Top

പതറിയില്ല; വൈക്കോലിനുള്ളില്‍ നിന്നും ചാടിവീണ് ആക്രമിച്ച പുലിയുടെ കണ്ണില്‍ വിരലിട്ട് കുത്തി; അത്ഭുതകരമായി രക്ഷപ്പെട്ട് 12 വയസുള്ള കുട്ടി

തോളിലും കഴുത്തിലും മുറിവേറ്റ നന്ദന്‍ കുമാറിനെ മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

23 Feb 2021 12:10 AM GMT

പതറിയില്ല; വൈക്കോലിനുള്ളില്‍ നിന്നും ചാടിവീണ് ആക്രമിച്ച പുലിയുടെ കണ്ണില്‍ വിരലിട്ട് കുത്തി; അത്ഭുതകരമായി രക്ഷപ്പെട്ട് 12 വയസുള്ള കുട്ടി
X

വൈക്കോലില്‍ നിന്നും അപ്രതീക്ഷിതമായി പുറത്തുചാടി ആക്രമിച്ച പുള്ളിപ്പുലിയെ അത്ഭുതകരമായി നേരിട്ട് 12വയസുകാരന്‍. മൈസൂരിലെ കടക്കോളയ്ക്ക് സമീപം ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലെ ഒരു ഫാം ഹൗസിലാണ് സംഭവം. ഫാം ഹൗസിലെത്തി പശുക്കള്‍ക്ക് തീറ്റ കൊടുത്തുകൊണ്ടിരുന്ന 12 വയസുകാരന്‍ നന്ദന്‍ കുമാറിന് നേരെ വൈക്കോല്‍ കൂനയില്‍ നിന്നും ഒരു പുള്ളിപ്പുലി ചാടിയടുക്കുകയായിരുന്നു. നന്ദന്റെ ശരീരത്തിലേക്ക് പാഞ്ഞുകയറിയ പുലി കഴുത്തിലും തോളിലും കടിച്ചു. ആത്മധൈര്യം വിട്ടുകളയാതെ പുലിയുടെ കണ്ണില്‍ വിരലിട്ടുകുത്തി തിരിച്ച് ആക്രമിച്ചാണ് നന്ദന്‍ കുമാര്‍ രക്ഷപ്പെടുന്നത്.

നന്ദന്‍ കുമാറിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിന്റെ ചുറ്റിനുമായി 140 ഏക്കര്‍ സ്ഥലത്ത് കുറ്റിച്ചെടികള്‍ വളര്‍ന്നുനില്‍ക്കുകയാണ്. ഇവിടേക്ക് പുള്ളിപ്പുലികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ടെന്നും നാട്ടുകാര്‍ ഭീതിയിലാണെന്നും മുന്‍പ് തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. കണ്ണില്‍ കുത്തുകൊണ്ട പുലി കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തോളിലും കഴുത്തിലും മുറിവേറ്റ നന്ദന്‍ കുമാറിനെ മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 140 ഏക്കര്‍ സ്ഥലം കൈവശം വെച്ചിരിക്കുന്ന കെപിഎല്‍സിടിയ്‌ക്കെതിരെ കാട് വെട്ടിത്തെളിയ്ക്കണമെന്ന ആവശ്യമുയര്‍ത്തി ഇപ്പോള്‍ കടക്കോള നിവാസികള്‍ സമരം നടത്തുകയാണ്.

Next Story