്‍ വംശഹത്യയെ അപലപിച്ച് ബ്രിട്ടനിലെ ജൂതന്‍മാര്‍; ‘നാളത്തെ വംശഹത്യാ ചരിത്രത്തിന് കാത്തിരിക്കണോ?’
X

അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓര്‍മ്മദിനത്തില്‍ ചൈനീസ് ഭരണകൂടം നടത്തുന്ന ഉയ്ഗര്‍ വംശഹത്യയെ അപലപിച്ച് ബ്രിട്ടണിലെ ജൂതവിഭാഗം. ചൈനയില്‍ ഉയ്ഗര്‍ മുസ്ലീങ്ങള്‍ അനുഭവിച്ചുവരുന്ന കടുത്ത വിവേചനത്തെയും വംശഹത്യയേയും അപലപിക്കേണ്ടത് തങ്ങളുടെ ധാര്‍മ്മികബാധ്യതയാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ജൂതവിഭാഗം ഹോളോകോസ്റ്റ് ഓര്‍മ്മദിനപരിപാടികള്‍ ആരംഭിച്ചത്. അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ നാസി ജര്‍മ്മനിയുടെ നേതൃത്വത്തില്‍ നടന്ന ജൂതവംശഹത്യയുടെ ഇരകളുടെ സ്മരണാര്‍ഥമാണ് ജനുവരി 27ന് ഹോളോകോസ്റ്റ് ഓര്‍മ്മ ദിനം ആചരിക്കുന്നത്. ഉയ്ഗര്‍ മുസ്ലീങ്ങളെ ചൈനയില്‍ നിന്നും തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് ചൈനീസ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതെന്ന് ബ്രിട്ടണിലെ ജൂതവിഭാഗം പ്രസ്താവിച്ചു.

ഒരു മില്യണിലധികം ഉയ്ഗര്‍ മുസ്ലീങ്ങളെ ചൈനീസ് ഭരണകൂടം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തടങ്കല്‍പാളയത്തിലേക്കയച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ കൈയ്യിലുള്ള കണക്ക്. ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയില്‍ നടന്ന ജൂതവംശഹത്യയ്ക്ക് സമാനമാണ് ചൈനയില്‍ നടക്കുന്ന ഉയ്ഗര്‍ വംശഹത്യയെന്ന് ഹോളോകോസ്റ്റ് ഓര്‍മ്മദിന പരിപാടിയില്‍ പങ്കെടുത്ത ജൂദതവിഭാഗം പ്രസ്താവിച്ചു. ഇതിന് സമാനമായ വംശഹത്യകള്‍ കംബോഡിയയിലും റുവാന്‍ഡയിലും ബോസ്‌നിയയിലും നടന്നിട്ടുണ്ടെന്നും ബ്രിട്ടണിലെ ജൂതവിഭാഗം അനുസ്മരിച്ചു.

‘വംശഹത്യയിലൂടെ തുടച്ചുനീക്കപ്പെട്ട ഒരു ജനവിഭാഗമായി നാളെ ഉയ്ഗര്‍ വിഭാഗത്തെ ഓര്‍മ്മിക്കുന്നതിന് പകരമായി ഇപ്പോള്‍ത്തന്നെ വംശഹത്യയ്ക്ക് തടയിടാനുള്ള ശ്രമങ്ങളാണ് നാം ഒറ്റക്കെട്ടായി നടത്തേണ്ടത്’. ജൂതന്മാരുടെ മനുഷ്യാവകാശസംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിയ ഹസന്‍സണ്‍ ഗ്രോസ അല്‍ ജസീറ മാധ്യമത്തോട് പറഞ്ഞു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവയുള്‍പ്പെടെ എട്ട് രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്ന സിന്‍ജിയാംഗ് പ്രവശ്യയിലുള്‍പ്പെട്ട ഉയ്ഗര്‍ മുസ്ലീങ്ങളാണ് ചൈനീസ് ഭരണകൂടത്തിന്റെ വിവേചനത്തിന് ഇരയാകുന്നത്. സിന്‍ജിയാംഗ് പ്രദേശത്ത് വ്യസനകരമായ ഭീതി പടര്‍ന്നിരിക്കുന്നതായി ബ്രിട്ടണിലെ ജൂതന്മാരുടെ മനുഷ്യാവകാശസംഘടന പ്രസ്താവിച്ചു.

Next Story