
മുംബൈ: ഭീമ കൊറെഗാവ് കേസിൽ വിചാരണ കാത്ത് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ് വരവര റാവുവിന് ജാമ്യം നൽകി ബോംബേ ഹൈക്കോടതി. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ മാനിച്ചു ആറുമാസത്തേക്കാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.
2018ൽ അറസ്റ്റിലായ വരവര റാവു പലപ്പോഴും മോശപ്പെട്ട ആരോഗ്യാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ജൂലൈയിൽ കൊവിഡ് ബാധിതനായി അവശനിലയിലും ആയിരുന്നു. ജാമ്യകാലാവധി പൂർത്തിയാകുന്ന മുറക്ക് റാവു തിരികെ ജയിലിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ ജാമ്യം നീട്ടിക്കിട്ടാൻ അപേക്ഷിക്കുകയോ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
റാവു ഇപ്പോൾ ഇപ്പോൾ മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ജാമ്യക്കാലാവധിയിലും വരവര റാവു മുംബൈയിൽ തന്നെ തുടരണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മോശപ്പെട്ട ആരോഗ്യാവസ്ഥയുള്ള റാവുവിനെ ഇനിയും തടങ്കലിൽ വെക്കുന്നത് ‘ക്രൂരവും മനുഷ്യത്വരഹിതവും അപമാനകര’വുമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഇന്ദിര ജെയ്സിംഗ് ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ കോടതി ഭരണഘടനയുടെ ആർട്ടിക്കിൾ 226 നടപ്പാക്കണമെന്നും ഇന്ദിര ജെയ്സിംഗ് ആവശ്യപ്പെട്ടിരുന്നു.