Top

റിയാ ചക്രവര്‍ത്തിക്കെതിരായ ഹാഷ്ടാഗ് പകപോക്കല്‍, ഇതാണോ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം?; റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ കോടതിയുടെ പരാമര്‍ശങ്ങള്‍ ഇങ്ങനെ

കേസുമായി ബന്ധപ്പെട്ട് ആരെയാണ് അറസ്റ്റ് ചെയ്യേണ്ടത് എന്ന് ജനങ്ങളോട് ചോദിക്കുന്നതും ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ ഭാഗമാണോയെന്നും കോടതി ആരാഞ്ഞു.

21 Oct 2020 9:03 PM GMT

റിയാ ചക്രവര്‍ത്തിക്കെതിരായ ഹാഷ്ടാഗ് പകപോക്കല്‍, ഇതാണോ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം?; റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ കോടതിയുടെ പരാമര്‍ശങ്ങള്‍ ഇങ്ങനെ
X

നടന്‍ സുശാന്ത് സിംഗ് രജിപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോംബൈ ഹൈക്കോടതി. താരത്തിന്റെ മരണത്തിനുശേഷമുള്ള ന്യൂസ് കവറേജ് സംബന്ധിച്ച പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. നടി റിയാ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്യാനാവശ്യപ്പെടുന്ന ഹാഷ് ടാഗുകള്‍ സൂചിപ്പിച്ചുകൊണ്ട് കോടതി ചാനല്‍ അധികൃതരെ ശാസിച്ചു. ഇത്തരം പരാമമര്‍ശങ്ങളും ഹാഷ്ടാഗുകളും വ്യക്തിപരമായ പകപോക്കലിന്റെ ഭാഗമാകാമെന്നും ഉത്തരവാദിത്വപ്പെട്ട ചാനല്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കണമായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട് ആരെയാണ് അറസ്റ്റ് ചെയ്യേണ്ടത് എന്ന് ജനങ്ങളോട് ചോദിക്കുന്നതും ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ ഭാഗമാണോയെന്നും കോടതി ആരാഞ്ഞു. കൊലപാതകമാണോ ആത്മഹത്യയാണോ നടന്നത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ അത് കൊലപാതകമെന്ന് ചാനല്‍ സ്വന്തം നിലയ്ക്ക് ഉറപ്പിക്കുന്നതും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമാകുമോ എന്നും കോടതി ചോദിച്ചു. മാധ്യമവിചാരണ ഒഴിവാക്കണമായിരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് കോടതി സിആര്‍പിസി പ്രകാരം ഒരു കേസ് അന്വേഷിക്കാനുള്ള ചുമതല പൊലീസിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും ചാനലിനെ ഒര്‍മ്മിപ്പിച്ചു.

ചീഫ് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് കുല്‍കര്‍ണി തുടങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അടങ്ങിയ ബെഞ്ചാണ് പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചത്. മാളവിക ത്രിവേദി എന്ന അഭിഭാഷകയാണ് ഹൈക്കോടതിയില്‍ റിപ്പബ്ലിക് ടിവിയ്ക്കുവേണ്ടി ഹാജരായത്. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളെക്കുറിച്ചാണ് റിപ്പബ്ലിക് ചാനലിനോട് പറയാനുള്ളതെന്നും സെന്‍സേഷണലൈസേഷന്‍ പാടില്ലെന്ന് റിപ്പബ്ലിക് ചാനലിനെ ഓര്‍മ്മിപ്പിക്കുന്നതായും കോടതി പറഞ്ഞു.

Next Story