Top

നേരിട്ട് ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ; കെ സുധാകരൻ പിണറായിയെ ചവിട്ടിയ കഥ ആദ്യം വന്നത് വീക്ഷണത്തിൽ

പിണറായിയെ ചവിട്ടി നിലത്തിട്ടുവെന്നത് ‘ഓഫ് ദി റെക്കോര്‍ഡ്’ പറഞ്ഞ വാക്കുകളായിരുന്നുവെന്നാണ് കെ. സുധാകരന്‍ നല്‍കിയ വിശദീകരണം

20 Jun 2021 4:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേരിട്ട് ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ; കെ സുധാകരൻ പിണറായിയെ ചവിട്ടിയ കഥ ആദ്യം വന്നത് വീക്ഷണത്തിൽ
X

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പഠനകാലത്തുണ്ടായ സംഘര്‍ഷത്തെക്കുറിച്ചാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചര്‍ച്ച. കോണ്‍ഗ്രസ് സൈബിറടങ്ങള്‍ പിണറായിയെ ‘തൊഴിച്ച’ കെ. സുധാകരനെ ആഘോഷിക്കുമ്പോള്‍ മറുവശത്ത് ‘ബഡായി’ ട്രോളുകളുമായി സൈബര്‍ സിപിഐഎമ്മും സജീവമാണ്. എന്താണ് സത്യത്തില്‍ സംഭവിച്ചതെന്ന് അറിയാന്‍ തെളിവുകള്‍ക്കായി കാത്തിരിക്കുന്നവരും ചെറുതല്ല.

പിണറായിയെ ചവിട്ടി നിലത്തിട്ടുവെന്നത് ‘ഓഫ് ദി റെക്കോര്‍ഡ്’ പറഞ്ഞ വാക്കുകളായിരുന്നുവെന്നാണ് കെ. സുധാകരന്‍ നല്‍കിയ വിശദീകരണം. ‘വീരകഥ’യായി പറയാനുദ്ദേശിച്ചിട്ടല്ല കോളേജ് അനുഭവം പറഞ്ഞതെന്ന വിശദീകരണം പക്ഷേ തൃപ്തികരമല്ല. ‘ബ്രണ്ണനില്‍ വളര്‍ന്ന പോരാളി’ എന്ന തലക്കെട്ടില്‍ വീക്ഷണം ദിനപത്രത്തില്‍ 2021 ജൂണ്‍ 9ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സുധാകരന്‍റെ സമാന അനുഭവം വിവരിക്കുന്നുണ്ട്.

ജൂണ്‍ 26ന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച അനുഭവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പ്രസ്തുത ലേഖനത്തിലെയും ഭാഗങ്ങള്‍. ഓഫ് ദി റെക്കോര്‍ഡ് വാദങ്ങള്‍ വീക്ഷണം ദിനപത്രത്തിലെ ലേഖനത്തെക്കുറിച്ച് സുധാകരന്‍ ഉന്നയിച്ചിട്ടുമില്ല. മനോരമ വാരികയില്‍ 2021 ഫെബ്രവരി 27ന് പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തില്‍ കെ. സുരേന്ദ്രനെ ഉദ്ധരിച്ച് അനില്‍ കുരുടത്ത് എഴുതിയ വാക്കുകളും മറ്റൊന്നാണ്. താനും പിണറായിയും തമ്മില്‍ ഒരിക്കലും നേരിട്ടുള്ള സംഘട്ടനങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രസ്തതു ലേഖനത്തില്‍ കെ. സുധാകരന്‍ ഓര്‍ത്തെടുക്കുന്നത്.

മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് (ജൂണ്‍ 26, 2021, പേജ് 19)

തര്‍ക്കത്തിനിടെ ബാലന്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും കെഎസ്‌യുക്കാര്‍ അടിച്ചോടിച്ചു. പരീക്ഷയെഴുതുകയായിരുന്ന പിണറായി വിജയന്‍ അതറിഞ്ഞ് പരീക്ഷാ ഹാളില്‍ നിന്നു സമര സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. നീല ഷര്‍ട്ടും മഞ്ഞ മുണ്ടുമായിരുന്നു അന്ന് പിണറായിയുടെ വേഷം. എസ്എഫ്‌ഐക്കാരെയും കൂട്ടി പിണറായി രണ്ടാം നിലയിലേക്ക് കോണിപ്പടി കയറിവന്ന് എന്നോട് ചോദിച്ചു. നീയെന്താ ധാരാസിങ്ങോ?

കലയാലങ്ങളില്‍ കെഎസ്‌യുവിന്റെ പടയോട്ടക്കാലം. കോണിപ്പോടിക്ക് ഇരുവശത്തു നിന്ന പ്രവര്‍ത്തകര്‍ ആര്‍പ്പു വിളിച്ചപ്പോള്‍ എനിക്ക് ആവേശമായി. ഞാനാകട്ടെ കളരി പഠിക്കുന്ന സമയം. വേറൊന്നും ആലോചിച്ചില്ല. പിണറായിയെ ഒറ്റച്ചവിട്ട്. വീണുപോയ പിണറായിയെ പിള്ളേര് വളഞ്ഞിട്ട് തല്ലി. പൊലീസ് വണ്ടി വന്നാണ് പിണറായിയെ എടുത്തോണ്ട് പോയത്.

മനോരമ വാരിക (2021 ഫെബ്രവരി 27 പേജ്26)

പിണറായി വിജയനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരും ഒരു ഭാഗത്തും കെഎസ്‌യുക്കാര്‍ മറുഭാഗത്തുമായിട്ടായിരുന്നു അടിയെങ്കിലും പിണറായിയും താനും പരസ്പരം തല്ലിയിട്ടില്ലെന്ന് സുധാകരന്‍ ഓര്‍ക്കുന്നു.

വീക്ഷണം ദിനപത്രം (2021 ജൂണ്‍ 9)

അവിടെ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ എകെ ബാലന്റെ നേതൃത്വത്തില്‍ പത്തിരുപത്തിയഞ്ച് എസ്എഫ്‌ഐ കുട്ടികള്‍ വന്നു. അവരുമായി സംഘട്ടനം ആയി. അടികൊണ്ട് എസ്എഫ്‌ഐക്കാര്‍ ഓടി. പരീക്ഷാ ഹാളില്‍ വെച്ച് വിജയന്‍ ഇതറിഞ്ഞു. ഒരു മഞ്ഞ മുണ്ടും നീല ഷര്‍ട്ടുമായിരുന്നു വേഷം. മഞ്ഞ മുണ്ട് മടക്കിക്കുത്തിയാണ് പിണറായി വിജയന്‍ വന്നത്. നീ എന്താടാ ധാരാസിങ്ങോ എന്ന് ചോദിച്ച് പിണറായി വിജയന്‍ കയറി വരുന്നത്. അങ്ങോട്ട് നന്നായി കൈകാര്യം ചെയ്തു. ഉരുണ്ട് ഉരുണ്ട് താഴെ വീണു. പൊലീസ് വന്നപ്പോള്‍ എല്ലാവരും ഓടി.

Next Story