‘എന്തുകൊണ്ട് കേരളത്തെ മാതൃകയാക്കിക്കൂടാ, വീടുകളില്‍ വാക്സിനെത്തിക്കാന്‍ പറ്റാത്തതെന്താണ്?’; കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി
മുതിര്‍ന്ന പൗരന്മാര്ക്ക് വാക്സിന് വീടുകളിലെത്തിച്ച് നല്‍കണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
12 Jun 2021 7:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വാക്സിന് വീടുകളിലെത്തിച്ചുനല്കുന്ന കേരളത്തിന്റേയും ജമ്മു കശ്മീരിന്റേയും വാക്സിന് നയം മാതൃകയാക്കിക്കൂടേയെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി. വീടുകളില്‍ വാക്സിന് എത്തിക്കുന്നതിന് എന്ത് തടസമാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നും കോടതി ചോദിച്ചു. വാക്സിന് വീടുകളില്‍ എത്തിച്ച് നല്‍കുക എന്നത് പ്രായോഗികമല്ലെന്ന കേന്ദ്ര നിലപാടിനെതിരായാണ് കോടതി കേരളത്തേയും ജമ്മു കശ്മീരിനേയും മാതൃകയായി ചൂണ്ടിക്കാട്ടിയത്. ഈ സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ കേന്ദ്രത്തിന് എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. മുതിര്‍ന്ന പൗരന്മാര്ക്ക് വാക്സിന് വീടുകളിലെത്തിച്ച് നല്‍കണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുഴുവന്‍ കിടപ്പുരോഗികള്‍ക്കും വാക്സിന് വീട്ടിലെത്തിച്ചുനല്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പൊതുതാല്‍പ്പര്യഹര്‍ജി. കേരളത്തിന്റെയും ജമ്മു കശ്മീരിന്റേയും മാതൃക പിന്തുടരാന് എന്ത് കൊണ്ടാണ് നിങ്ങള്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുക പോലും ചെയ്യാത്തതെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജിഎസ് കുല്‍കര്‍ണി എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
കേരളത്തിലും ജമ്മു കശ്മീരിലും വിജയകരമായി വാക്സിന് വീട്ടിലെത്തിച്ച് നല്കാന് അവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഇത് കൂടി മനസില്‍ വെച്ചുകൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്രം ഉചിതമായ നയം സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുംബൈയില്‍ ഒരു മുതിര്‍ന്ന നേതാവിന് വീട്ടിലെത്തി വാക്സിന് നല്കിയ സംഭവവും കോടതി വാക്കാലെ പരാമര്‍ശിച്ചു.