സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബോംബെ ഹൈക്കോടതി
എല്‍ഗാര്‍ പരിഷത്ത് കേസില്‍ കസ്റ്റഡിയിലിരിക്കെ അന്തരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബോംബെ ഹൈക്കോടതി. ഭരണഘടനയുടെ 176ാം വകുപ്പ് പ്രകാരം കസ്റ്റഡി മരണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നിര്‍ബന്ധമായി നടത്തപ്പെടണമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. അതിനിടെ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ മുബൈ ഹൈക്കോടതയില്‍ സമര്‍പ്പിച്ചു. എന്‍ ഐ എയുടെ അശ്രദ്ധകാരണവും മതിയായ മെഡിക്കല്‍ സഹായം കൃത്യസമയത്ത് സ്വാമിക്ക് പ്രദാനം ചെയ്യുന്നതില്‍ മഹാരാഷ്ട്ര ജയില്‍ അധികൃതര്‍ പരാജയപ്പെട്ടതുമാണ് സ്വാമിയുടെ […]
13 July 2021 7:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എല്‍ഗാര്‍ പരിഷത്ത് കേസില്‍ കസ്റ്റഡിയിലിരിക്കെ അന്തരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബോംബെ ഹൈക്കോടതി. ഭരണഘടനയുടെ 176ാം വകുപ്പ് പ്രകാരം കസ്റ്റഡി മരണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നിര്‍ബന്ധമായി നടത്തപ്പെടണമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. അതിനിടെ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ മുബൈ ഹൈക്കോടതയില്‍ സമര്‍പ്പിച്ചു. എന്‍ ഐ എയുടെ അശ്രദ്ധകാരണവും മതിയായ മെഡിക്കല്‍ സഹായം കൃത്യസമയത്ത് സ്വാമിക്ക് പ്രദാനം ചെയ്യുന്നതില്‍ മഹാരാഷ്ട്ര ജയില്‍ അധികൃതര്‍ പരാജയപ്പെട്ടതുമാണ് സ്വാമിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടത്.
ജൂലൈ അഞ്ചിനാണ് സ്വാമിയുടെ മരണം സംബന്ധിച്ച് അറിയിക്കുന്നതിനിടെ മുതിര്‍ന്ന അഭിഭാഷകന് മിഹിര്‍ ദേശായി ഈ വാദം ഉന്നയിച്ചത്. തുടര്‍ന്ന് കോടതി മുഴുവന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കാന്‍ മഹാരാഷ്ട്രസര്ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. തലോജ ജയിലില്‍ അടച്ചത് മുതല്‍ സ്റ്റാന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള വിശദമായ മെഡിക്കല്‍ രേഖകളാണ് കോടതയില്‍ പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ അനില്‍ പെയ് സമര്‍പ്പിച്ചത്. സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചതെന്നിരിക്കെ 176ാം വകുപ്പ് പ്രകാരം ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
എല്‍ഗാര്‍ പരിഷത്ത് കേസില്‍ 2020 ഒക്ടോബറിലാണ് ഈശോ സഭയിലെ ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റിലാവുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയാണ് സ്വാമിയെ അറസ്റ്റ് ചെയ്യുന്നത്. 84 കാരനായ സ്വാമിയ്ക്ക് പാര്ക്കിന്സണ് ഉള്‍പ്പടെ നിരവധി രോഗങ്ങള്‍ ബാധിച്ചിരുന്നു. കൊവിഡ് ബാധിച്ചാണ് സ്വാമി മെയ് മാസത്തില്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. പ്രായാധിക്യവും രോഗവുമുള്ള സ്വാമിയെ ജയിലില്‍ അടച്ചത് ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു.