Top

കോവിഡ് ബാധിച്ച വെനസ്വേലയ്ക്കു മേല്‍ സാംബാ നൃത്തം ചവിട്ടി ബ്രസീല്‍; കോപ്പയില്‍ ഏകപക്ഷീയ ജയവുമായി മഞ്ഞപ്പട

പ്രതിസന്ധികള്‍ക്കൊടുവില്‍ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തകര്‍പ്പന്‍ തുടക്കം. ഇന്നുപുലര്‍ച്ചെ നടന്ന ഉദ്ഘടാന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വെനസ്വേലയെ തകര്‍ത്ത് ബ്രസീല്‍ കോപ്പ നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങി. മാര്‍ക്വിഞ്ഞോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവരാണ് മഞ്ഞപ്പടയ്ക്കായി ഗോളുകള്‍ നേടിയത്. തോറ്റെങ്കിലും ഉദ്ഘടാന മത്സരത്തിനു തൊട്ടുമുമ്പ് ടീമിലെ 12 പേര്‍ക്ക് കോവിഡ് ബാധിച്ച് മുന്‍നിര താരങ്ങള്‍ ഒന്നുമില്ലാതെ ഇറങ്ങിയ വെനസ്വേല ബ്രസീലിനെതിരേ മികച്ച പോരാട്ടം കാഴ്ചവച്ച ശേഷമാണ് കീഴടങ്ങിയത്. താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ ആദ്യമിനിറ്റു മുതല്‍ ആക്രമണ […]

13 Jun 2021 8:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോവിഡ് ബാധിച്ച വെനസ്വേലയ്ക്കു മേല്‍ സാംബാ നൃത്തം ചവിട്ടി ബ്രസീല്‍; കോപ്പയില്‍ ഏകപക്ഷീയ ജയവുമായി മഞ്ഞപ്പട
X

പ്രതിസന്ധികള്‍ക്കൊടുവില്‍ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തകര്‍പ്പന്‍ തുടക്കം. ഇന്നുപുലര്‍ച്ചെ നടന്ന ഉദ്ഘടാന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വെനസ്വേലയെ തകര്‍ത്ത് ബ്രസീല്‍ കോപ്പ നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങി.

മാര്‍ക്വിഞ്ഞോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവരാണ് മഞ്ഞപ്പടയ്ക്കായി ഗോളുകള്‍ നേടിയത്. തോറ്റെങ്കിലും ഉദ്ഘടാന മത്സരത്തിനു തൊട്ടുമുമ്പ് ടീമിലെ 12 പേര്‍ക്ക് കോവിഡ് ബാധിച്ച് മുന്‍നിര താരങ്ങള്‍ ഒന്നുമില്ലാതെ ഇറങ്ങിയ വെനസ്വേല ബ്രസീലിനെതിരേ മികച്ച പോരാട്ടം കാഴ്ചവച്ച ശേഷമാണ് കീഴടങ്ങിയത്.

താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ ആദ്യമിനിറ്റു മുതല്‍ ആക്രമണ ഗെയിമാണ് ബ്രസീല്‍ പുറത്തെടുത്തത്. 23-ാം മിനിറ്റില്‍ തന്നെ ലീഡ് നേടുകയും ചെയ്തു. ഒരു കോര്‍ണറില്‍ നിന്നു ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ നായകന്‍ മാര്‍ക്വിഞ്ഞോസായിരുന്നു സ്‌കോറര്‍.

ആദ്യപകുതിയില്‍ തന്നെ ചുരുങ്ങിയത് നാലു ഗോളുകള്‍ക്കെങ്കിലും ബ്രസീല്‍ ലീഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ വെനസ്വേലയുടെ മികച്ച പ്രതിരോധവും നെയ്മര്‍ അടക്കമുള്ള ബ്രസീലിയന്‍ മുന്‍നിര താരങ്ങളുടെ മോശം ഫിനിഷിങ്ങും അവര്‍ക്കു തിരിച്ചടിയായി. ഇതോടെ ഒന്നാം പകുതിയില്‍ അവരുടെ ലീഡ് ഒറ്റഗോളിലൊതുങ്ങി.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് നെയ്മറാണ് അവരുടെ ലീഡ് ഉയര്‍ത്തിയത്. ബ്രസീലിയന്‍ താരം ഡാനിലോയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി പിഴവേതുമില്ലാതെ നെയ്മര്‍ വലയില്‍ നിക്ഷേപിക്കുകയായിരുന്നു. 89-ാം മിനിറ്റില്‍ ബര്‍ബോസ പട്ടിക തികച്ചു.

ഇക്കുറി നെയ്മറുടെ റോള്‍ അസിസ്റ്റ് നല്‍കുകയായിരുന്നു. സ്വന്തം ഹാഫില്‍ നിന്നു നെയ്മര്‍ നടത്തിയ മികച്ച റണ്ണിനൊടുവില്‍ പന്ത് ബര്‍ബോസയ്ക്ക് പാസ് ചെയ്യുകയായിരുന്നു. ബോക്‌സിനുള്ളില്‍ പാകത്തിനു കിട്ടിയ പന്തില്‍ ഒന്നു തൊട്ടുകൊടുക്കേണ്ട ചുമതലയേ ബര്‍ബോസയ്ക്ക് ഉണ്ടായിരുന്നുള്ളു.

18-ന് പെറുവിനെതിരേയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അന്നുതന്നെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ വെനസ്വേല കൊളംബിയയെ നേരിടും. കോപ്പയില്‍ നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന ചിലിയെയും ബൊളീവിയ പരാഗ്വായെയും നേരിടും.

Next Story

Popular Stories