Top

ടൂള്‍കിറ്റ് കേസ്: നിഖിത ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ബോംബൈ ഹൈക്കോടതി

നാല് ആഴ്ച്ചത്തേക്ക് തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നിഖിത നല്‍കിയ ഹര്‍ജി പരിഗണിച്ചശേഷമാണ് ജസ്റ്റിസ് പിഡി നായിക് അധ്യക്ഷനായ ബെഞ്ച് താല്‍ക്കാലിക സംരക്ഷണം നല്‍കിക്കൊണ്ട് ഉത്തരവിട്ടത്.

17 Feb 2021 1:59 AM GMT

ടൂള്‍കിറ്റ് കേസ്:  നിഖിത ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ബോംബൈ ഹൈക്കോടതി
X

പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റ് പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ മലയാളി പരിസ്ഥിതി പ്രവര്‍ത്തക നിഖിത ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ബോംബൈ ഹൈക്കോടതി. മൂന്നാഴ്ച്ചത്തേക്കാണ് കോടതി നിഖിതയുടെ അറസ്റ്റ് തടഞ്ഞത്. നാല് ആഴ്ച്ചത്തേക്ക് തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നിഖിത നല്‍കിയ ഹര്‍ജി പരിഗണിച്ചശേഷമാണ് ജസ്റ്റിസ് പിഡി നായിക് അധ്യക്ഷനായ ബെഞ്ച് താല്‍ക്കാലിക സംരക്ഷണം നല്‍കിക്കൊണ്ട് ഉത്തരവിട്ടത്.

തന്റെ മൊബൈല്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ ഡല്‍ഹി പൊലീസ് പിടിച്ചെടുത്തെന്നും നിഖിത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ കോപ്പി നല്‍കണമെന്നും നിഖിത കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

30കാരിയായ നിഖിതയ്‌ക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ടാണ് ഡല്‍ഹി പൊലീസ് പുറപ്പെടുവിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ ദിഷ രവിയെ ചോദ്യംചെയ്തതിന് പിന്നാലെയാണ് നിഖിതയ്‌ക്കെതിരെ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചത്. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖലിസ്ഥാന്‍ വാദ അനുകൂല സംഘടനയുമായി നിഖിതയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രധാനവാദം. റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകസമര ട്വീറ്റുകള്‍ തരംഗമാക്കണമെന്ന് സംഘടന പ്രതിനിധി നിഖിതയോട് ആവശ്യപ്പെട്ടിരുന്നെന്നും പൊലീസ് വാദിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നിഖിത ഒളിവില്‍ പോയെന്നും പൊലീസ് അറിയിച്ചു.

കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പുറത്തു വന്ന ടൂള്‍ കിറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ടൂള്‍കിറ്റ് രാജ്യത്തിനെതിരായ സാമ്പത്തികയുദ്ധത്തിനുള്ള ആഹ്വാനമാണെന്നും എഫ്‌ഐആറില്‍ ഉണ്ടായിരുന്നു.ഇന്ത്യന്‍ കമ്പനികളുടെ വരുമാനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമായിരുന്നു ഗ്രേറ്റയുടെ ടൂള്‍കിറ്റെന്ന് ദില്ലി പൊലീസ് പറയുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ അക്രമസംഭവങ്ങള്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയതായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിശ രവിയുടെ അഭിഭാഷകന്‍ പട്യാല കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ദില്ലി പൊലീസ് എഫ്‌ഐആര്‍ പുറത്തുവിടാന്‍ തയ്യാറായത്.

Next Story