‘മാര്‍ക്ക് വോ, പോണ്ടിംഗ്, ക്ലാര്‍ക്ക്’; അക്കിടി പറ്റിയ പ്രവചനങ്ങളുടെ ‘ഇതിഹാസ നിര’

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യ അട്ടിമറി വിജയം സ്വന്തമാക്കിയതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി ഓസീസ് ഇതിഹാസങ്ങളുടെ പ്രവചനങ്ങള്‍. ഓസീസിന്റെ എക്കാലത്തെയും മികച്ച നായകനായ റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക്, മാര്‍ക്ക് വോ എന്നിവരുടെ പ്രവചനങ്ങളാണ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്.

”പരമ്പരയിലെ എല്ലാ ടെസ്റ്റുകളില്‍ ഇന്ത്യ അമ്പേ പരാജയപ്പെടും. അഡ്‌ലൈഡ് ടെസ്റ്റില്‍ ഫലം സൂചിപ്പിക്കുന്നത് അത്തരമൊരു തൂത്തുവാരലിലേക്കാണ്.”

റിക്കി പോണ്ടിംഗ്

രണ്ടാം ഇന്നിംഗ്‌സില്‍ 36 റണ്‍സിന് പുറത്തായ ഇന്ത്യ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസ്താവനയിലാണ് പോണ്ടിംഗിന്റെ പ്രവചനം. എന്നാല്‍ ഇതിന് രണ്ടാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ മറുപടി നല്‍കി. മൂന്നാം ടെസ്റ്റില്‍ മിന്നും പ്രകടനത്തിലൂടെ സമനില നേടുകയും ചെയ്തതോടെ പോണ്ടിംഗിന് അക്കിടി മനസിലായിട്ടുണ്ടാവുമെന്ന് ആരാധകരും നിരീക്ഷിച്ചിരുന്നു.

”ഇന്ത്യക്ക് യാതൊരു പ്രതീക്ഷയും വേണ്ട. 4-0ത്തിന് തോറ്റ് തുന്നും പാടും.”

മാര്‍ക്ക് വോ

ഓസീസ് ഇതിഹാസമെന്നാണ് മാര്‍ക്ക് വോ അറിയപ്പെടുന്നത്. എന്നാല്‍ പ്രവചനങ്ങള്‍ അത്രയൊന്നും വശമില്ല തനിക്കെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബി ടീം എന്ന വിളിപ്പേരിലറിയപ്പെട്ട ഇന്ത്യയുടെ യുവനിര ബ്രിസ്‌ബേനില്‍ പുറത്തെടുത്ത പോരാട്ട വീര്യം മാര്‍ക്ക് വോയുടെ പ്രസ്താവനയെ തീര്‍ത്തും അപ്രസക്തമാക്കുന്നതായിരുന്നു. പ്രവചനങ്ങള്‍ക്ക് അതീതമായ ടീമാണ് ഇന്ത്യയെന്നും രെഹാനയും കൂട്ടരും ബ്രിസ്‌ബേനില്‍ തെളിയിച്ചു.

”വിരാട് കോലിയില്ലാതെ ആസ്‌ട്രേലിയയെ തോല്‍പ്പിക്കുകയാണെങ്കില്‍ ഇന്ത്യക്ക് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ആഘോഷിക്കാം.”

മൈക്കല്‍ ക്ലാര്‍ക്ക്

പരിഹാസ പൂര്‍ണമായ പ്രസ്താവനയാണെങ്കിലും ക്ലാര്‍ക്കിന്റെ വിലയിരുത്തല്‍ സത്യമാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ പ്രകടനം ചരിത്രത്തിലുടനീളം ഓര്‍മ്മിക്കപ്പെടും. 1988ന് ശേഷം ബ്രിസ്‌ബേനില്‍ ഓസീസ് നിര പരാജയമറിഞ്ഞിട്ടില്ലെന്ന കാര്യം കൂടി ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്.

”ഇന്ത്യ ആദ്യ ടെസ്റ്റ് തോല്‍ക്കുകയും കോലി മത്സരങ്ങളില്‍ നിന്ന് പിന്മാറേണ്ടി വരികയും ചെയ്താല്‍ ഇന്ത്യയുടെ കാര്യം കഷ്ട്ത്തിലാവും. 4-0ത്തിന് ഓസീസ് പരമ്പര സ്വന്തമാക്കുെമന്ന് തീര്‍ച്ച.”

മൈക്കിള്‍ വോണ്‍

തെറ്റിപ്പോയ മറ്റൊരു പ്രവചനം ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കള്‍ വോണിന്റേതാണ്. എന്നാല്‍ വിജയത്തിന് പിന്നാലെ അത് തിരുത്തി ഇന്ത്യക്ക് അഭിനന്ദനമറിയിക്കാനും വോണ്‍ മറന്നില്ല.

”മനോഹരമായിട്ടാണ് ഇന്ത്യ ബ്രിസ്‌ബേനില്‍ കളിച്ചത്. ഏറ്റവും മഹത്തരമായ ടെസ്റ്റ് വിജയമാണിത്. ഇംഗ്ലണ്ടിലിരിക്കുന്ന എന്റെ മുഖത്ത് മുട്ടയേറ് കിട്ടിയ പോലുണ്ടായിരുന്നു. എന്തിരുന്നാലും ഇന്ത്യയുടെ കളി മികവും താരങ്ങളെയും വളരെയേറെ ഇഷ്ടപ്പെട്ടു. ഇന്ത്യ കരുത്തി കാട്ടി, ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും ഭാവിയുടെ താരങ്ങളാണ്. ”

മൈക്കിള്‍ വോണ്‍ ഇന്ന് നടത്തിയ പ്രസ്താവന

Latest News