എറിഞ്ഞ് പിടിച്ച് ഇന്ത്യ, ഇനി വാലറ്റം മാത്രം; മെല്‍ബണില്‍ ഓസ്ട്രേലിയക്ക് തിരിച്ചടി

ആദ്യ ഇന്നിംഗ്സില്‍ ഉണ്ടായ ബാറ്റിംഗ് തകര്‍ച്ച ആവര്‍ത്തിച്ച് ഓസ്ട്രേലിയ. 131 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ആതിഥേയരുടെ ബാറ്റിംഗ് നിര പതിയെ തകരുകയായിരുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 133-6 എന്ന നിലയിലാണ്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് നേടിയപ്പോള്‍, അശ്വിന്, ഉമേഷ് യാദവ്, ബുംറ, സിറാജ് എന്നിവര്‍ ഓരൊ വിക്കറ്റും നേടി.
സ്മിത്ത് എന്ന നട്ടെല്ലില്ലാത്ത ഓസിസ്
സ്്റ്റീവ് സ്മിത്ത് എന്ന വലം കയ്യന്‍ ബാറ്റ്സ്മാനെ ഓസ്ട്രേലിയ ഇന്ന് എത്രമാത്രം ആശ്രയിക്കുന്നുണ്ട് എന്ന് രണ്ട് ടെസ്റ്റും ചൂണ്ടിക്കാണിക്കുന്നു. ആദ്യ ഇന്നിംഗ്സില്‍ പൂജ്യനായി മടങ്ങിയപ്പോള്‍ ആതിഥേയര്‍ 195ല്‍ പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ എട്ട് റണ്‍സ് മാത്രമാണ് സ്മിത്തിന് നേടാനായത്. ഓസ്ട്രേലിയ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.
സ്കോര്‍ നാലില്‍ നില്കെ ജൊ ബേണ്‍സ് പുറത്തായി. പിന്നീട് മാര്‍നസ് ലെബുഷെയ്നും മാത്യു വെയ്ഡും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമം നടത്തിയെങ്കിലും അശ്വിന് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തിന്റെ സ്റ്റമ്പ് തെറുപ്പിച്ച് ജസ്പ്രിത് ബുംറ ഇന്ത്യക്ക് നിര്‍ണായകമായ മുന്‍ തൂക്കം നല്കി.
ട്രാവിസ് ഹെഡ്, നായന് ടിം പെയ്ന് എന്നിവര്‍ക്ക് അധിക നേരം ക്രീസില്‍ നില്ക്കാനായില്ല. ഹെഡിനെ സിറാജും, പെയ്നെ ജഡേജയും പുറത്താക്കി. 99-6 എന്ന നിലയില്‍ തോല്‍വിയിലേക്ക് നീങ്ങിയപ്പോളാണ് ക്യാമറൂണ്‍ ഗ്രീന്‍-പാറ്റ് കമ്മിന്‍സ് സഖ്യം ചേരുന്നത്. മുങ്ങുന്ന കപ്പലിനെ രക്ഷിക്കുക എന്ന ദൗത്യം ഇരുവരും ഏറ്റെടുത്തു. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 112 പന്തില്‍ 34 റണ്‍സ് ഇരുവരും ചേര്‍ത്തു.
ആദ്യ സെഷന് ഇന്ത്യക്ക് വീണ്ടും വില്ലനായി
അജിങ്ക്യ രഹാനെ രവീന്ദ്ര ജഡേജ കൂട്ടുകെട്ട് പൊളിക്കുക എന്നതായിരുന്ന ഓസീസ് ബൗളര്‍മാരുടെ പ്രധാന വെല്ലുവിളി. രണ്ട് തവണ ലൈഫ് കിട്ടിയ ഇന്ത്യന്‍ നായകനെ 112ല്‍ നില്കെ റണ്ണൗട്ടാക്കിയാണ് ഓസിസ് തുടങ്ങിയത്. 32 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം. അതിനിടയില്‍ രവീന്ദ്ര ജഡേജ അര്‍ദ്ധ സെഞ്ച്വറിയും തികച്ചു. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, നാഥാന് ലിയോണ്‍ എന്നിവര്‍ മൂന്നും, പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് നേടി. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ 131 റണ്‍സ് ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യക്കായി.