Top

നീണ്ട ബ്രെക്‌സിറ്റ് യാത്ര അവസാനിച്ചു; യൂറോപ്യന്‍ യൂണിയനില്‍ ഇനി ബ്രിട്ടണില്ല; പുതുയുഗപ്പിറവി

ഇനി മുതല്‍ യൂറോപ്യന്‍ യൂണിയന്റെ വ്യാപാര, നികുതി, ബിസിനസ് നിയമങ്ങള്‍ ബ്രിട്ടണ് ബാധകമാകില്ല.

1 Jan 2021 12:38 AM GMT

നീണ്ട ബ്രെക്‌സിറ്റ് യാത്ര അവസാനിച്ചു; യൂറോപ്യന്‍ യൂണിയനില്‍ ഇനി ബ്രിട്ടണില്ല; പുതുയുഗപ്പിറവി
X

കാലങ്ങളായി ലോകം ചര്‍ച്ചചെയ്ത ബ്രെക്‌സിറ്റ് കരാര്‍ പൂര്‍ണ്ണമായി. കരാര്‍ യാഥാര്‍ഥ്യമാതോടെ യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്തുകടന്നു. യൂണിയനില്‍ അരനൂറ്റാണ്ടോളം അംഗമായിരുന്ന ബ്രിട്ടനാണ് ഇപ്പോള്‍ സ്വാതന്ത്ര്യം നേടുന്നത്. ബ്രെക്‌സിറ്റ് കരാര്‍ യാഥാര്‍ഥ്യമായതിന് തൊട്ടുപിന്നാലെ സ്വാതന്ത്ര്യം ഇപ്പോള്‍ നമ്മുടെ കൈകളിലാണെന്നും നമ്മള്‍ വ്യത്യസ്തമായും മെച്ചപ്പെട്ട രീതിയിലും പുതിയ കര്‍മ്മപരിപാടികള്‍ തയ്യാറാക്കുമെന്നും ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരി 31ന് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടന്നിരുന്നുവെങ്കിലും തുടര്‍പരിപാടികള്‍ ചര്‍ച്ചചെയ്യാനുള്ള 11 മാസകാലം കൂടി വ്യാപാര നിയമങ്ങള്‍ തുടര്‍ന്നുപോകുകയായിരുന്നു. ഈ നീണ്ട ബ്രെക്‌സിറ്റ് യാത്രയാണ് പുതുവര്‍ഷപിറവിയോടെ അവസാനിച്ചത്. ഇനി മുതല്‍ യൂറോപ്യന്‍ യൂണിയന്റെ വ്യാപാര, നികുതി, ബിസിനസ് നിയമങ്ങള്‍ ബ്രിട്ടണ് ബാധകമാകില്ല.

ചര്‍ച്ചകള്‍ക്കുശേഷം ഉരുത്തിരിഞ്ഞുവന്ന പുതിയ ധാരണപ്രകാരം ബ്രിട്ടണില്‍ നിന്നുള്ള ഉല്‍പ്പാദകര്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ആഭ്യന്തരവിപണിയില്‍ താരിഫ് രഹിത വിപണനം നടത്താന്‍ കഴിയും. എന്നിരിക്കിലും യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും തമ്മിലുള്ള വ്യാപാരക്കരാര്‍ നടപ്പിലായില്ലെങ്കില്‍ വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുമോ എന്ന ഭയം ബ്രിട്ടീഷ് മന്ത്രിമാര്‍ക്കുമുന്നിലുണ്ട്.

നാലരവര്‍ഷം നീണ്ട ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കും ഹിതപരിശോധനകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമാണ് കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ബ്രെക്‌സിറ്റ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് തന്നെയാണ് ബോറിസ് ജോണ്‍സണ്‍ അധികാരത്തിലേറുന്നത്. 2016ല്‍ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടണ്‍ തീരുമാനമെടുത്തിരുന്നെങ്കിലും പൂര്‍ണ്ണമായ വിടുതലിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. വ്യാപര ആവശ്യങ്ങള്‍ക്കായി ഇനി യൂണിയനിലെ എല്ലാ രാജ്യങ്ങളുമായും പ്രത്യേകം കരാറുണ്ടാക്കേണ്ടി വരുമെന്നത് ഇപ്പോള്‍ ബ്രിട്ടണ് മുന്നില്‍ ഒരു വെല്ലുവിളിയാണ്.

Next Story